
അഹമ്മദാബാദ്: നാളെയാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ (INDvWI) ഏകദിന പരമ്പര ആരംഭിക്കുന്നത്. രണ്ട് ഓപ്പണര്‍മാര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് കൊവിഡ് പോസിറ്റീവായതാണ് ടീം ഇന്ത്യയെ (Team India) അലട്ടുന്ന പ്രധാന പ്രശ്‌നം. ശിഖര്‍ ധവാന്‍ (Shikhar Dhawan), റിതുരാജ് ഗെയ്കവാദ് എന്നിവരാണ് ഐസൊലേഷനിലായ ഇന്ത്യന്‍ ഓപ്പണര്‍മാര്‍. പകരമെത്തിയ മായങ്ക് അഗര്‍വാളാവട്ടെ ക്വാറന്റീനിലുമാണ്. രോഹിത്തിനൊപ്പം ആര് ഓപ്പണ്‍ ചെയ്യു്‌മെന്നുള്ള ചോദ്യം ആശയക്കുഴപ്പത്തിലാക്കിയിരുന്നു.
എന്നാല്‍ ആശങ്കകള്‍ക്കെല്ലാം അവസാനമിട്ടിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. യുവതാരം ഇഷാന്‍ കിഷന്‍ തന്നോടൊപ്പം ഓപ്പണറാവുമെന്നാണ് രോഹിത് പറയുന്നത്. ക്യാപ്്റ്റന്റെ വാക്കുകള്‍... ''മായങ്ക് അഗര്‍വാള്‍ ക്വാറന്റീനിലാണ്. മുന്നിലുള്ള ഒരേയൊരു മാര്‍ഗം ഇഷാന്‍ കിഷനെ ഓപ്പണറാക്കുക എന്നുള്ളതാണ്. ഇഷാന്‍ എനിക്കൊപ്പം ഓപ്പണ്‍ ചെയ്യും.'' രോഹിത് വ്യക്തമാക്കി.
ആദ്യ ഏകദിനത്തിന് മുന്‍പായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രോഹിത്തിന്റെ വാക്കുകള്‍. ഗെയ്ക്‌വാദ്, ധവാന്‍ എന്നിവര്‍ക്ക് പുറമെ ശ്രേയസ് അയ്യര്‍, നവ്ദീപ് സെയ്നി എന്നിവര്‍ക്കാണ് ഇന്ത്യന്‍ ക്യാംപില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ ആദ്യ ഏകദിനവുമായി മുമ്പോട്ടും പോകാനായിരുന്നു ബിസിസിഐയുടെ തീരുമാനം. വീണ്ടും ഇന്ത്യന്‍ ക്യാംപില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നതോടെ ആദ്യ ഏകദിനം ഫെബ്രുവരി ആറിന് തന്നെ നടക്കുമെന്ന് ഉറപ്പായി.