IND vs WI: പ്രസിദ്ധ് എറിഞ്ഞിട്ടു, വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യക്ക് ഏകദിന പരമ്പര

Published : Feb 09, 2022, 09:48 PM ISTUpdated : Feb 09, 2022, 09:53 PM IST
IND vs WI: പ്രസിദ്ധ് എറിഞ്ഞിട്ടു, വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യക്ക് ഏകദിന പരമ്പര

Synopsis

ആദ്യ ബൗളിംഗ് മാറ്റമായി എത്തിയ പ്രസിദ്ധ് കൃഷ്ണ തന്‍റെ ആദ്യ ഓവറില്‍ തന്നെ കിംഗിനെ(18) മടക്കി ആദ്യ പ്രഹരമേല്‍പ്പിച്ചു. തന്‍റെ രണ്ടാം ഓവറില്‍ ഡാരന്‍ ബ്രാവോയെ(1) റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ച പ്രസിദ്ധ് ഇരട്ട പ്രഹരമേല്‍പ്പിച്ചതോടെ വിന്‍ഡീസ് റിവേഴ്സ് ഗിയറിലായി.

അഹമ്മദാബാദ്: പേസര്‍ പ്രസിദ്ധ് കൃഷ്ണയുടെ ബൗളിംഗ് മികവില്‍ വിന്‍ഡീസിനെ 44 റണ്‍സിന് വീഴ്ത്തി ഇന്ത്യ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര 2-0ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 238 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 46 ഓവറില്‍ 193 റണ്‍സിന് ഓള്‍ ഔട്ടായി. ഒമ്പതോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത പ്രസിദ്ധ് കൃഷ്ണയാണ് വിന്‍ഡീസിനെ എറിഞ്ഞിട്ടത്. ഏകദിന ക്യാപ്റ്റനെന്ന നിലയില്‍ അരങ്ങേറ്റം കുറിച്ച രോഹിത് ശര്‍മക്ക് ആദ്യ പരമ്പരയില്‍ വിജയത്തുടക്കമിടാനായി. സ്കോര്‍ ഇന്ത്യ 50 ഓവറില്‍ 237-9, വെസ്റ്റ് ഇന്‍ഡീസ് 46 ഓവറില്‍ 193ന് ഓള്‍ ഔട്ട്.

പ്രസിദ്ധിനുമുന്നില്‍ മുട്ടുമടക്കി വിന്‍ഡീസ്

താരമ്യേന ചെറിയ വിജയലക്ഷ്യം തേടിയിറങ്ങിയ വിന്‍ഡീസിന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ ബ്രണ്ടന്‍ കിംഗും ഷായ് ഹോപ്പും ചേര്‍ന്ന് നല്‍കിയത് ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 7 ഓവറില്‍ 32 റണ്‍സടിച്ചു. എന്നാല്‍ ആദ്യ ബൗളിംഗ് മാറ്റമായി എത്തിയ പ്രസിദ്ധ് കൃഷ്ണ തന്‍റെ ആദ്യ ഓവറില്‍ തന്നെ കിംഗിനെ(18) മടക്കി ആദ്യ പ്രഹരമേല്‍പ്പിച്ചു. തന്‍റെ രണ്ടാം ഓവറില്‍ ഡാരന്‍ ബ്രാവോയെ(1) റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ച പ്രസിദ്ധ് ഇരട്ട പ്രഹരമേല്‍പ്പിച്ചതോടെ വിന്‍ഡീസ് റിവേഴ്സ് ഗിയറിലായി.

വിന്‍ഡീസ് ടോട്ടല്‍ 50 കടന്നതിന് പിന്നാലെ വമ്പനടിക്ക് ശ്രമിച്ച ഷായ് ഹോപ്പിനെ(27) ചാഹല്‍ മടക്കി. പിന്നാലെ വിന്‍ഡീസ് നായകന്‍ നിക്കോളാസ് പുരാനെ(9) സ്ലിപ്പില്‍ രോഹിത്തിന്‍റെ കൈകളിലെത്തിച്ച് പ്രസദ്ധ് വിന്‍ഡീസിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. കഴിഞ്ഞ മത്സരത്തില്‍ ഹീറോ ജേസണ്‍ ഹോള്‍ഡറെ(2) ,ര്‍ദ്ദുല്‍ ഠാക്കൂറും സ്കോര്‍ 100 കടന്നതിന് പിന്നാലെ ഷമറാ ബ്രൂക്സിനെ(44) ദീപക് ഹൂഡയും മടക്കിയതോടെ വിന്‍ഡീസ് വമ്പന്‍ തോല്‍വി വഴങ്ങുമെന്ന് കരുതിയെങ്കിലും അങ്ങനെ കീഴടങ്ങാന്‍ വാലറ്റം തയാറായില്ല.

