
ദില്ലി: ദക്ഷിണാഫ്രിക്കന്‍ (South Africa) ക്രിക്കറ്റില്‍ അകത്തും പുറത്തുമായി നില്‍ക്കുന്ന താരമാണ് വെയ്ന്‍ പാര്‍നെല്‍ (Wayne Parnell). വിവിധ രാജ്യങ്ങളിലെ ഫ്രാഞ്ചൈസി ക്രിക്കറ്റുകളില്‍ ഭാഗമാവാറുണ്ട് അദ്ദേഹം. 32കാരനായ പാര്‍നെല്ലിനെ ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ആദ്യ രണ്ട് ഓവറുകള്‍ക്കിടെ താരം ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ റിതുരാജ് ഗെയ്കവാദിനെയാണ് (Ruturaj Gaikwad) പാര്‍നെല്‍ പുറത്താക്കിയത്.
അദ്ദേഹത്തിന്റെ തിരിച്ചുവരവിന് ഒരു പ്രത്യേകതയുണ്ട്. ഇതിന് മുമ്പ് 2017ലാണ് പാര്‍നെല്‍ അവസാനമായി ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കളിച്ചത്. ഇതിനിടെ 51 ടി20 മത്സരങ്ങള്‍ താരത്തിന് നഷ്ട്മായി. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റില്‍ രണ്ട് ടി20 മത്സരങ്ങള്‍ തമ്മില്‍ ഇത്രയും വലിയ ഇടവേളയെടുക്കുന്ന രണ്ടാമത്തെ താരമാണ് പാര്‍നെല്‍. ഒന്നാമന്‍ ഹീനോ കുന്‍. ദക്ഷിണാഫ്രിക്കയ്ക്കായി ഏഴ് ടി20 മത്സരങ്ങള്‍ മാത്രമാണ് താരം കളിച്ചത്. 2011ല്‍ ടി20 ജേഴ്‌സി അണിഞ്ഞെങ്കിലും പിന്നീടൊരിക്കല്‍ ടി20 കളിക്കാന്‍ 2017 വരെ കാത്തിരിക്കേണ്ടി വന്നു.
മോര്‍ണെ വാന്‍ വിങ്കാണ് ഇക്കാര്യത്തില്‍ മൂന്നാമനായി. 2011-15ന് ഇടയില്‍ താരത്തിന് 35 ടി20 മത്സരങ്ങള്‍ നഷ്ടമായിരുന്നു. മര്‍ച്ചന്റ് ഡി ലാംഗെയും ഇക്കൂട്ടത്തിലുണ്ട്. 2012- 14ന് ഇടയില്‍ ഡി ലാംഗെയില്ലാതെ 29 മത്സരങ്ങളാണ് ദക്ഷിണാഫ്രിക്ക കളിച്ചത്. 2014ല്‍ അദ്ദേഹം ടീമില്‍ തിരിച്ചെത്തുകയും ചെയ്തു. എന്നാല്‍ മോശം പ്രകടനത്തിന് പിന്നാലെ അദ്ദേഹത്തിന് സ്ഥാനം നിലനിര്‍ത്താനായില്ല.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 41 ടി20 മത്സരങ്ങള്‍ പാര്‍നെല്‍ കളിച്ചിട്ടുണ്ട്. 42 വിക്കറ്റാണ് താരത്തിന്റെ സമ്പാദ്യം. 13 റണ്‍സിന് നാല് വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം. 67 ഏകദിനങ്ങളും ദക്ഷിണാഫ്രിക്കന്‍ ജേഴ്‌സിയില്‍ കളിച്ചു. 95 വിക്കറ്റ് നേടി. 48 റണ്‍സിന് അഞ്ച് വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം. ആറ് ടെസ്റ്റുകളും പാര്‍നെല്‍ കളിച്ചു. 15 വിക്കറ്റും വീഴ്ത്തി.
അതേസമയം, ആദ്യ ടി20യില്‍ മികച്ച നിലയിലാണ് ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആതിഥേയര്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 16 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തിട്ടുണ്ട്. റിതുരാജ് ഗെയ്കവാദ് (23), ഇഷാന്‍ കിഷന്‍ (76) എന്നിവരാണ് പുറത്തായത്. ശ്രേയസ് അയ്യര്‍ (36), ക്യാപ്റ്റന്‍ റിഷഭ് പന്ത് (7) എന്നിവരാണ് ക്രീസില്‍.
ഇന്ത്യന്‍ ടീം : ഇഷാന്‍ കിഷന്‍, റിതുരാജ് ഗെയ്കവാദ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, യൂസ്‌വേന്ദ്ര ചാഹല്‍, ആവേഷ് ഖാന്‍.