പവര്‍പ്ലേ പവറായി; പവര്‍ റെക്കോര്‍ഡുമായി ടീം ഇന്ത്യ, ടി20യില്‍ അഞ്ചാം തവണ മാത്രം!

By Jomit JoseFirst Published Sep 28, 2022, 8:01 PM IST
Highlights

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെറും 2.3 ഓവറില്‍ 9 റണ്‍സെടുത്ത് നില്‍ക്കേ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ച് വിക്കറ്റുകളും നഷ്‌ടമായിരുന്നു

കാര്യവട്ടം: സിക്‌സര്‍ മഴ കൊതിച്ചെത്തിയ ആരാധകര്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഒരുക്കിയ വിക്കറ്റ് വിരുന്ന്. അതാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടി20യില്‍ തുടക്കത്തിലെ കണ്ടത്. പേസര്‍മാരായ ദീപക് ചാഹറും അര്‍ഷ്‌ദീപ് സിംഗും കലക്കന്‍ ബോളുകളുമായി കളംനിറഞ്ഞപ്പോള്‍ പവര്‍പ്ലേയില്‍ പ്രോട്ടീസിന് അഞ്ച് വിക്കറ്റുകള്‍ നഷ്‌ടമായി. ഇതോടെ ഒരു റെക്കോര്‍ഡ് ഇന്ത്യന്‍ ടീം സ്വന്തമാക്കി. രാജ്യാന്തര ടി20യില്‍ പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ അഞ്ചാം തവണ മാത്രമാണ് ടീം ഇന്ത്യ അഞ്ച് വിക്കറ്റുകള്‍ പിഴുതെറിയുന്നത്. 

ഡര്‍ബനില്‍ 2007ലും(31/5), വിശാഖപട്ടണത്ത് 2016ലും(29/5), ലോഡര്‍ഹില്ലില്‍ 2019ലും(33/5), ദുബായില്‍ 2022ലുമായിരുന്നു(21/5) മുന്‍ സംഭവങ്ങള്‍. തിരുവനന്തപുരം ടി20യില്‍ ദക്ഷിണാഫ്രിക്ക പവര്‍പ്ലേ പൂര്‍ത്തിയാക്കുമ്പോള്‍ 30/5 എന്നതായിരുന്നു സ്‌കോര്‍. 

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെറും 2.3 ഓവറില്‍ 9 റണ്‍സെടുത്ത് നില്‍ക്കേ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ച് വിക്കറ്റുകളും നഷ്‌ടമായിരുന്നു എന്നതാണ് കൗതുകകരം. പേസര്‍ ദീപക് ചാഹര്‍ എറിഞ്ഞ ആദ്യ ഓവറിലെ അവസാന പന്തില്‍ ക്യാപ്റ്റനും ഓപ്പണറുമായ തെംബാ ബാവുമ പൂജ്യത്തില്‍ മടങ്ങി. നാല് പന്താണ് താരം നേരിട്ടത്. തൊട്ടടുത്ത ഓവറില്‍ മൂന്ന് വിക്കറ്റുമായി പേസര്‍ അര്‍ഷ്‌ദീപ് സിംഗിന്‍റെ താണ്ഡവമായിരുന്നു. വിക്കറ്റ് കീപ്പറും മറ്റൊരു ഓപ്പണറുമായ ക്വിന്‍റണ്‍ ഡികോക്ക് ഇന്‍സൈഡ് എഡ്‌ജില്‍ ബൗള്‍ഡായി. താരം നേടിയത് നാല് പന്തില്‍ 1 റണ്‍സ്. പിന്നാലെ റിലീ റൂസ്സോയും ഡേവിഡ് മില്ലറും അടുത്തടുത്ത പന്തുകള്‍ ഗോള്‍ഡന്‍ ഡക്കായി. വീണ്ടും ദീപക് ചാഹര്‍ പന്തെടുത്തപ്പോള്‍ മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അര്‍ഷ്‌ദീപിന്‍റെ ക്യാച്ചില്‍ അവസാനിച്ചു. സ്റ്റബ്‌സും ഗോള്‍ഡന്‍ ഡക്കായിരുന്നു. 

അര്‍ഷ്ദീപിന് ഒരോവറില്‍ മൂന്ന് വിക്കറ്റ്, തലപോയി ദക്ഷിണാഫ്രിക്ക; അഞ്ച് വിക്കറ്റ് നഷ്ടം
 

click me!