
ചെന്നൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ സെലക്ടര്‍മാര്‍ ഇന്നലെ പ്രഖ്യാപിച്ചപ്പോള്‍ റിഷഭ് പന്തും കെ എല്‍ രാഹുലും ടീമില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചതായിരുന്നു. ദുലീപ് ട്രോഫിയില്‍ തിളങ്ങിയാലും ഇല്ലെങ്കിലും ഇരുവരും ടെസ്റ്റ് ടീമില്‍ തിരിച്ചെത്തുമെന്ന് ഉറപ്പായതിനാല്‍ സര്‍ഫറാസ് ഖാന്‍റെയും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറെലിന്‍റെയും ദുലീപ് ട്രോഫിയിലെ പ്രകടനങ്ങളിലായിരുന്നു സെലക്ടര്‍മാരുടെ ശ്രദ്ധ.
ഇന്ത്യ എക്കെതിരായ മത്സരത്തില്‍ ഇന്ത്യ ബിക്കായി ആദ്യ ഇന്നിംഗ്സില്‍ തിളങ്ങാനായില്ലെങ്കിലും റിഷഭ് പന്ത് രണ്ടാം ഇന്നിംഗ്സില്‍ 47 പന്തില്‍ 61 റണ്‍സടിച്ച് റെഡ് ബോള്‍ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി. കെ എല്‍ രാഹുലാകട്ടെ ആദ്യ ഇന്നിംഗ്സില്‍ 37ഉം രണ്ടാം ഇന്നിംഗ്സില്‍ 57ഉം റണ്‍സടിച്ച് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച് രാഹുലും സെലക്ഷനെ ന്യായീകരിച്ചു. അതേസമയം സര്‍ഫറാസ് ആകട്ടെ ആദ്യ ഇന്നിംഗ്സില്‍ ഒമ്പത് റണ്‍സെടുത്ത് പുറത്തായപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ 36 പന്തില്‍ 46 റണ്‍സടിച്ചു. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പന്തിനൊപ്പം മത്സരിക്കുന്ന ധ്രുവ് ജുറെലിന് പക്ഷെ രണ്ട് ഇന്നിംഗ്സിലും നിരാശയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ രണ്ട് റണ്‍സെടുത്ത ജുറെല്‍ രണ്ടാം ഇന്നിംഗ്സില്‍ ഗോള്‍ഡന്‍ ഡക്കായി.എങ്കിലും തൊട്ടു മുന്‍ പരമ്പരയിലെ പ്രകടനങ്ങളുടെ പേരില്‍ ഇരുവരും ടെസ്റ്റ് ടീമില്‍ സ്ഥാനം നിലനിര്‍ത്തിയെങ്കിലും ആദ്യ ടെസ്റ്റിനുള്ള ടീമിലെ പ്ലേയിംഗ് ഇലവനില്‍ ഇരുവര്‍ക്കും സ്ഥാനമുണ്ടാകില്ലെന്നാണ് കരുതുന്നത്.
മധ്യനിരയില്‍ സ്പെഷലിസ്റ്റ് ബാറ്ററായി രാഹുല്‍ തിരിച്ചെത്തുമ്പോള്‍ വിക്കറ്റ് കീപ്പറായി റിഷഭ് പന്തും പ്ലേയിംഗ് ഇലവനിലെത്തും. ഇതോടെ സര്‍ഫറാസ് ഖാനും ധ്രുവ് ജുറെലിനും ആദ്യ ടെസ്റ്റില്‍ ടീമിലിടമുണ്ടാകില്ല. ക്യാപ്റ്റൻ രോഹിത് ശര്‍മയും യശസ്വി ജയ്സ്വാളും തന്നെ ഓപ്പണര്‍മാരാകുമ്പോള്‍ ദുലീപ് ട്രോഫിയില്‍ തിളങ്ങിയില്ലെങ്കിലും അവസാനം ഇംഗ്ലണ്ടിനെതിരെ ധരംശാല ടെസ്റ്റില്‍ മൂന്നാം നമ്പറിലിറങ്ങിയ സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്‍ പ്ലേയിംഗ് ഇലവനില്‍ തുടരും.
വിരാട് കോലി നാലാം നമ്പറിലും റിഷഭ് പന്ത് അഞ്ചാമതും രാഹുല്‍ ആറാമതും എത്തുമ്പോള്‍ അക്സര്‍ പട്ടേലോ രവീന്ദ്ര ജഡേജയോ ആകും സ്പിന്‍ ഓള്‍ റൗണ്ടര്‍. അശ്വിന്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, ആകാശ്ദീപ് എന്നിവരാകും ആദ്യ ടെസ്റ്റിലെ പ്ലേയിംഗ് ഇലവനിലുണ്ടാകുക എന്നാണ് കരുതുന്നത്. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവൻ: രോഹിത് ശർമ്മ, യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോലി, കെഎൽ രാഹുൽ, റിഷഭ് പന്ത്, അക്സര്‍ പട്ടേല്‍, രവിചന്ദ്രൻ അശ്വിൻ, അക്‌സർ പട്ടേൽ, ജസ്പ്രീത് ബുമ്ര, ആകാശ്‌ദീപ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക