സഞ്ജു ഇന്ത്യയുടെ അഭിമാനം, ലോകകിരീട നേട്ടത്തിൽ ഇന്ത്യൻ ടീമിനെ വാഴ്ത്തി മോദിയും രാഹുലും മുർമുവും; 'ഇന്ത്യയുടെ ഹൃദയത്തിൽ അഭിമാനവും സന്തോഷവും'

Published : Mar 08, 2026, 11:32 PM IST
sanju india

Synopsis

ടി20 ലോകകപ്പിൽ ചരിത്രവിജയം നേടിയ ഇന്ത്യൻ ടീമിനെ രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുൽ ഗാന്ധി എന്നിവർ അഭിനന്ദിച്ചു. ടീമിന്റെ പോരാട്ടവീര്യം ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ അഭിമാനം നിറച്ചുവെന്നും ഫൈനലിൽ മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസൺ അടക്കമുള്ള കളിക്കാർ അഭിനന്ദനം അർഹിക്കുന്നുവെന്നും അവർ പറഞ്ഞു

ടി20 ലോകകപ്പിലെ ചരിത്രവിജയത്തിലൂടെ ലോകകിരീടം നിലനിർത്തിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തി. ഇന്ത്യൻ ടീമിന്റെ അസാമാന്യമായ കഴിവും നിശ്ചയദാർഢ്യവും ഒത്തൊരുമയുമാണ് ഈ വിജയത്തിന് പിന്നിലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ടൂർണമെന്റിലുടനീളം ടീം പ്രകടിപ്പിച്ച പോരാട്ടവീര്യം ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ അഭിമാനവും സന്തോഷവും നിറച്ചുവെന്ന് മോദി എക്സിൽ കുറിച്ചു. ഇന്ത്യൻ മണ്ണിൽ തന്നെ കിരീടം നിലനിർത്താൻ സാധിച്ചത് മറക്കാനാവാത്ത നിമിഷമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഫൈനലിൽ മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജു സാംസണെയും ടൂർണമെന്റിലുടനീളം തിളങ്ങിയ ജസ്പ്രീത് ബുംറയെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. നീലപ്പടയുടെ ഈ ഉജ്ജ്വല വിജയം രാജ്യത്തിന് വലിയ ആഘോഷത്തിനുള്ള അവസരമാണ് നൽകിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചരിത്രപരമായ വിജയത്തിലൂടെ പുതിയ നാഴികക്കല്ലുകൾ പിന്നിട്ട ടീം ഇന്ത്യയെ രാഷ്ട്രപതി ദ്രൗപതി മുർമു അഭിനന്ദിച്ചു. മൂന്ന് തവണ കിരീടം നേടുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും തുടർച്ചയായി രണ്ട് തവണ ചാമ്പ്യന്മാരാകുന്ന ഏക ടീമെന്ന പദവിയും ഇന്ത്യക്ക് അഭിമാനകരമാണെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യത്തെ യുവാക്കളുടെ പ്രതിഭയുടെ അടയാളമാണ് ഈ വിജയമെന്നും ടീമിലെ ഓരോ കളിക്കാരും സപ്പോർട്ട് സ്റ്റാഫും അഭിനന്ദനം അർഹിക്കുന്നുവെന്നും അവർ വ്യക്തമാക്കി.

സര്‍വം സഞ്ജുമയം, മൂന്നാം തവണയും ടി20 ലോകകപ്പ് ഉയര്‍ത്തി ഇന്ത്യ

ന്യൂസിലന്‍ഡിനെ 96 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും ലോകകിരീടം ഉയര്‍ത്തിയത്. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ സഞ്ജു സാംസണിന്റെ (46 പന്തില്‍ 89) ഇന്നിംഗ്‌സാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഇഷാന്‍ കിഷന്‍ (25 പന്തില്‍ 54), അഭിഷേക് ശര്‍മ (21 പന്തില്‍ 52) എന്നിവര്‍ നിര്‍ണായക പിന്തുണ നല്‍കി. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 19 ഓവറില്‍ 159 റണ്‍സിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ ജസ്പ്രിത് ബുംറയാണ് ന്യൂസിലഡിനെ തകര്‍ത്തത്. 26 പന്തില്‍ 52 റണ്‍സ് നേടിയ ടിം സീഫെര്‍ട്ടാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. സഞ്ജു - അഭിഷേക് സഖ്യം ഇന്ത്യക്ക് നല്‍കിയത്. 98 റണ്‍സാണ് ഇരുവരും ഒന്നാം വിക്കറ്റില്‍ ചേര്‍ത്തത്. ഫോമിലേക്ക് തിരിച്ചെത്തിയ അഭിഷേക് 21 പന്തില്‍ 52 റണ്‍സ് നേടി. മൂന്ന് സിക്‌സും ആറ് ഫോറും നേടിയ അഭിഷേക് എട്ടാം ഓവറില്‍ രചിന്‍ രവീന്ദ്രയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന കിഷന്‍ - സഞ്ജു സഖ്യം 105 റണ്‍സ് കൂടി കൂട്ടിചേര്‍ത്തു. 15-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. നീഷമിന്റെ ആദ്യ പന്തില്‍ സഞ്ജു മടങ്ങി. ലോംഗ് ഓണില്‍ കോള്‍ മക്‌കോഞ്ഞിക്ക് ക്യാച്ച്. എട്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ക്രിസ് ഗെയിലിനെ പിന്നിലാക്കി സായ് സുദര്‍ശന്‍; ഐപിഎല്ലില്‍ അതിവേഗം 2000 റണ്‍സ് തികയ്ക്കുന്ന താരം
തിരിച്ചുവരവിനൊരുങ്ങി പാറ്റ് കമ്മിന്‍സ്; രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നയിച്ചേക്കും