ഏഷ്യന്‍ ഇലവന്‍ ലോക ഇലവന്‍ പോരാട്ടം; ഇന്ത്യാ-പാക് താരങ്ങള്‍ ഒരുമിച്ച് കളിക്കില്ലെന്ന് ബിസിസിഐ

By Web TeamFirst Published Dec 26, 2019, 4:58 PM IST
Highlights

മത്സരത്തിനായി പാക് താരങ്ങളെ ബംഗ്ലാദേശ് ക്ഷണിച്ചിട്ടില്ലാത്തതിനാല്‍ ഇന്ത്യ-പാക് താരങ്ങള്‍ ഒരുമിച്ച് കളിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ജയേഷ് ജോര്‍ജ് പറഞ്ഞു

മുംബൈ: ബംഗ്ലാദേശ് രാഷ്ട്ര പിതാവ് ഷെയ്ഖ് മുജീബ് റഹ്മാന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മാര്‍ച്ചില്‍ ബംഗ്ലാദേശില്‍ നടക്കുന്ന ഏഷ്യന്‍ ഇലവന്‍-ലോക ഇലവന്‍ പോരാട്ടത്തില്‍ ഇന്ത്യ-പാക് ക്രിക്കറ്റ് താരങ്ങള്‍ക്ക് ഒരു ടീമില്‍ കളിക്കേണ്ട സാഹചര്യമില്ലെന്ന് ബിസിസിഐ.  മത്സരത്തിന് ഐസിസി ഔദ്യോഗിക പദവി നല്‍കിയിട്ടുണ്ട്. മത്സരത്തില്‍ ഏഷ്യന്‍ ഇലവന്റെ ഭാഗമായി ഇന്ത്യ-പാക് താരങ്ങള്‍ ഒരുമിച്ച് കളിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ് തള്ളിക്കളഞ്ഞത്.

മത്സരത്തിനായി പാക് താരങ്ങളെ ബംഗ്ലാദേശ് ക്ഷണിച്ചിട്ടില്ലാത്തതിനാല്‍ ഇന്ത്യ-പാക് താരങ്ങള്‍ ഒരുമിച്ച് കളിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ജയേഷ് ജോര്‍ജ് പറഞ്ഞു. ഏഷ്യന്‍ ഇലവന്റെ ഭാഗമാകേണ്ട അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി തീരുമാനിക്കുമെന്നും ജയേഷ് ജോര്‍ജ് വ്യക്തമാക്കി.

മുംബൈ ഭീകരാക്രമണത്തിനുശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധങ്ങള്‍ പൂര്‍ണമായും നിലച്ചിരുന്നു. പിന്നീട് ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റമുട്ടുന്നത്. ഈ സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളിലെയും കളിക്കാര്‍ ഒരുടീമില്‍ കളിച്ചേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.

ലാഹോര്‍ ഭീകരാക്രമണത്തിനുശേഷം പാക്കിസ്ഥാനില്‍ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ ഒന്നും നടന്നിരുന്നില്ല. പത്തുവര്‍ഷത്തിനുശേഷം കഴിഞ്ഞ മാസം ശ്രീലങ്കയാണ് പാക്കിസ്ഥാനില്‍ പര്യടനത്തിനെത്തിയ ആദ്യ ടീം. ശ്രീലങ്കയുടെ പാക് പര്യടനത്തിനുശേഷം പാക്കിസ്ഥാന്‍ ക്രിക്കറ്റിന് സുരക്ഷിതമാണെന്നും ഇന്ത്യയില്‍ താരങ്ങള്‍ സുരക്ഷിതരല്ലെന്നുമുള്ള പാക് ക്രിക്കറ്റ് ബോര്‍ഡ് എഹ്സാന്‍ മാനിയുടെ പ്രസ്താവന ബിസിസിഐയും പാക് ക്രിക്കറ്റ് ബോര്‍ഡും തമ്മിലുള്ള ബന്ധം കൂടുതല്‍ മോശമാക്കുകയും ചെയ്തിരുന്നു.

click me!