WI vs IND : ഇന്ത്യന്‍ ടീമിനെ ട്രിനിഡാഡിലെത്തിക്കാന്‍ ബിസിസിഐ വിമാനത്തിന് മുടക്കിയത് മൂന്നരക്കോടി!

By Jomit JoseFirst Published Jul 21, 2022, 2:02 PM IST
Highlights

കൊവിഡ് പശ്ചാത്തലം കൊണ്ടുമാത്രമല്ല ഇന്ത്യന്‍ ടീമിന് കരീബിയന്‍ മണ്ണിലെത്താന്‍ ബിസിസിഐ കോടികളുടെ ചാര്‍ട്ടേഡ് ഫ്ലൈറ്റ് ഒരുക്കിയത്

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ഏകദിന, ടി20 പരമ്പരകള്‍ക്കായി ഇന്ത്യന്‍ ടീമിന് ഇംഗ്ലണ്ടില്‍ നിന്ന് വിന്‍ഡീസിലെത്താന്‍(WI vs IND) ബിസിസിഐ(BCCI) ചാര്‍ട്ടേഡ് വിമാനത്തിന് മൂന്നരക്കോടി രൂപയോളം മുടക്കിയെന്ന് റിപ്പോര്‍ട്ട്. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മാഞ്ചസ്റ്ററില്‍ നിന്ന് ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ തലസ്ഥാനമായ പോര്‍ട്ട് ഓഫ് സ്‌പെയിനിലേക്കാണ് ബിസിസിഐ വിമാനം ബുക്ക് ചെയ്തത്. 

കൊവിഡ് പശ്ചാത്തലം കൊണ്ടുമാത്രമല്ല ഇന്ത്യന്‍ ടീമിന് കരീബിയന്‍ മണ്ണിലെത്താന്‍ ബിസിസിഐ കോടികളുടെ ചാര്‍ട്ടേഡ് ഫ്ലൈറ്റ് ഒരുക്കിയത്. മറ്റ് വിമാനങ്ങളില്‍ 16 താരങ്ങളും പരിശീലകരും മറ്റ് സ്റ്റാഫുകളുമടങ്ങുന്ന വലിയ സംഘത്തിന് ഒരുമിച്ച് ടിക്കറ്റ് ലഭിക്കാനുള്ള പ്രയാസം പരിഗണിച്ച് ബിസിസിഐ ചാര്‍ട്ടേഡ് വിമാനത്തെ ആശ്രയിക്കുകയായിരുന്നു. ചില താരങ്ങള്‍ക്കൊപ്പം അവരുടെ കുടുംബവും പോര്‍ട്ട് ഓഫ് സ്‌പെയിനിലെത്തിയിട്ടുണ്ട്. ഇന്ത്യന്‍ ടീം ട്രിനിഡാഡില്‍ വിമാനമിറങ്ങിയതിന്‍റെ വീഡിയോ ബിസിസിഐ നേരത്തെ പുറത്തുവിട്ടിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍ സംഘത്തിലുണ്ട്. 

മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20യുമാണ് ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലുള്ളത്. പോര്‍ട്ട് ഓഫ് സ്‌പെയിനിലെ ക്വീന്‍സ് പാര്‍ക്ക് ഓവലിലാണ് ഏകദിന മത്സരങ്ങളെല്ലാം. നാളെ(ജൂലൈ 22) ക്വീന്‍സ് പാര്‍ക്കില്‍ ഒന്നാം ഏകദിനത്തോടെ ഇന്ത്യന്‍ ടീമിന്‍റെ പര്യടനം തുടങ്ങും. രണ്ടാം ഏകദിനം 24നും മൂന്നാമത്തേത് 27നും ഇതേ വേദിയില്‍ തന്നെ നടക്കും. രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ ശിഖര്‍ ധവാനാണ് ഏകദിന നായകന്‍. ടി20 ടീമിനെ നയിക്കുക രോഹിത് തന്നെയായിരിക്കും. ജൂലൈ 29, ഓഗസ്റ്റ് 1, 2, 6, 7 തിയതികളിലായാണ് ടി20 മത്സരങ്ങള്‍. കരീബിയന്‍ നാടുകളിലും അമേരിക്കയിലുമായാണ് ടി20 വേദികള്‍. 

വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന സ്‌ക്വാഡ്: ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ(വൈസ് ക്യാപ്റ്റന്‍), ഷാര്‍ദുല്‍ ഠാക്കൂര്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്സര്‍ പട്ടേല്‍, ആവേഷ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്.

വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), കെ എല്‍ രാഹുല്‍(ഫിറ്റ്‌നസ് നിര്‍ണായകം), സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്(ഫിറ്റ്‌നസ് നിര്‍ണായകം), ഭുവനേശ്വര്‍ കുമാര്‍, ആവേഷ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്. 

ചേട്ടാ.., ഞങ്ങള്‍ ഗ്രൗണ്ടിലുണ്ടാവും. പൊളിച്ചേക്കണേ..! ട്രിനിഡാഡില്‍ സഞ്ജുവിനെ വരവേറ്റ് മലയാളികള്‍- വീഡിയോ

click me!