നെഞ്ചിടിപ്പ് കൂട്ടി വാലറ്റം

ഇന്ത്യയുടെ നെഞ്ചിടിപ്പ് കൂട്ടി വാലറ്റത്ത് അക്കീല്‍ ഹൊസൈനും(34), ഫാബിയന്‍ അലനും(13), ഒഡീന്‍ സ്മിത്തും(24) ചെറുത്തു നിന്നതോടെ ആഞ്ഞുപിടിച്ചാല്‍ വിന്‍ഡീസിനും ജയിക്കാമെന്നായി. എന്നാല്‍ സ്കോര്‍ 150 കടന്നതിന് പിന്നാലെ ഫാബിയന്‍ അലനെ മടക്കി സിറാജ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ അക്കീല്‍ ഹൊസൈനെ  ഠാക്കൂര്‍ മടക്കി. വാലറ്റത്ത് ഭീഷണിയായി നിലയുറപ്പിച്ച ഒഡീന്‍ സ്മിത്തിനെ(20 പന്തില്‍ 24) വാഷിംഗ്ടണ്‍ സുന്ദറും വീഴ്ത്തിയതോടെ വിന്‍ഡീസിന്‍റെ പോരാട്ടം അധികം നീണ്ടില്ല.

ഇന്ത്യക്കായി പ്രസിദ്ധ് കൃഷ് നാലു വിക്കറ്റെടുത്തപ്പോള്‍ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ രണ്ടും സിറാജ്, ചാഹല്‍, സുന്ദര്‍, ഹൂഡ എന്നിവര്‍ ഓരോ വിക്കറ്റുമെടുത്തു. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോലിയും ഓപ്പണറായി ഇറങ്ങിയ റിഷഭ് പന്തുംനിരാശപ്പെടുത്തിയപ്പോള്‍ സൂര്യകുമാര്‍ യാദവിന്‍റെയും കെ എല്‍ രാഹുലിന്‍റെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോര്‍ ഉയര്‍ത്തിയത്.

തുടക്കം തകര്‍ച്ചയോടെ

പതിവിന് വിപരീതമായി റിഷഭ് പന്തിനെ (Rishabh Pant) ഓപ്പണറാക്കിയാണ് ഇന്ത്യ ഇറങ്ങിയത്. രാഹുലിനെ (KL Rahul) മധ്യനിരയില്‍ കളിപ്പിക്കുന്നതിന്‍റെ ഭാഗമായിരുന്നു ഇത്. എന്നാല്‍ ഓപ്പണിംഗ് സഖ്യം മൂന്നാം ഓവറില്‍ തന്നെ പിരിഞ്ഞു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് (5) ആദ്യം മടങ്ങിയത്. കെമര്‍ റോച്ചിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ്പിന് ക്യാച്ച്. പന്തിനെ ഓപ്പണറാക്കാനുള്ള തീരുമാനവും പരാജയപ്പെട്ടു. തട്ടിയും മുട്ടിയും താരം അല്‍പനേരം ക്രീസില്‍ പിടിച്ചുനിന്നു. ആധികാരികതയോടെ കളിച്ച ഷോട്ട് പോലും പന്തിന്റെ ബാറ്റില്‍ നിന്ന് പിറന്നില്ല. 18 റണ്‍സ് മാത്രമെടുത്ത താരം ഒരു അനാവശ്യ ഷോട്ടില്‍ പുറത്തായി. ഓഫ് സ്റ്റംപിന് പുറത്തുവന്ന സ്മിത്തിന്റെ ഷോര്‍ട്ട് ബോള്‍ പുള്‍ ചെയ്യാനുള്ള ശ്രമം ജേസണ്‍ ഹോള്‍ഡറുടെ കൈകളില്‍ ഒതുങ്ങി.

