
പൂനെ: വെള്ളിയാഴ്ച്ച പൂനെയിലാണ് ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ നാലാം മത്സരം. മൂന്നാം മത്സരം പരാജയപ്പെട്ടതിന്റെ ആഘാതത്തിലാണ് ഇന്ത്യ. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു. അവസാന മത്സരത്തിന് മുമ്പ് തന്നെ പരമ്പര സ്വന്തമാക്കുകയാണ് സൂര്യയുടേയും ടീമിന്റേയും ലക്ഷ്യം. ഇംഗ്ലണ്ടിന്റെ ശ്രമം നാലാം ടി20യും ജയിച്ച് പരമ്പരയില്‍ ഒപ്പമെത്തുകയെന്നാണ്. ഇംഗ്ലീഷ് പേസര്‍മാര്‍ക്ക് മുന്നില്‍ സ്വതസിദ്ധമായി ബാറ്റ് ചെയ്യാാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിക്കുന്നില്ല.
പൂനെയില്‍ പരമ്പരാഗതമായി സ്പിന്നിനെ തുണക്കുന്ന പിച്ചാണുള്ളത്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമില്‍ എന്തൊക്കെ മാറ്റങ്ങളാകും ഉണ്ടാകുക എന്നറിയാനാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് എന്നിവരുടെ ഫോമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകരെ ആശങ്കപ്പെടുത്തുന്നത്. ആദ്യ മൂന്ന് ടി20 മത്സരങ്ങളില്‍ നിന്നായി 34 റണ്‍സ് മാത്രമാണ് സഞ്ജു നേടിയത്. മൂന്ന് മത്സരങ്ങളിലും അഞ്ച് ഓവറിനപ്പുറം സഞ്ജു ബാറ്റ് ചെയ്തിട്ടില്ല. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടി20യില്‍ 26 റണ്‍സ് നേടിയ സഞ്ജു, ചെന്നൈയില്‍ രണ്ടാം ടി20യില്‍ അഞ്ച് റണ്‍സിനും പുറത്തായി. നടന്ന മൂന്നാം ടി20യില്‍ ആറ് പന്തില്‍ മൂന്ന് റണ്‍സുമായി സഞ്ജു മടങ്ങിയിരുന്നു.
അതിവേഗ പേസിന് മുന്നിലാണ് സഞ്ജുവിന് പിഴയ്ക്കുന്നത്. മൂന്ന് മത്സരങ്ങളിലും ജോഫ്ര ആര്‍ച്ചര്‍ക്ക് മുന്നില്‍ സഞ്ജു കീഴടങ്ങി. ആര്‍ച്ചറും മാര്‍ക്ക് വുഡും ഒരുക്കുന്ന അപകടം ഒഴിവാക്കാന്‍ സഞ്ജുവിനെ താല്‍കാലികമായി മധ്യനിരയിലേക്ക് മാറ്റുമോ എന്ന് കണ്ടറിയാം. പകരം ധ്രുവ് ജുറലിനെ ഓപ്പണറാക്കിയേക്കുമെന്നുള്ള അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ സാധ്യതകള്‍ വിരളമാണ്. സഞ്ജു തന്നെ നാലാം മത്സരത്തിലും അഭിഷേക് ശര്‍മക്കൊപ്പം ഓപ്പണറായി കളിച്ചേക്കും. മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവോ തിലക് വര്‍മയോ കളിക്കും.
രഞ്ജിയില്‍ കോലി എവിടെ ബാറ്റ് ചെയ്യും? സ്ഥാനം വ്യക്തമാക്കി ഡല്‍ഹി ക്യാപ്റ്റന്‍ ആയുഷ് ബദോനി
ആദ്യ മൂന്ന് മത്സരങ്ങളിലും കളിച്ച ഹാര്‍ദ്ദിക് പാണ്ഡ്യക്ക് വിശ്രമം നല്‍കാനും സാധ്യതയേറെ. ഹാര്‍ദ്ദിക്കിന് വിശ്രമം അനുവദിച്ചാല്‍ ശിവം ദുബെയാകും ആ സ്ഥാനത്ത് ബാറ്റിംഗിനെത്തുക. രണ്ടും മൂന്നും മത്സരങ്ങളില്‍ പരിക്കുമൂലം കളിക്കാതിരുന്ന റിങ്കു സിംഗ് മധ്യനിരയില്‍ ഫിനിഷറായി തിരിച്ചെത്തും. അങ്ങനെ വന്നാല്‍ ജുറല്‍ പുറത്താവും. സ്പിന്‍ ഓള്‍ റൗണ്ടറായി അക്‌സര്‍ പട്ടേല്‍ കളിക്കുമ്പോള്‍ വാഷിംഗ്ടണ്‍ സുന്ദറും പ്ലേയിംഗ് ഇലവനില്‍ തുടരും. കഴിഞ്ഞ മത്സരത്തില്‍ കളിച്ച മുഹമ്മദ് ഷമിയെ പുറത്തിരുത്താനുള്ള സാധ്യത കുറവാണ്. മൂന്ന് മത്സരങ്ങളും നിരാശപ്പെടുത്തിയ രവി ബിഷ്‌ണോയ് പുറത്തിരിക്കാനാണ് സാധ്യത. ബിഷ്‌ണോയിക്ക് പകരം പേസര്‍ അര്‍ഷ്ദീപ് സിംഗ് പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയേക്കും. മൂന്നാം സ്പിന്നറായി വരുണ്‍ ചക്രവര്‍ത്തി പ്ലേയിംഗ് ഇലവനില്‍ തുടരും.
ഇംഗ്ലണ്ടിനെതിരായ നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, റിങ്കു സിംഗ്, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!