
റാഞ്ചി: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിന് നാളെ ഇറങ്ങുമ്പോള്‍ ടീം ഇന്ത്യക്ക് ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലുമൊന്നും തലവേദന ഒഴിയുന്നില്ല. തോറ്റാല്‍ പരമ്പര നഷ്ടമെന്ന നാണക്കേട് തലക്ക് മുകളില്‍ നില്‍ക്കുമ്പോള്‍ കൈവിട്ടൊരു കളിക്ക് ശിഖര്‍ ധവാനും സംഘവും തയാറാവുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ആദ്യ മത്സരത്തിലെ ബാറ്റിംഗ് പരാജയത്തിന്‍റെ പശ്ചാത്തലത്തില്‍ ബാറ്റിംഗ് നിരയിലും ബൗളിംഗ് നിരയിലും ഏതാനും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.
ഓപ്പണിംഗില്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാനും ശുഭ്മാന്‍ ഗില്ലും തന്നെയാകും ഇറങ്ങുക. ഒരു മത്സരത്തിലെ പരാജയത്തിന്‍റെ പേരില്‍ മികച്ച ഫോമിലുള്ള ഗില്ലിനെ തഴയാന്‍ ടീം മാനേജ്മെന്‍റ് തയാറാവില്ല. തുടര്‍ച്ചയായി പരാജയപ്പെടുന്ന റുതുരാജ് ഗെയ്‌ക്‌വാദിന് പകരം രാഹുല്‍ ത്രിപാഠി നാളെ ഇന്ത്യയുടെ അന്തിമ ഇലവനില്‍ കളിച്ചേക്കും. ഇഷാന്‍ കിഷന് പകരം രജത് പാടീദാറിനെ പരീക്ഷിക്കാനും സാധ്യതയുണ്ട്. ശ്രേയസ് അയ്യര്‍ നാലാം നമ്പറില്‍ തുടരുമ്പോള്‍ സഞ്ജു സാംസണ്‍ അഞ്ചാം നമ്പറില്‍ ക്രീസിലെത്തു. ബാറ്റിംഗ് നിരയിലെ ടോപ് സിക്സില്‍ രണ്ട് വിക്കറ്റ് കീപ്പര്‍മാരും നാല് സ്പെഷലിസ്റ്റ് ബാറ്റര്‍മാരുമാണ് ഇന്ത്യക്കുള്ളത്. ഇവരാരും പാര്‍ട് ടൈം ബൗളര്‍മാരുമല്ല. ഈ സാഹചര്യത്തില്‍ ആറാ ബൗളര്‍ ഇല്ലെന്നത് ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ്.
ഇത് മറികടക്കാനായി ആറാമനായി ഓള്‍ റൗണ്ടര്‍ കൂടിയായ ഷഹബാസ് അഹമ്മദ് പ്ലേയിംഗ് ഇലവനിലെത്തിയേക്കും. അദ്യ മത്സരത്തില്‍ ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തുമെന്ന് ഉറപ്പാണ്. സ്പിന്നര്‍മാരായി രവി ബിഷ്ണോയിയും കുല്‍ദീപ് യാദവും തുടരുമ്പോള്‍ പേസര്‍മാരില്‍ ആവേശ് ഖാന്‍ പുറത്തുപോകാനിടയുണ്ട്. ആവേശിന് പകരം പേസര്‍ മുകേഷ് കുമാറിനെ പരീക്ഷിക്കാനാണ് സാധ്യത.
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം: Shikhar Dhawan,Shubman Gill,Rahul Tripathi,Shreyas Iyer,Sanju Samson (WK),Shahbaz Ahmed,Shardul Thakur,Mukesh Kumar,Kuldeep Yadav,Ravi Bishnoi,Mohammed Siraj.