
അഡലെയ്ഡ്: ട്വന്റി20 ലോകകപ്പിൽ കിരീടം നേടാൻ സാധ്യതയുള്ള ഇന്ത്യൻ ടീമിനെ അട്ടിമറിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിൽ അൽ ഹസന്റെ സ്വപ്നം പടിവാതിലിൽ വീണുടഞ്ഞു. മത്സരത്തിൽ ഇന്ത്യക്ക് കടുത്ത വെല്ലുവിളിയുയർത്തിയെങ്കിലും അവസാന ഓവറുകളിൽ നിർണായക വിക്കറ്റുകൾ നേടി ഇന്ത്യ തിരിച്ചടിച്ചതോടെ ബംഗ്ലാദേശിന് ജയം കൈവിട്ടു. മത്സരത്തിന് മുമ്പായിരുന്നു ഷാക്കിബിന്റെ വെല്ലുവിളി. കീരിടം നേടുകയല്ല, ഇന്ത്യയെപ്പോലെ കരുത്തുറ്റ ടീമിനെ അട്ടിമറിക്കുകയാണ് ലക്ഷ്യമെന്നായിരുന്നു ഷാക്കിബിന്റെ വാക്കുകൾ.
ലോകകപ്പ് നേടുമെന്ന് വിചാരിച്ചല്ല ബംഗ്ലാദേശ് ഓസ്ട്രേലിയയിലെത്തിയത്. എന്നാല്‍ ഇന്ത്യയെപ്പോലെ കരുത്തുറ്റ ടീമിനെതിരെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത് അട്ടിമറി വിജയം നേടുകയെന്ന ലക്ഷ്യത്തോടെയാണെന്നും ഷാക്കിബ് മത്സരത്തലേന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയെ തോല്‍പ്പിച്ചാല്‍ അത് വലിയ അട്ടിമറിയെന്നാകും അറിയപ്പെടുക. അതുകൊണ്ടുതന്നെ ആ വലിയ അട്ടിമറിക്കാണ് ഞങ്ങള്‍ വന്നത്. ഇന്ത്യക്കും പാക്കിസ്ഥാനുമെതിരെ ജയിക്കാനായാല്‍ വലിയ അട്ടിമറികളിലൊന്നാവും. അയര്‍ലന്‍ഡ് ഇംഗ്ലണ്ടിനെയും സിംബാബ്‌വെ പാക്കിസ്ഥാനെയും തോല്‍പ്പിച്ചത് ഞങ്ങൾ ആവർത്തിച്ചാൽ സന്തോഷമാകുമെന്നും ഷാക്കിബ് പറഞ്ഞു.
സെമി ഉറപ്പിക്കാന്‍ ഇന്ത്യക്ക് ബംഗ്ലാദേശിനെതിരെ വിജയം അനിവാര്യമായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റ ഇന്ത്യ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെയും രണ്ടാം മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെയും വീഴ്ത്തിയിരുന്നു. സിംബാബ്‌വെയുമായാണ് ഗ്രൂപ്പില്‍ ഇന്ത്യയുടെ അവസാന മത്സരം. നാല് കളികളില്‍ ആറ് പോയന്‍റുള്ള ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാമതെത്തി. പാക്കിസ്ഥാനെതിരെ ആണ് ബംഗ്ലാദേശിന്‍റെ അവസാന മത്സരം.
മഴനിയമപ്രകാരം 5 റണ്‍സിന്‍റെ ജയവുമായാണ് ഇന്ത്യ സെമി സാധ്യത സജീവമാക്കിയത്. മഴ കളിച്ച മത്സരം 16 ഓവറായി ചുരുക്കിയപ്പോള്‍ പുതുക്കി നിശ്ചയിച്ച 151 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശിനെ ഇന്ത്യ 16 ഓവറില്‍ 145-6 എന്ന സ്കോറില്‍ തളയ്ക്കുകയായിരുന്നു. 7.2 ഓവറില്‍ 68-1 എന്ന ശക്തമായ നിലയില്‍ നിന്ന ബംഗ്ലാ കടുവകളേയാണ് ടീം ഇന്ത്യ എറിഞ്ഞൊതുക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!