
ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ വിക്കറ്റ് നേടാനാകാത്തതില്‍ വിമര്‍ശനം നേരിടുന്ന ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുമ്രയെ പിന്തുണച്ച് സഹതാരം മുഹമ്മദ് ഷമി. പുറത്തുനില്‍ക്കുന്നവര്‍ക്ക് വിമര്‍ശിക്കാന്‍ എളുപ്പമാണ് എന്നാണ് ഷമിയുടെ ഒളിയമ്പ്.
'പുറത്തുനില്‍ക്കുന്ന ആളുകള്‍ക്ക് വിമര്‍ശിക്കാന്‍ എളുപ്പമാണ്. ഇക്കാലത്ത് താരങ്ങളെ വിമര്‍ശിച്ച് പണമുണ്ടാക്കുകയാണ് പലരും. ബുമ്ര ടീം ഇന്ത്യക്കായി കൈവരിച്ച നേട്ടങ്ങളെ എങ്ങനെയാണ് നിങ്ങള്‍ക്ക് മറക്കാനാകുന്നത്. ബുമ്രയെ കുറിച്ച് ആരാധകര്‍ സംസാരിക്കുന്നത് നല്ലതാണ്. എന്നാല്‍ മൂന്നോ നാലോ മത്സരങ്ങള്‍ക്ക് ശേഷം ഫലം പ്രതീക്ഷിക്കരുത്. താരങ്ങള്‍ക്ക് പ്രയോജനമാകുന്ന രീതിയിലാകണം വിമര്‍ശനമെന്നും ഷമി ഹാമില്‍ട്ടണില്‍ പറഞ്ഞു.
ഹാമില്‍ട്ടണില്‍ ന്യൂസിലന്‍ഡ് ഇലവനെതിരായ പരിശീലന മത്സരത്തില്‍ 11 ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടിയിരുന്നു ജസ്‌പ്രീത് ബുമ്ര. ഷമിയാവട്ടെ 17 റണ്‍സിന് മൂന്ന് വിക്കറ്റും നേടി. കിവീസിനെതിരായ ഏകദിന പരമ്പരയില്‍ വിക്കറ്റൊന്നും നേടാന്‍ ബുമ്രക്കായിരുന്നില്ല. ഇതാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്. പരിക്കില്‍ നിന്ന് തിരിച്ചുവന്ന ശേഷം ഏകദിനത്തില്‍ ഇതുവരെ ഒരു വിക്കറ്റ് മാത്രമാണ് ബുമ്രക്ക് നേടാനായത്.
ബുമ്രയെ പിന്തുണച്ച് ഇന്ത്യന്‍ മുന്‍ പേസര്‍ ആശിഷ് നെഹ്‌റ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ബുമ്ര പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയതേയുള്ളൂ എന്ന് ഏവരും തിരിച്ചറിയണം എന്നായിരുന്നു നെഹ്‌റയുടെ വാക്കുകള്‍. എല്ലാ പരമ്പരയിലും ഒരു താരത്തിനും മികച്ച രീതിയില്‍ പന്തെറിയാന്‍ കഴിയില്ലെന്നും അദേഹം വ്യക്താക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!