കോലി വീണ്ടും നിരാശന്‍

അതേ ഓവറില്‍ അവസാന പന്തില്‍ കോലിയും മടങ്ങി. പതിവ്് രീതിയില്‍ തന്നെയായിരുന്നു കോലിയുടെ മടക്കം. സ്മിത്തിന്റെ ഓഫ്സ്റ്റംപിന് പുറത്തുവന്ന് പന്ത് ബാറ്റിലുരസി വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക്. പുറത്താവുന്നതിന് മുമ്പ് മൂന്ന് ബൗണ്ടറികള്‍ കോലി നേടിയിരുന്നു. പൊടുന്നനെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായതോടെ ശ്രദ്ധയോടെയാണ് രാഹുല്‍- സൂര്യകുമാര്‍ സഖ്യം കളിച്ചത്.
പന്ത്രണ്ടാം ഓവറില്‍ 43-3 എന്ന സ്കോറില്‍ പതറിയ ഇന്ത്യയെ നാലാം വിക്കറ്റില്‍ 91 റണ്‍സടിച്ച രാഹുല്‍-സൂര്യകുമാര്‍ സഖ്യമാണ് കരകയറ്റിയത്. 48 പന്തില്‍ 49 റണ്‍സെടുത്ത് മികച്ച ഫോമിലായിരുന്ന രാഹുല്‍ റണ്ണൗട്ടായത് ഇന്ത്യക്ക് തിരിച്ചടിയായി. രാഹുല്‍ പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 134 റണ്‍സിലെത്തിയിരുന്നു. രാഹുലിനുശേഷം വാഷിംഗ്ടണ്‍ സുന്ദറാണ് ക്രീസിലെത്തിയത്. സൂര്യകുമാറിന് മികച്ച പിന്തുണ നല്‍കിയ സുന്ദര്‍ ഇന്ത്യയെ 150 കടത്തി.

70 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ സൂര്യകുമാര്‍ 39-ാം ഓവറില്‍ ഫാബിയന്‍ അലന് മുന്നില്‍ വീണത് ഇന്ത്യക്ക് കനത്ത പ്രഹരമായി. ഈ സമയം ഇന്ത്യന്‍ ടോട്ടല്‍ 177 റണ്‍സിലെത്തിയിരുന്നു. 83 പന്തില്‍ അഞ്ച് ബൗണ്ടറികള്‍ അടക്കം 64 റണ്‍സെടുത്താണ് സൂര്യകകുമാര്‍ മടങ്ങിയത്.

വാലറ്റത്തെ കൂട്ടുപിടിച്ച് ഹൂഡ പൊരുതി

സൂര്യകുമാര്‍ പുറത്തായെങ്കിലും ദീപക് ഹൂഡയുടെയും വാഷിംഗ്ടണ്‍ സുന്ദറിന്‍റെയും(24) ചെറുത്തുനില്‍പ്പ് ഇന്ത്യയെ 200 കടത്തി. അവസാന ഓവറുകളില്‍ വാലറ്റക്കാരെ കൂട്ടുപിടിച്ച് ഹൂഡ നടത്തിയ പോരാട്ടമാണ് ഇന്ത്യയെ റണ്‍സിലെത്തിച്ചത്.  വിന്‍ഡീസിനായി അല്‍സാരി ജോസഫും ഒഡീന്‍ സ്മിത്തും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ കെമര്‍ റോച്ചും അക്കീല്‍ ഹൊസൈനും  ഫാബിയന്‍ അലനും ഓരോ വിക്കറ്റെടുത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ന്യൂസിലന്‍ഡിന്‍റെ തകര്‍ച്ചക്ക് തുടക്കമിട്ടത് സഞ്ജുവിന്‍റെ ബ്രില്യൻസ്, പറക്കും ക്യാച്ച്, പിന്നാലെ രണ്ട് ഭീമാബദ്ധങ്ങളും
ഇന്ത്യ-ന്യൂസിലൻഡ് കാര്യവട്ടം ടി20: വിദ്യാർത്ഥികൾക്ക് ടിക്കറ്റ് നിരക്കിൽ വന്‍ ഇളവ് പ്രഖ്യാപിച്ച് കെസിഎ