ഓസീസിനെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം; സഞ്ജു- രാഹുല്‍ സഖ്യം ക്രീസില്‍

By Web TeamFirst Published Dec 4, 2020, 2:24 PM IST
Highlights

മൂന്നാം ഓവറിന്റെ അഞ്ചാം പന്തില്‍ തന്നെ ഇന്ത്യക്ക് ധവാനെ നഷ്ടമായി. ഒരു റണ്‍സ് മാത്രമെടുത്ത ധവാനെ മിച്ചല്‍ സ്റ്റാര്‍ക്ക് മനോഹമരമായ ഒരു പന്തില്‍ ബൗള്‍ഡാക്കുകയായിരുന്നു.
 

കാന്‍ബറ: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടം. കാന്‍ബറ, മാനുക ഓവലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒമ്പത് ഓവറില്‍ രണ്ടിന് 68 എന്ന നിലയിലാണ്. ശിഖര്‍ ധവാന്‍ (1), വിരാട് കോലി (9) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. കെ എല്‍ രാഹുല്‍ (45), സഞ്ജു സാംസണ്‍ (11) എന്നിവരാണ് ക്രീസില്‍.

മൂന്നാം ഓവറിന്റെ അഞ്ചാം പന്തില്‍ തന്നെ ഇന്ത്യക്ക് ധവാനെ നഷ്ടമായി. ഒരു റണ്‍സ് മാത്രമെടുത്ത ധവാനെ മിച്ചല്‍ സ്റ്റാര്‍ക്ക് മനോഹമരമായ ഒരു പന്തില്‍ ബൗള്‍ഡാക്കുകയായിരുന്നു. ക്യാപ്റ്റന്‍ കോലിയാവട്ടെ മിച്ചല്‍ സ്വെപ്‌സണ്‍ റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങി. കോലി- രാഹുല്‍ സഖ്യം 37 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നേരത്തെ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച ടി നടരാജനെ ടി20 ടീമിലും ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ഏകദിന പരമ്പരയില്‍ അവസരം ലഭിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസണും ടീമിലെത്തി.

ശ്രേയസ് അയ്യര്‍ പുറത്തായപ്പോള്‍ മനീഷ് പാണ്ഡെയ്ക്കും അവസരം തെളിഞ്ഞു. എന്നാല്‍ മികച്ച ഫോമിലുള്ള ജസ്പ്രിത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചു. നടരാജന് പുറമെ മുഹമ്മദ് ഷമി, ദീപക് ചാഹര്‍ എന്നിവരാണ് ബൗളര്‍മാര്‍. രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ സ്പിന്നര്‍മാരായും ടീമിലുണ്ട്. സഞ്ജു ടീമിലുണ്ടെങ്കിലും കെ എല്‍ രാഹുല്‍ തന്നെയാണ് വിക്കറ്റ് കീപ്പര്‍.

ടീം ഇന്ത്യ: കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, വിരാട് കോലി, മനീഷ് പാണ്ഡെ, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ദീപക് ചാഹര്‍, മുഹമ്മദ് ഷമി, ടി നടരാജന്‍. 

ഓസ്‌ട്രേലിയ: ഡാര്‍സി ഷോര്‍ട്ട്, മാത്യൂ വെയ്ഡ്, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മൊയ്‌സസ് ഹെന്റ്വികെസ്, സീന്‍ അബോട്ട്, മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വെപ്‌സണ്‍, ആഡം സാംപ, ജോഷ് ഹേസല്‍വുഡ്.

click me!