
പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ പിടി മുറുക്കി ഇന്ത്യ. 46 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളിന്‍റെയും കെ എല്‍ രാഹുലിന്‍റെയും അപരാജിത അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റ് നഷ്ടമില്ലാതെ 172 റണ്‍സെടുത്തിട്ടുണ്ട്. 90 റണ്‍സുമായി യശസ്വി ജയ്സ്വാളും 62 റണ്‍സോടെ കെ എല്‍ രാഹുലും ക്രീസില്‍. 10 വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യക്കിപ്പോള്‍ 218 റണ്‍സിന്‍റെ ആകെ ലീഡുണ്ട്.
193 പന്തുകള്‍ നേരിട്ട യശസ്വി ഏഴ് ഫോറും രണ്ട് സിക്സും പറത്തിയാണ് 90 റണ്‍സെടുത്തത്. രാഹുല്‍ 153 പന്തില്‍ നാലു ഫോര്‍ അടക്കമാണ് 62 റണ്‍സടിച്ചത്. ആദ്യ ദിനം 17 വിക്കറ്റുകള്‍ വീണ പെര്‍ത്തിലെ പിച്ചില്‍ രണ്ടാം ദിനം മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് വീണത്. അവസാന രണ്ട് സെഷനില്‍ ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ ഓസീസ് ബൗളിംഗ് നിരക്കായില്ല. 2003നുശേഷം ഓസ്ട്രേലിയയിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ടാണിത്.
2003 സിഡ്നിയില്‍ വീരേന്ദര്‍ സെവാഗും ആകാശ് ചോപ്രയും ചേര്‍ന്ന് 123 റണ്‍സിന്‍റെ ഓപ്പണിംഗ് കൂട്ടുകെട്ടിന്‍റെ റെക്കോര്‍ഡാണ് രാഹുലും യശസ്വിയും മറികടന്നത്. 2018ല്‍ മെല്‍ബണില്‍ പൂജാരയും കോലിയും രണ്ട് സെഷനുകള്‍ പൂര്‍ണമായും ബാറ്റ് ചെയ്തശേഷം ആദ്യമായാണ് ഇന്ത്യൻ ബാറ്റിംഗ് സഖ്യം ഓസ്ട്രേലിയയില്‍ രണ്ട് സെഷനില്‍ വിക്കറ്റ് പോകാതെ കളിക്കുന്നത്. അവസാന സെഷനില്‍ റണ്‍ വഴങ്ങാതിരിക്കാന്‍ ശ്രദ്ധിച്ച ഓസീസ് പേസര്‍മാര്‍ക്കെതിരെ ആദ്യ 17 ഓവറില്‍ 22 റണ്‍സെടുക്കാനെ യശസ്വിക്കും രാഹുലിനും കഴിഞ്ഞുള്ളു. എന്നാല്‍ അവസാന 14 ഓവറില്‍ 66 റണ്‍സടിച്ച ഇരുവരും ഇന്ത്യയുടെ ലീഡയുര്‍ത്തി.
ഓസ്ട്രേലിയയെ 104 റണ്‍സിന് പുറത്താക്കിയതിന്‍റെ ആത്മവിശ്വാസത്തില്‍ ക്രീസിലിറങ്ങിയ ഇന്ത്യക്കായി ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും കെ എല്‍ രാഹുലും മികച്ച തുടക്കം നല്‍കി. ആദ്യ ഇന്നിംഗ്സിലേതില്‍ നിന്ന് വ്യത്യസ്തമായി തുടക്കത്തില്‍ കരുതലോടെ കളിച്ച രാഹുലും യശസ്വിയും സ്റ്റാര്‍ക്കിനെയും ഹേസല്‍വുഡിനെയും ആത്മവിശ്വാസത്തോടെ നേരിട്ടു. പതിനഞ്ചാം ഓവറില്‍ ഇരുവരും ചേര്‍ന്ന് ഇന്ത്യൻ സ്കോര്‍ 50 കടത്തി. പേസര്‍മാര്‍ക്ക് കാര്യമായ പ്രഭാവം ഉണ്ടാക്കാനാവാഞ്ഞതോടെ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് മിച്ചല്‍ മാര്‍ഷിനെയും സ്പിന്നര്‍ നേഥന്‍ ലിയോണിനെയും പന്തേല്‍പ്പിച്ചെങ്കിലും വിക്കറ്റ് വീഴ്ത്താന്‍ കഴിഞ്ഞില്ല. 38-ാം ഓവറില്‍ ഇരുവരും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് പൂര്‍ത്തിയാക്കി.
നേരത്തെ ആദ്യ സെഷനില്‍ 67/7 എന്ന സ്കോറില്‍ ബാറ്റിംഗ് തുടര്‍ന്ന ഓസീസ് 104 റണ്‍സിന് ഓൾ ഔട്ടായിരുന്നു.അഞ്ച് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്രയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷിത് റാണയും രണ്ട് വിക്കറ്റെടുത്ത മുഹമ്മദ് സിറാജും ചേര്‍ന്നാണ് ഓസ്ട്രേലിയയെ എറിഞ്ഞൊതുക്കിയത്. ഇന്ത്യയുടെ ബാറ്റിംഗ് നിരയിലെന്നപോലെ നാലു പേര്‍ മാത്രമാണ് ഓസ്ട്രേലിയൻ ബാറ്റിംഗ് നിരയിലും രണ്ടക്കം കടന്നത്. 112 പന്തുകള്‍ നേരിട്ട് 26 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസീസിന്‍റെ ടോപ് സ്കോറർ.
രണ്ടാം ദിനം ഹര്‍ഷിത് റാണയിലൂടെ ബൗളിംഗ് തുടങ്ങിയ ഇന്ത്യ ആദ്യ അടി നല്‍കിയത് ക്യാപ്റ്റന്‍ ബുമ്രയിലൂടെയായിരുന്നു. ഓസീസിന്‍റെ അവസാന ബാറ്റിംഗ് പ്രതീക്ഷയായിരുന്ന അലക്സ് ക്യാരിയെ(21) രണ്ടാം ദിനം എറിഞ്ഞ ആദ്യ പന്തില്‍ തന്നെ ബുമ്ര വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ചു. 70-8ലേക്ക് വീണ ഓസിസിന് സ്കോര്‍ 79ല്‍ നില്‍ക്കെ നഥാന്‍ ലിയോണിന്‍റെ വിക്കറ്റും നഷ്ടമായി. ഹര്‍ഷിത് റാണയുടെ പന്തില്‍ ലിയോണിനെ സ്ലിപ്പില്‍ രാഹുല്‍ കൈയിലൊതുക്കി. അവസാന ബാറ്ററായ ഹേസല്‍വുഡിനെ ഒരറ്റത്ത് നിര്‍ത്തി മിച്ചല്‍ സ്റ്റാര്‍ക്ക് പിടിച്ചു നിന്നതോടെ ഓസീസ് 100 കടന്നു. ഒടുവില്‍ സ്റ്റാര്‍ക്കിനെ വീഴ്ത്തിയ ഹര്‍ഷിത് റാണ ലഞ്ചിന് തൊട്ടു മുമ്പ് ഓസീസ് ഇന്നിംഗ്സ് അവസാനിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!