കാര്യവട്ടത്ത് വീണ്ടും ക്രിക്കറ്റ് ആവേശം; ടീമുകള്‍ ഇന്ന് സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങും

By Web TeamFirst Published Jan 14, 2023, 7:35 AM IST
Highlights

ജയത്തോടെ നാണക്കേട് ഒഴിവാക്കാനാണ് ശ്രീലങ്ക ഇറങ്ങുന്നത്. ആദ്യ രണ്ട് ഏകദിനങ്ങളുടെ ഇന്ത്യ ജയിച്ചിരുന്നു. 

തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും ക്രിക്കറ്റ് ആരവം. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന അന്താരാഷ്ട്ര മൽസരത്തിൽ ഇന്ത്യ നാളെ ശ്രീലങ്കയെ നേരിടും. ഇന്നലെ തിരുവനന്തപുരത്ത് എത്തിയ ടീം അംഗങ്ങൾ ഇന്ന് സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങും. ഉച്ചയ്ക്ക് ഒരു മണി മുതൽ നാല് വരെ ശ്രീലങ്കയും വൈകിട്ട് അഞ്ച് മുതൽ എട്ട് വരെ ഇന്ത്യൻ ടീമും പരിശീലനം നടത്തും. ഏകദിന പരമ്പര തൂത്തുവാരുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ജയത്തോടെ നാണക്കേട് ഒഴിവാക്കാനാണ് ശ്രീലങ്ക ഇറങ്ങുന്നത്. ആദ്യ രണ്ട് ഏകദിനങ്ങളുടെ ഇന്ത്യ ജയിച്ചിരുന്നു. 

നാളെ നാളെ രാവിലെ 11.30 മുതൽ കാണികളെ സ്റ്റേഡിയത്തിലേക്ക് കയറ്റിത്തുടങ്ങും. 800 പൊലീസുകാർക്കാണ് നഗരത്തിലെ സുരക്ഷാ, ഗതാഗത ക്രമീകരണങ്ങളുടെ ചുമതല. 

ടീമുകള്‍ക്ക് ആവേശ സ്വീകരണം 

കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം ഏകദിന മത്സരത്തിന് ശേഷം എയര്‍ വിസ്‌താരയുടെ പ്രത്യേക വിമാനത്തില്‍ 13ന് വൈകിട്ട് നാല് മണിയോടെയാണ് ഇന്ത്യ, ശ്രീലങ്ക ടീമുകള്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഇന്ത്യൻ ടീമാണ് ആദ്യം വിമാനമിറങ്ങിയത്. തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ രാജീവിന്‍റെ നേതൃത്വത്തില്‍ വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലില്‍ ടീമുകളെ സ്വീകരിച്ചു. സ്വീകരണത്തിന് ശേഷം ഇന്ത്യന്‍ ടീം ഹോട്ടല്‍ ഹയാത്തിലേക്കും ശ്രീലങ്കന്‍ ടീം ഹോട്ടല്‍ താജ് വിവാന്തയിലേക്കും പോയി. ഇന്ത്യന്‍ താരങ്ങളെ വരവേല്‍ക്കാന്‍ ആരാധകര്‍ വിമാനത്താവളത്തിന് പുറത്തെത്തിയിരുന്നു. 

ദ്രാവിഡ് വരുമോ? 

മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഇല്ലാതെയാണ് ഇന്ത്യന്‍ ടീം തിരുവനന്തപുരത്ത് എത്തിയത്. ആരോഗ്യപരമായ കാരണങ്ങളാല്‍ രണ്ടാം ഏകദിനത്തിനുശേഷം ദ്രാവിഡ് കൊല്‍ക്കത്തയില്‍ നിന്ന് നേരെ ബെംഗളൂരുവിലേക്ക് പോയിരുന്നു. ഞായറാഴ്ച നടക്കുന്ന മൂന്നാം മത്സരത്തിന് മുമ്പ് ദ്രാവിഡ് ടീമിനൊപ്പം ചേരുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ല. 

കാര്യവട്ടം ഏകദിനം: ഇന്ത്യ, ശ്രീലങ്ക ടീമുകള്‍ തിരുവനന്തപുരത്ത് എത്തി; നാളെ പരിശീലനത്തിന് ഇറങ്ങും

click me!