
അഹമ്മദാബാദ്: രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം നിശ്ചിത ഓവര്‍ ക്രിക്കറ്റിലേക്ക് തകര്‍പ്പന്‍ തിരിച്ചുവരവാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) നടത്തിയത്. ദക്ഷിണാഫ്രിക്കന്‍ (SA vs IND) പര്യടനം താരത്തിന് പരിക്കിനെ തുടര്‍ന്ന് നഷ്ടമായിരുന്നു. ഫിറ്റ്‌നെസ് വീണ്ടെടുത്ത ശേഷമാണ് രോഹിത് വിന്‍ഡീസിനെതിരെ (IND vs WI) ഇന്ത്യയെ നയിക്കാനെത്തിയത്.
മുഴുവന്‍സമയ ക്യാപ്റ്റനായ ശേഷം രോഹിത്തിന്റെ ആദ്യ മത്സരമായിരുന്നത്. മികച്ച തീരുമാനമെടുക്കുന്നതോടൊപ്പം ബാറ്റിംഗില്‍ മുന്നില്‍ നിന്ന് നയിക്കുകയും ചെയ്തു. 177 റണ്‍സ് പിന്തുടരുമ്പോള്‍ ഇന്ത്യക്ക് തുണയായത് രോഹിത്തിന്റെ 60 റണ്‍സാണ്. 10 ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്‌സ്.
ഇപ്പോള്‍ അപൂര്‍വമായ ഒരു റെക്കോര്‍ഡിനരികെയാണ് രോഹിത്. ഏകദിനത്തില്‍ 250 സിക്‌സുകള്‍ പൂര്‍ത്തിയാക്കാന്‍ രോഹിത് ഇനി അഞ്ച് സിക്‌സുകള്‍ കൂടി മതി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് രോഹിത്തിനെ കാത്തിരിക്കുന്നത്. ഈ ഫോമില്‍ രോഹിത് അനയാസം റെക്കോഡ് സ്വന്തമാക്കുമെന്നാണ് കരുതപ്പെടുന്നത്.
രണ്ട് മത്സരങ്ങള്‍ കൂടി പരമ്പരയില്‍ ബാക്കിയുണ്ട്. ഇതില്‍ നാളെയാണ് രണ്ടാം ഏകദിനം. രോഹിത്തിന്റെ ബാറ്റില്‍ നിന്ന് വലിയ സ്‌കോര്‍ പിറന്നാല്‍ രണ്ടാം ഏകദിനത്തില്‍ തന്നെ ഈ റെക്കോര്‍ഡ് പോക്കറ്റിലാക്കും. ആദ്യ മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ വിന്‍ഡീസ് 43.5 ഓവറില്‍ എല്ലാവരും പുറത്തായിരുന്നു. യൂസ്‌വേന്ദ്ര ചാഹലിന്റെ നാല് വിക്കറ്റാണ് സന്ദര്‍ശകരെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. രണ്ടാം ഏകദിനവും ജയിച്ച് നേരത്തെ പരമ്പര സ്വന്തമാക്കാനായിക്കും രോഹിത്തും സംഘവും നാളെയിറങ്ങുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!