പോണ്ടിംഗിന്‍റെ റെക്കോര്‍ഡിന് ഒപ്പമെത്തി കിംഗ് കോലി; മുന്നില്‍ ഒരേയൊരു താരം

By Web TeamFirst Published Oct 11, 2019, 12:28 PM IST
Highlights

പുണെയില്‍ 173 പന്തില്‍ നൂറ് തികച്ചതോടെ 19 സെഞ്ചുറി നേടിയ ഓസീസ് ഇതിഹാസം റിക്കി പോണ്ടിംഗിന് ഒപ്പമെത്തി കോലി

പൂണെ: ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ 19-ാം സെഞ്ചുറിയുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി കാലെടുത്തുവെച്ചത് റെക്കോര്‍ഡ് ബുക്കില്‍. പുണെയില്‍ 173 പന്തില്‍ നൂറ് തികച്ചതോടെ ഓസീസ് ഇതിഹാസം റിക്കി പോണ്ടിംഗിന് ഒപ്പമെത്തി കോലി. ടെസ്റ്റില്‍ കൂടുതല്‍ സെഞ്ചുറി നേടിയ നായകന്‍മാരില്‍ ദക്ഷിണാഫ്രിക്കന്‍ മുന്‍ ക്യാപ്റ്റന്‍ ഗ്രേം സ്‌മിത്ത് മാത്രമാണ് കോലിക്ക് മുന്നിലുള്ളത്.

109 മത്സരങ്ങളില്‍ നിന്നാണ് സ്‌മിത്ത് 25 സെഞ്ചുറികള്‍ അടിച്ചുകൂട്ടിയത്. ഇതില്‍ 17 എണ്ണം വിദേശമണ്ണിലായിരുന്നു. പോണ്ടിംഗ് 77 ടെസ്റ്റില്‍ നിന്ന് 19 സെഞ്ചുറികള്‍ നേടിയപ്പോള്‍ 50-ാം ടെസ്റ്റിലാണ് കോലി റെക്കോര്‍ഡിന് ഒപ്പമെത്തിയത് എന്നതാണ് ശ്രദ്ധേയം. 15 സെഞ്ചുറികള്‍ വീതം നേടിയ അലന്‍ ബോര്‍ഡര്‍, സ്റ്റീവ് വോ, സ്റ്റീവ് സ്‌മിത്ത് എന്നിവരാണ് മൂന്നാം സ്ഥാനത്ത്. 

ടെസ്റ്റ് കരിയറിലെ 26-ാം സെഞ്ചുറിയും ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ഹോം ടെസ്റ്റിലെ ആദ്യ ശതകവുമാണ് പൂണെയില്‍ കോലി പൂര്‍ത്തിയാക്കിയത്. ഈ വര്‍ഷം ആദ്യമായാണ് കോലി ടെസ്റ്റില്‍ നൂറ് തികയ്‌ക്കുന്നത്. കഴിഞ്ഞ 10 ഇന്നിംഗ്‌സുകളിലും മൂന്നക്കം തികയ്‌ക്കാന്‍ കോലിക്കായിരുന്നില്ല. കുറഞ്ഞ ഇന്നിംഗ്‌സുകളില്‍ 26 സെഞ്ചുറി പൂര്‍ത്തിയാക്കിയ താരങ്ങളില്‍ ഡോണ്‍ ബ്രാഡ്‌മാനും സ്റ്റീവ് സ്‌മിത്തിനും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കും പിന്നില്‍ നാലാമതെത്താനും കോലിക്കായി. 

click me!