ഇന്ത്യയെ എറിഞ്ഞു വീഴ്ത്തി മിച്ചല്‍ സ്റ്റർക്ക്, നിതീഷ് റെഡ്ഡി ടോപ് സ്കോറർ; ഇന്ത്യ 180ന് പുറത്ത്

Published : Dec 06, 2024, 02:33 PM ISTUpdated : Dec 06, 2024, 02:34 PM IST
ഇന്ത്യയെ എറിഞ്ഞു വീഴ്ത്തി മിച്ചല്‍ സ്റ്റർക്ക്, നിതീഷ് റെഡ്ഡി ടോപ് സ്കോറർ; ഇന്ത്യ 180ന് പുറത്ത്

Synopsis

ആറ് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് എറിഞ്ഞിട്ടത്. 42 റണ്‍സെടുത്ത നിതീഷ് റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 180ന് പുറത്ത്. ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യയെ ആറ് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് എറിഞ്ഞിട്ടത്. 42 റണ്‍സെടുത്ത നിതീഷ് റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. രാഹുല്‍ 37ഉം ശുഭ്മാന്‍ ഗില്‍ 31 ഉം റണ്‍സെടുത്തപ്പോള്‍ വിരാട് കോലിയും രോഹിത് ശര്‍മയും നിരാശപ്പെടുത്തി.

ടോസിലെ ഭാഗ്യത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഇന്ത്യ ആദ്യ പന്തില്‍ തന്നെ ഞെട്ടി. മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ സ്വിംഗിന് മുന്നില്‍ മറുപടിയില്ലാതെ ജയ്സ്വാള്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പിന്നാലെ 18 പന്ത് നേരിട്ട് റണ്ണൊന്നും എടുക്കാതിരുന്ന കെ എല്‍ രാഹുലിനെ ആദ്യ ബൗളിംഗ് മാറ്റവുമായി എത്തിയ സ്കോട് ബോളണ്ട് വിക്കറ്റിന് പിന്നില്‍ അലക്സ് ക്യാരിയുടെ കൈകളിലേക്ക് പറഞ്ഞയച്ചു. എന്നാല്‍ ഓസ്ട്രേലിയ വിക്കറ്റ് ആഘോഷം തുടങ്ങുന്നതിനിടെ നോ ബോള്‍ സിഗ്നല്‍ വന്നു. പിന്നിട് സ്നിക്കോ മീറ്ററില്‍ രാഹുലിന്‍റെ ബാറ്റില്‍ പന്ത് കൊണ്ടില്ലെന്ന് വ്യക്തമാകുകയും ചെയ്തു. ഭാഗ്യം കടാക്ഷിച്ച രാഹുലിന് വീണ്ടുമൊരിക്കല്‍ കൂടി ജീവന്‍ ലഭിച്ചു. ബോളണ്ടിന്‍റെ പന്തില്‍ രാഹുല്‍ സ്ലിപ്പില്‍ നല്‍കിയ ഉസ്മാന്‍ ഖവാജ കൈവിട്ടു.

രാഹുല്‍ ഔട്ടായെന്നുറപ്പിച്ച് ബാറ്റിംഗിനായി ഗ്രൗണ്ടിലിറങ്ങി വിരാട് കോലി; തിരിച്ചയച്ച് അമ്പയര്‍

പിന്നീട് ആത്മവിശ്വാസത്തോടെ ബാറ്റ്  ചെയ്ത രാഹുലും ഗില്ലും ചേര്‍ന്ന് ഇന്ത്യയെ 50 കടത്തി. ഓസീസ് ബൗളര്‍മാരുടെ പ്രതീക്ഷകള്‍ മങ്ങുന്നതിനിടെ മിച്ചല്‍ സ്റ്റാര്‍ക്കിനെ പന്തേല്‍പ്പിക്കാനുള്ള ഓസീസ് നായകന്‍ പാറ്റ് കമിന്‍സിന്‍റെ തീരുമാനം ഫലം കണ്ടു. 37 റണ്‍സെടുത്ത് നിലയുറപ്പിച്ചെന്നു കരുതിയ രാഹുലിനെ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ സ്ലിപ്പില്‍ നഥാന്‍ മക്സ്വീനി പിടികൂടി. പിന്നാലെ ക്രീസിലെത്തി വിരാട് കോലി ആത്മവിശ്വാസത്തോടെ തുടങ്ങിയെങ്കിലും ഓഫ് സ്റ്റംപിന് പുറത്തുപോയ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ അനാവശ്യാമായി ബാറ്റുവെച്ച് സ്ലിപ്പില്‍ സ്റ്റീവ് സ്മിത്തിന്‍റെ കൈകളിലെത്തി. എട്ട് പന്തില്‍ 7 റണ്‍സായിരുന്നു കോലിയുടെ സംഭാവന. പിന്നാലെ ഒരറ്റത്ത് നിലയുറപ്പിച്ചെന്ന് കരുതിയ ശുഭ്മാന്‍ ഗില്ലിനെ(31) സ്കോട് ബോളണ്ട് വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഇന്ത്യ 12 റണ്‍സിനിടെ 3 വിക്കറ്റ് നഷ്ടമായി കൂട്ടത്തകര്‍ച്ചയിലായി

നിരാശപ്പെടുത്തി ഹിറ്റ്മാന്‍

ലഞ്ചിനുശേഷവും ഇന്ത്യയുടെ തകര്‍ച്ച തുടര്‍ന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ വിക്കറ്റിന് മുന്നില്‍ കുടുക്കി സ്കോട് ബോളണ്ട് ആണ് ഇന്ത്യക്ക് ലഞ്ചിനുശേഷം ആദ്യ പ്രഹരമേല്‍പ്പിച്ചത്. റിഷഭ് പന്ത്(21) പ്രതീക്ഷ നല്‍കിയെങ്കിലും പാറ്റ് കമിന്‍സിന്‍റെ ബൗണ്‍സറില്‍ വീണു. ഇതോടെ 109-6ലേക്ക് കൂപ്പുകുത്തിയ ഇന്ത്യയെ അശ്വിനും നിതീഷ് റെഡ്ഡിയും ചേര്‍ന്ന് 150ന് അടുത്തെത്തിച്ചു. അശ്വിനെ(22) വിക്കറ്റിന് മുന്നില്‍ കുടുക്കിയ സ്റ്റാര്‍ക്ക് തന്നെയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ഹര്‍ഷിത് റാണയെ ബൗള്‍ഡാക്കിയ സ്റ്റാര്‍ക്ക് അഞ്ച് വിക്കറ്റ് തികച്ചു. ബുമ്രയെയും സിറാജിനെയും കൂട്ടുപിടിച്ച് നിതീഷ് റെഡ്ഡി പൊരുതിയതോടെ ഇന്ത്യ 180ല്‍ എത്തി. ഒടുവില് നിതീഷ് റെഡ്ഡിയെയും(42) മടക്കിയ സ്റ്റാര്‍ക്ക് തന്നെ ഇന്ത്യൻ ഇന്നിംഗ്സ് അവസാനിപ്പിച്ചു. ഓസ്ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് 48 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്തപ്പോള്‍ സ്കോട് ബോളണ്ടും പാറ്റ് കമിന്‍സും രണ്ട് വിക്കറ്റ് വീതം വീഴത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