ചാഹല്‍ തുണച്ചു; ബംഗ്ലാദേശ് കടുവകളെ പിടിച്ചുകെട്ടി ഇന്ത്യ

By Web TeamFirst Published Nov 7, 2019, 8:53 PM IST
Highlights

രണ്ടാം ടി20യില്‍ ഇന്ത്യക്ക് 154 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ ആറ് വിക്കറ്റിന് 153 റണ്‍സെടുത്തു. 

രാജ്‌കോട്ട്: ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് 154 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ ആറ് വിക്കറ്റിന് 153 റണ്‍സെടുത്തു. മികച്ച തുടക്കം ലഭിച്ച ബംഗ്ലാദേശിനെ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന്‍റെ ബൗളിംഗാണ് കൂറ്റന്‍ സ്‌കോറില്‍ നിന്ന് തടുത്തത്. 

ആവേശം കൂടിപ്പോയ പന്ത്!

ചാഹല്‍ എറിഞ്ഞ ആറാം ഓവറില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്‍റെ മണ്ടത്തരമാണ് ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിക്കാനുള്ള സുവര്‍ണാവസരം നഷ്‌ടപ്പെടുത്തിയത്. ക്രീസ് വിട്ടിറങ്ങിയ ലിറ്റണ്‍ ദാസിന്‍റെ സ്റ്റംപ് ചെയ്‌തെങ്കിലും വിക്കറ്റിന് മുന്നില്‍ നിന്നാണ് പന്ത് പന്ത് കൈക്കലാക്കിയത്. ഇതോടെ മൂന്നാം അംപയര്‍ നോട്ടൗട്ട് വിധിച്ചു. ഏഴാം ഓവറില്‍ ലിറ്റണെ രോഹിത് ശര്‍മ്മ നിലത്തിട്ടത് മറ്റൊരു തിരിച്ചടി. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ചാഹല്‍ വീണ്ടും പന്തെടുത്തപ്പോള്‍ ലിറ്റണെ 29ല്‍ നില്‍ക്കേ റണൗട്ടാക്കി ഋഷഭ് പന്ത് പ്രായ്ശ്ചിത്വം ചെയ്തു. ഓപ്പണിംഗില്‍ 7.2 ഓവറില്‍ 60 റണ്‍സ് ബംഗ്ലാദേശ് നേടി.

ചാഹലിലൂടെ ഇന്ത്യന്‍ തിരിച്ചുവരവ് 

മുപ്പത്തിയൊന്ന് പന്തില്‍ 36 റണ്‍സെടുത്ത മുഹമ്മദ് നൈമിനെ വാഷിംഗ്‌ടണ്‍ സുന്ദറും കഴിഞ്ഞ കളിയിലെ വീരന്‍ മുഷ്‌ഫീഖുര്‍ റഹീമിനെ യുസ്‌വേന്ദ്ര ചാഹലും പുറത്താക്കിയതോടെ ഇന്ത്യ മത്സരത്തില്‍ തിരിച്ചെത്തി. ഇതേ ഓവറില്‍ സൗമ്യ സര്‍ക്കാറിനെയും(30) ചാഹല്‍ മടക്കി. ഋഷഭ് പന്തിന്‍റെ സ്റ്റംപിങ് വീണ്ടും പാരയാകുമെന്ന് തോന്നിച്ചപ്പോള്‍ മൂന്നാം അംപയറാണ് വിധിയെഴുതിയത്.  

ആറ് റണ്‍സെടുത്ത ആഫിഫ് ഹൊസൈനെ 16.3 ഓവറില്‍ ഖലീല്‍ അഹമ്മദ് പുറത്താക്കി. എന്നാല്‍ അവസാന ഓവറുകളില്‍ മഹ്മുദുള്ളയുടെ ബാറ്റിംഗ് ബംഗ്ലാദേശിനെ മികച്ച സ്‌കോറിലെത്തിച്ചു. മഹ്‌മുദുള്ള 21 പന്തില്‍ 30 റണ്‍സെടുത്തു. മൊസദേക്കും(7*) അമിനുലും(5*) പുറത്താകാതെ നിന്നു. ചാഹല്‍ രണ്ടും വാഷിംഗ്‌ടണും ചഹാറും ഖലീലും ഓരോ വിക്കറ്റും വീഴ്‌ത്തി.

click me!