രഹാനെ മുന്നില്‍ നിന്ന് നയിക്കുന്നു; ഓസീസിനെതിരെ ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ലീഡിലേക്ക്

By Web TeamFirst Published Dec 27, 2020, 10:02 AM IST
Highlights

മെല്‍ബണില്‍ ചായയ്ക്ക് പിരിയുമ്പോള്‍ ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 195നെതിരെ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തിട്ടുണ്ട്. ഓസീസിന്റെ സ്‌കോറിനോട് ആറ് റണ്‍സ് മാത്രം പിറകിലാണ് ഇന്ത്യ.

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ലീഡിലേക്ക്. മെല്‍ബണില്‍ ചായയ്ക്ക് പിരിയുമ്പോള്‍ ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 195നെതിരെ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തിട്ടുണ്ട്. ഓസീസിന്റെ സ്‌കോറിനോട് ആറ് റണ്‍സ് മാത്രം പിറകിലാണ് ഇന്ത്യ. അജിന്‍ക്യ രഹാനെ (53), രവീന്ദ്ര ജഡേജ (4) എന്നിവരാണ് ക്രീസില്‍. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

ഇന്ന് നഷ്ടമായത് നാല് വിക്കറ്റുകള്‍

ഒന്നിന് 36 എന്ന നിലയിലാണ് ഇന്ത്യ രണ്ടാംദിനം ആരംഭിച്ചത്. രണ്ടാംദിനം തുടങ്ങി ആദ്യ രണ്ട് സെഷന്‍ പിന്നിടുമ്പോള്‍ ശുഭ്മാന്‍ ഗില്‍ (45), ചേതേശ്വര്‍ പൂജാര (17), ഹനുമ വിഹാരി (21), ഋഷഭ് പന്ത് (29) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ഇന്നലെ മായങ്ക് അഗര്‍വാള്‍ റണ്‍സൊന്നുമെടുക്കാതെ മടങ്ങിയിരുന്നു. തലേദിവസത്തെ സ്‌കോറിനോട് 25 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. നന്നായി കളിക്കുകയായിരുന്ന ഗില്ലാണ് ആദ്യം മടങ്ങിയത്. എഡ്ജ് ചെയ്ത പന്ത് വിക്കറ്റ് കീപ്പര്‍ ടിം പെയ്ന്‍ അനായാസം കയ്യിലൊതുക്കി. എട്ട് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു അരങ്ങേറ്റക്കാരന്റെ ഇന്നിങ്‌സ്. 

കമ്മിന്‍സിന്റെ തൊട്ടടുത്ത ഓവറില്‍ പൂജാരയും മടങ്ങി. പെയ്‌നിന്റെ തകര്‍പ്പന്‍ ക്യാച്ചാണ് ഇന്ത്യയുടെ വിശ്വസ്ത താരത്തിന് പുറത്തേക്കുള്ള വഴിയൊരുക്കിയത്. പൂജാരയുടെ ബാറ്റിലുരസിയ പന്ത് വലത്തോട്ട് ഡൈവ് ചെയ്ത് പെയ്ന്‍ മനോഹരമായി പിടിച്ചെടുത്തു. ഒരു ബൗണ്ടറി മാത്രമായിരുന്നു പൂജാരയുടെ ഇന്നിങ്‌സിലുണ്ടായിരുന്നത്. തുടര്‍ച്ചയായ മൂന്നാം ഇന്നിങ്‌സിലും പൂജാരയ്ക്ക് തിളങ്ങാനായില്ല. 

വിഹാരി പ്രതീക്ഷ നല്‍കുന്ന രീതിയിലാണ് തുടങ്ങിയത്. എന്നാല്‍ നതാന്‍ ലിയോണിന്റെ പന്തില്‍ താരം പുറത്തായി. സ്വീപ് ചെയ്യാനുള്ള ശ്രമത്തില്‍ എഡ്ജായ പന്ത് സ്ലിപ്പില്‍ സ്റ്റീവന്‍ സ്മിത്ത് കയ്യിലൊതുക്കി. പിന്നീടെത്തിയ പന്തും മോഹിപ്പിച്ചാണ് മടങ്ങിയത്. ക്യാപ്റ്റനൊപ്പം 57 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ പന്തിനായി. എന്നാല്‍ തുടക്കം മുതലാക്കാന്‍ പന്തിനും ആയില്ല. സ്റ്റാര്‍ക്കിന്റെ പന്തില്‍ പെയ്‌നിന് ക്യാച്ച് നല്‍കി മടങ്ങി. നേരത്തെ ഇന്ത്യന്‍ ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ തന്നെ മായങ്ക് മടങ്ങിയിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു മായങ്ക്.

മുന്നില്‍ നിന്ന് നയിച്ച് രഹാനെ

ക്യാപ്റ്റനെ നിലയില്‍ ഇതിനോടകം രഹാനെ നല്ല അഭിപ്രായം നേടിക്കഴിഞ്ഞു. രഹാനെയുടെ ഫീല്‍ഡ് പ്ലേസിങ്ങും ബൗളിങ് മാറ്റങ്ങളുമാണ് ഓസീസിനെ നിയന്ത്രിച്ച് നിര്‍ത്തിയത്. ഇപ്പോള്‍ ബാറ്റിങ്ങിലും താരം ക്യാപ്റ്റന്റെ റോള്‍ പുറത്തെടുത്തു. ഒരറ്റം വിക്കറ്റ് വലിച്ചെറിയുമ്പോഴും ആവേശം കാണിക്കാതെയാണ് രഹാനെ കളിച്ചത്. മോശം പന്തുകള്‍ മാത്രം ബൗണ്ടറി കടത്തിയ താരം ഇതുവരെ 121 പന്തുകള്‍ നേരിട്ടു. അഞ്ച് ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് 53 റണ്‍സെടുത്തത്. നാല് റണ്‍സുമായി ജഡേജയാണ് രഹാനെയ്ക്ക് കൂട്ട്.

ഓസീസിനെ ഒതുക്കിയത് ബൗളര്‍മാരുടെ ഓള്‍റൗണ്ട് പ്രകടനം

ഇന്ത്യന്‍ ബൗളര്‍മാരുടെ ഓള്‍റൗണ്ട് പ്രകടനമാണ് ഓസീസിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ജസ്പ്രീത് ബുമ്ര നാലും ആര്‍ അശ്വിന്‍ മൂന്നും വിക്കറ്റ് നേടി. അരങ്ങേറ്റക്കാന്‍ മുഹമ്മദ് സിറാജ് രണ്ട് പേരെ പുറത്താക്കിയപ്പോള്‍ ശേഷിക്കുന്ന ഒരു വിക്കറ്റ് രവീന്ദ്ര ജഡേജ സ്വന്തമാക്കി. 48 റണ്‍സ് നേടിയ മര്‍നസ് ലബുഷാനെയാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ട്രാവിസ് ഹെഡ് (38), മാത്യു വെയ്ഡ് (30), നതാന്‍ ലിയോണ്‍ (20) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 

ജോ ബേണ്‍സ് (0), സ്റ്റീവന്‍ സ്മിത്ത് (0), കാമറൂണ്‍ ഗ്രീന്‍ (12), ടി പെയ്ന്‍ (13), പാറ്റ് കമ്മിന്‍സ് (9), മിച്ചല്‍ സ്റ്റാര്‍ക്ക് (7) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ജോഷ് ഹേസല്‍വുഡ് (4) പുറത്താവാതെ നിന്നു.

click me!