ഇനിയും ക്വാറന്റൈന്‍ താങ്ങാനാവില്ല; ഓസ്‌ട്രേലിയ- ഇന്ത്യ നാലാം ടെസ്റ്റ് അനിശ്ചിതത്വത്തില്‍

By Web TeamFirst Published Jan 3, 2021, 1:00 PM IST
Highlights

മാനദണ്ഡങ്ങള്‍ പിന്തുടരേണ്ടി വരികയാണെങ്കില്‍ ഇന്ത്യന്‍ ടീം ബ്രിസ്‌ബേനിലേക്ക് യാത്ര ചെയ്യില്ലെന്ന നിലപാടില്‍ ടീം ഇന്ത്യ ഉറച്ചുനില്‍ക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മെല്‍ബണ്‍: ഓസ്‌ട്രേലിയ- ഇന്ത്യ അവസാന ടെസ്റ്റ് അനിശ്ചിതത്വത്തില്‍. ബ്രിസ്‌ബേനിലാണ് നാലാം ടെസ്റ്റ് നടക്കേണ്ടത്. എന്നാല്‍ സിഡ്‌നി ടെസ്റ്റിന് ശേഷം താരങ്ങള്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. ഈ ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് നല്‍കിയ മറുപടി. ഇനിയും രണ്ടാഴ്ച കൂടി ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ താരങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നാണ് ടീം മാനേജ്‌മെന്റ് പറയുന്നത്. ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മേല്‍പറഞ്ഞ മാനദണ്ഡങ്ങള്‍ പിന്തുടരേണ്ടി വരികയാണെങ്കില്‍ ഇന്ത്യന്‍ ടീം ബ്രിസ്‌ബേനിലേക്ക് യാത്ര ചെയ്യില്ലെന്ന നിലപാടില്‍ ടീം ഇന്ത്യ ഉറച്ചുനില്‍ക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിഡ്നിയിലാണ് ഈ മാസം ഏഴു മുതല്‍ മൂന്നാം ടെസ്റ്റ് നടക്കുന്നത്. നേരത്തെ ജനുവരി 15ന് ബ്രിസ്‌ബേന്‍ ടെസ്റ്റ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഷെഡ്യൂള്‍ മാറ്റണമെന്നുള്ള ആവശ്യം ക്വീന്‍സ്‌ലന്‍ഡ് ഭരണസമിതി മുന്നോട്ടുവച്ചു. ഐപിഎല്‍ കഴിഞ്ഞതിന് ശേഷം രണ്ടാഴ്ച്ച് ക്വാറന്റൈനിലായിരുന്നു താരങ്ങള്‍. പിന്നീട് രണ്ടാഴ്ച്ചയ്ക്ക് ശേഷമാണ് താരങ്ങള്‍ പരിശീലനത്തിന് ഇറങ്ങിയത്. യുഎഇയില്‍ ഐപിഎല്ലിന് എത്തിയപ്പോഴും രണ്ടാഴ്ച്ച ക്വാറന്റൈനുണ്ടായിരുന്നു. 

എന്നാല്‍ രണ്ട് ടീമിന്റെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ അവരുടെ തീരുമാനം ഔദ്യോഗികമായി ക്വീന്‍സ്‌ലന്‍ഡ് ഭരണസമിതിയെ അറിയിച്ചിട്ടില്ല. ബ്രിസ്‌ബേനിലേക്ക് പോകാന്‍ തയ്യാറല്ലെങ്കില്‍ നാലാം ടെസ്റ്റും സിഡ്‌നിയില്‍ തന്ന കളിച്ചേക്കുമെന്നാണ് സൂചന. എന്നാല്‍ മെല്‍ബണില്‍ ബൗണ്‍സുള്ള ഗബ്ബ പിച്ച് ഒഴിവാക്കുന്നതിനായിട്ടാണ് ഇന്ത്യ ഇത്തരത്തില്‍ കാണിക്കുന്നതെന്നാണ് ഓസ്‌ട്രേലിയന്‍ ആരാധകരുടെ വാദം.

രോഹിത് ശര്‍മ ഉള്‍പ്പെടെ അഞ്ചു താരങ്ങള്‍ മെല്‍ബണിലെ റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ പോയതിന്റെ പേരില്‍ കഴിഞ്ഞ ദിവസം പ്രതിക്കൂട്ടിലായിരുന്നു. അതിന് പിന്നാലെയാണ് പരമ്പരയില്‍ മറ്റൊരു വിവാദം. ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, പൃഥ്വി ഷാ, നവ്ദീപ് സൈനി എന്നിരാണ് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പുറത്തുപോയി ഭക്ഷണം കഴിച്ചത്. ഇവര്‍ ഐസൊലേഷനില്‍ പോയിരുന്നു.

click me!