
മുംബൈ: വെറും ഇരുപതാം വയസില്‍ രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള കടന്നുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ യുവ ബാറ്റര്‍ തിലക് വര്‍മ്മ. വെസ്റ്റ് ഇന്‍ഡീസിനെതിരെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ട്വന്‍റി 20 പരമ്പരയിലെ ആദ്യ മൂന്ന് കളികളിലും തിലകിന്‍റെ ബാറ്റ് ആത്മവിശ്വാസത്തോടെ റണ്ണൊഴുക്കുന്നത് ആരാധകര്‍ കണ്ടു. ടീം ഇന്ത്യയുടെ ഭാവി താരമെന്ന് പലരും വാഴ്‌ത്തുമ്പോള്‍ തിലക് വര്‍മ്മയെ പക്വത വന്ന താരം എന്നാണ് രോഹിത് വിശേഷിപ്പിക്കുന്നത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സില്‍ രോഹിത്തിന്‍റെ ക്യാപ്റ്റന്‍സിയില്‍ കളിച്ച താരമാണ് തിലക് വര്‍മ്മ.
'തിലക് വര്‍മ്മ ഏറെ പ്രതിഭാശാലിയായ താരമാണ്. റണ്‍സ് ദാഹമുള്ള താരം. അതാണ് വളരെ പ്രധാനം. വളരെ പക്വത ഇതിനകം കൈവരിച്ചിരിക്കുന്നു. എപ്പോഴാണ് പന്ത് ഹിറ്റ് ചെയ്യേണ്ടത് എന്ന് വ്യക്തമായി അറിയാവുന്ന താരമായാണ് തിലകുമായി സംസാരിക്കുമ്പോഴൊക്കെ തോന്നീട്ടുള്ളത്' എന്നും രോഹിത് ശര്‍മ്മ പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ച് ട്വന്‍റി 20കളുടെ പരമ്പരയില്‍ ആദ്യ മൂന്ന് കളികളില്‍ 39, 51, 49* എന്നിങ്ങനെയാണ് തിലക് വര്‍മ്മയുടെ സ്കോറുകള്‍. ഇതോടെ താരം ഐസിസി ടി20 ബാറ്റര്‍മാരുടെ റാങ്കിംഗില്‍ 21 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 46ലെത്തി.
ഐപിഎല്‍ 2022, 23 സീസണുകളില്‍ മുംബൈ ഇന്ത്യന്‍സിനായി പുറത്തെടുത്ത മികച്ച പ്രകടനത്തിലൂടെയാണ് തിലക് വര്‍മ്മ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ട്വന്‍റി 20 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കളിക്കാനിറങ്ങിയ ആദ്യ മത്സരത്തില്‍ 22 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും സഹിതം 39 റണ്‍സ് നേടി. രണ്ടാം കളിയില്‍ 41 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സോടെയും 51 റണ്‍സും സ്വന്തമാക്കി ഫോം തുടര്‍ന്നു. തിലകിന്‍റെ രാജ്യാന്തര കരിയറിലെ ആദ്യ ഫിഫ്റ്റിയാണിത്. മൂന്നാം മത്സരത്തില്‍ വ്യക്തിഗത സ്കോര്‍ 49ല്‍ നില്‍ക്കേ ടീം വിജയിച്ചതോടെ തുടര്‍ച്ചയായ രണ്ടാം ഫിഫ്റ്റി നേടാനുള്ള അവസരം നഷ്‌ടമായി. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി 25 ഇന്നിംഗ്‌സുകളില്‍ 38.95 ശരാശരിയിലും 144.53 സ്ട്രൈക്ക് റേറ്റിലും മൂന്ന് അര്‍ധസെഞ്ചുറികള്‍ സഹിതം 740 റണ്‍സ് തിലക് വര്‍മ്മ നേടിയിട്ടുണ്ട്.
Read more: ഇഷാന്‍, സഞ്ജു, രാഹുല്‍; ആര് വേണം ലോകകപ്പിന്? മറുപടി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!