
ഡല്‍ഹി: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിനായി ഇന്ത്യ-ഓസ്ട്രേലിയ ടീമുകള്‍ ഡല്‍ഹിയിലെത്തി. ഇന്ത്യന്‍ ടീം അംഗങ്ങള്‍ നാഗ്പൂരില്‍ നിന്ന് വിമാനമാര്‍ഗം ഡല്‍ഹിയിലെത്തിയപ്പോള്‍ നാഗ്പൂരില്‍ നിന്ന് നേരത്തെ ഡല്‍ഹിയിലെ വീട്ടിലേക്ക് പോയ ലോക്കല്‍ ബോയ് കൂടിയായ വിരാട് കോലി കാര്‍ ഓടിച്ചാണ് എത്തിയത്. ഓസ്ട്രേലിയന്‍ ടീം അംഗങ്ങളും ഇന്നലെ വൈകിട്ടോടെ ഡല്‍ഹിയിലത്തി. ഇന്നും നാളെയുമായി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ഇരു ടീമുകളും പരിശീലനത്തിനിറങ്ങും.
നാഗ്പൂരില്‍ നടന്ന ആദ്യ ടെസ്റ്റിലേതിന് സമാനമായി സ്പിന്‍ പിച്ച് തന്നെയായിരിക്കും ഡല്‍ഹിയിലും കാത്തിരിക്കുന്നത് എന്നാണ് ഓസ്ട്രേലിയയുടെ പ്രധാന ആശങ്ക. പരമ്പരാഗതമായി സ്പിന്നിനെ തുണക്കുന്ന പിച്ചാണ് ഡല്‍ഹിയിലേത്. 2013നുശേഷം മൂന്ന് ടെസ്റ്റുകളാണ് സ്റ്റേഡിയത്തില്‍ ഇതുവരെ നടന്നത്.
'അന്ന് ഗാംഗുലിക്കെതിരെ കോലി നുണ പറഞ്ഞു, തന്നെ ആര്‍ക്കും തൊടാനാവില്ലെന്ന കോലി കരുതി'; ചേതന്‍ ശര്‍മ
ഇതില്‍ 66 വിക്കറ്റുകളും സ്പിന്നര്‍മാര്‍ സ്വന്തമാക്കിയപ്പോള്‍ പേസര്‍മാര്‍ വീഴ്ത്തിയത് 30 വിക്കറ്റുകളാണ്. ദില്ലിയില്‍ ഇതിനു മുമ്പ് കളിച്ച നാല് ടെസ്റ്റുകളില്‍ മൂന്നെണ്ണത്തിലും തോറ്റുവെന്നതും ഓസ്ട്രേലിയയെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഒരു ജയം മാത്രമാണ് ഡല്‍ഹിയില്‍ ഓസ്ട്രേലിയക്ക് നേടാനായത്. അത് 1959ലായിരുന്നു. 2013ലാണ് ഇന്ത്യയും ഓസ്ട്രേലിയയും അവസാനമായി ദില്ലിയില്‍ ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചിരുന്നു.
നാഗ്പൂരിലേതുപോലെ ടോസ് ഇത്തവണയും നിര്‍ണായകമാകും. ഡല്‍ഹിയില്‍ ടോസ് നേടുന്ന ടീം ബാറ്റിംഗ് തെരഞ്ഞെടുക്കും. ടോസ് നേടി ബാറ്റിംഗിനിറങ്ങുന്ന ടീം മികച്ച സ്കോര്‍ ഉയര്‍ത്തിയാല്‍ സ്പിന്നര്‍മാരെ സഹായിക്കുന്ന പിച്ചില്‍ എതിര്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കാനാവും. നാഗ്പൂരില്‍ ടോസ് നേടിയിട്ടും ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ പക്ഷെ 177 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ 400 റണ്‍സടിച്ച ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയയെ 91 റണ്‍സിന് പുറത്താക്കി ഇന്നിംഗ്സിനും 132 റണ്‍സിനും ജയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!