ഇന്ത്യക്ക് വീണ്ടും പ്രഹരം; മുംബൈയില്‍ തിരിച്ചടിച്ച് ഓസീസ്

By Web TeamFirst Published Jan 14, 2020, 3:35 PM IST
Highlights

സ്റ്റാര്‍ക്കിന്‍റെയും കമ്മിന്‍സിന്‍റെയും ആദ്യ സ്‌പെല്ലില്‍ ഡിഫന്‍സീവ് മോഡിലായിരുന്നു രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും

മുംബൈ: ആദ്യ ഏകദിനത്തില്‍ തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം തിരിച്ചെത്തിയ ഇന്ത്യക്ക് മേല്‍ ഓസീസ് പ്രത്യാക്രമണം. മൂന്നാം വിക്കറ്റില്‍ ശിഖര്‍ ധവാനും കെ എല്‍ രാഹുലും 121 റണ്‍സ് ചേര്‍ത്തെങ്കിലും ഇരുവരെയും അടുത്തടുത്ത ഓവറുകളില്‍ പുറത്താക്കി ഓസീസ് ഞെട്ടിച്ചു. ധവാന്‍ ഫിഫ്റ്റി തികച്ചപ്പോള്‍ രാഹുല്‍ അമ്പതിന് അരികെ പുറത്തായി. 31 ഓവര്‍ പിന്നിടുമ്പോള്‍ 150-3 എന്ന  സ്‌കോറിലാണ് കോലിപ്പട. കോലിക്ക് 10ഉം ശ്രേയസിന് മൂന്ന് റണ്‍സുമാണുള്ളത് 

തുടക്കം ഹിറ്റായില്ല, ഹിറ്റ്‌മാന്‍ അതിവേഗം പുറത്ത്

സ്റ്റാര്‍ക്കിന്‍റെയും കമ്മിന്‍സിന്‍റെയും ആദ്യ സ്‌പെല്ലില്‍ ഡിഫന്‍സീവ് മോഡിലായിരുന്നു ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും. അഞ്ചാം ഓവറില്‍ രോഹിത്തിന്‍റെ മടക്കം കൂടിയായതോടെ ഇന്ത്യന്‍ തുടക്കം അമ്പേപാളി. സ്റ്റാര്‍ക്കിന്‍റെ മൂന്നാം പന്തില്‍ ബാറ്റ് വെച്ച ഹിറ്റ്‌മാനെ ഡേവിഡ് വാര്‍ണര്‍ പിടികൂടി. പുറത്താകുമ്പോള്‍ രോഹിത്തിന്‍റെ അക്കൗണ്ടില്‍ 15 പന്തില്‍ 10 റണ്‍സ് മാത്രം!. 

ധവാന്‍- രാഹുല്‍; നല്ല ജോറ് കൂട്ടുകെട്ട്

സാവധാനം തുടങ്ങിയ ധവാന്‍, രാഹുല്‍ എത്തിയതോടെ ട്രാക്ക് മാറ്റി. ഇതോടെ 10 ഓവറില്‍ 45-1 എന്ന ഭേദപ്പെട്ട സ്‌കോറിലെത്തി ടീം ഇന്ത്യ. 20-ാം ഓവറിലെ ആദ്യ പന്തില്‍ സാംപയെ സിംഗിളെടുത്ത് ധവാന്‍ അര്‍ധം പൂര്‍ത്തിയാക്കി. ധവാന്‍റെ ഫിഫ്റ്റി 66 പന്തില്‍. ഇതേ ഓവറില്‍ ഇന്ത്യ 100 റണ്‍സ് പൂര്‍ത്തിയാക്കി. തൊട്ടടുത്ത ഓവറില്‍ ധവാനെ വാര്‍ണര്‍ വിട്ടുകളഞ്ഞത് ഇന്ത്യക്ക് ആശ്വാസമായി.

ഓസീസ് കരുതിവെച്ച ഇരട്ട പ്രഹരം

എന്നാല്‍ ഇന്ത്യക്കായി ഇരട്ട പ്രഹരം ഓസീസ് കരുതിവെച്ചിട്ടുണ്ടായിരുന്നു. അഗര്‍ എറിഞ്ഞ 28-ാം ഓവറില്‍ രാഹുലിനെ സ്‌മിത്ത് പിടിച്ചു. 47ല്‍ നില്‍ക്കേയാണ് രാഹുലിന്‍റെ മടക്കം. തൊട്ടടുത്ത ഓവറില്‍ ധവാനെ കമ്മിന്‍സിന്‍റെ പന്തില്‍ അഗര്‍ പുറത്താക്കി. ധവാന്‍ 91 പന്തില്‍ 74 റണ്‍സ് നേടി. ഇതിനുശേഷം കോലിയും ശ്രേയസും ക്രീസില്‍ ഒന്നിക്കുകയായിരുന്നു. 

നേരത്തെ, ടോസ് നേടിയ ഓസ്‌‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍ എന്നിവരെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ നായകന്‍ കോലി സ്വയം നാലാം നമ്പറിലേക്ക് മാറി. അതേസമയം ഓസീസ് നിരയില്‍ വിസ്‌മയ താരം മാര്‍നസ് ലബുഷെയ്‌ന്‍ ഏകദിന അരങ്ങേറ്റം കളിക്കുകയാണ്. ലബുഷെയ്‌ന്‍ വന്നതോടെ സ്റ്റീവ് സ്‌മിത്ത് നാലാം നമ്പറിലാകും ബാറ്റ് ചെയ്യുക. 

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുമ്ര

ഓസ്‌ട്രേലിയന്‍ ടീം: ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, മാര്‍നസ് ലബുഷെയ്‌ന്‍, സ്റ്റീവ് സ്‌മിത്ത്, ആഷ്‌ടണ്‍ ടര്‍ണര്‍, അലക്‌സ് ക്യാരി, ആഷ്‌ടണ്‍ അഗര്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, കെയ്‌ന്‍ റിച്ചാര്‍ഡ്‌സണ്‍, ആദം സാംപ
 

click me!