Latest Videos

പരമ്പര പിടിക്കാന്‍ ഇന്ത്യയും ഓസീസും, ചെന്നൈ ഏകദിനത്തില്‍ ഓസ്ട്രേലിയക്ക് നിര്‍ണായക ടോസ്; ടീം അറിയാം

By Web TeamFirst Published Mar 22, 2023, 1:13 PM IST
Highlights

ആദ്യ മത്സരത്തില്‍ ഇന്ത്യയും രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയും ജയിച്ചതിനാല്‍ ഇന്ന് ജയിക്കുന്നവര്‍ക്ക് ഏകദിന പരമ്പര സ്വന്തമാക്കാം. ടെസ്റ്റ് പരമ്പര 2-1ന് സ്വന്തമാക്കിയ ഇന്ത്യ ഏകദിന പരമ്പരയും അതേ മാര്‍ജിനില്‍ ജയിക്കാനുറച്ചാണ് ഇറങ്ങുന്നത്. മറുവശത്ത് ടെസ്റ്റ് പരമ്പരയിലെ തോല്‍വിയുടെ ക്ഷീണം ഏകദിന പരമ്പര നേടി മറികടക്കാനാണ് ഓസീസിന്‍റെ ശ്രമം.

ചെന്നൈ: ഏകദിന പരമ്പരയിലെ നിര്‍ണായക മൂന്നാം മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു.വരണ്ട പിച്ചില്‍ ആദ്യം ബാറ്റ് ചെയ്ത് മികച്ച സ്കോര്‍ ഉയര്‍ത്തി എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാനാണ് ശ്രമമെന്ന് ടോസ് നേടിയ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് പറഞ്ഞു. ടോസ് നേടിയാലും ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വ്യക്തമാക്കി.

ആദ്യ മത്സരത്തില്‍ ഇന്ത്യയും രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയും ജയിച്ചതിനാല്‍ ഇന്ന് ജയിക്കുന്നവര്‍ക്ക് ഏകദിന പരമ്പര സ്വന്തമാക്കാം. ടെസ്റ്റ് പരമ്പര 2-1ന് സ്വന്തമാക്കിയ ഇന്ത്യ ഏകദിന പരമ്പരയും അതേ മാര്‍ജിനില്‍ ജയിക്കാനുറച്ചാണ് ഇറങ്ങുന്നത്. മറുവശത്ത് ടെസ്റ്റ് പരമ്പരയിലെ തോല്‍വിയുടെ ക്ഷീണം ഏകദിന പരമ്പര നേടി മറികടക്കാനാണ് ഓസീസിന്‍റെ ശ്രമം.

രണ്ടാം ഏകദിനം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ മൂന്നാം ഏകദിനത്തിനിറങ്ങുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും ഗോള്‍ഡന്‍ ഡക്കായ സൂര്യകുമാര്‍ യാദവിന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഇഷാന്‍ കിഷന്‍ അന്തിമ ഇലവനിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും സൂര്യകുമാര്‍ സ്ഥാനം നിലനിര്‍ത്തി. പേസര്‍മാരില്‍ മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും തുടര്‍ന്നപ്പോള്‍ അക്സര്‍ പട്ടേലും രവീന്ദ്ര ജഡേജയും സ്പിന്നര്‍മാരായി ടീമില്‍ സ്ഥാനം നിലനിര്‍ത്തി.

മറുവശത്ത് രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ ജയം നേടിയ ടീമില്‍ ഓസ്ട്രേലിയയും മാറ്റം വരുത്തി. അസുഖ ബാധിതനായ കാമറൂണ്‍ ഗ്രീന്‍ പുറത്തായപ്പോള്‍ ഓപ്പണര്‍ ഡേവി്ഡ വാര്‍ണര്‍ ടീമില്‍ തിരിച്ചെത്തി. വിശാഖപട്ടണത്ത് നടന്ന രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ 126 റണ്‍സിന് പുറത്താക്കിയ ഓസ്ട്രേലിയ 11 ഓവറിലാണ് വിജയലക്ഷ്യം അടിച്ചെടുത്തത്. ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷും ട്രാവിസ് ഹെഡും നല്‍കുന്ന വെടിക്കെട്ട് തുടക്കത്തിലാണ് ചെന്നൈയിലും ഓസീസിന്‍റെ പ്രതീക്ഷ. വാര്‍ണര്‍ തിരിച്ചെത്തിയതോടെ മിച്ചല്‍ മാര്‍ഷ് മൂന്നാം നമ്പറിലിറങ്ങാനാണ് സാധ്യത.

ഓസ്‌ട്രേലിയ (പ്ലേയിംഗ് ഇലവൻ): ഡേവിഡ് വാർണർ, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, സ്റ്റീവൻ സ്മിത്ത്, മാർനസ് ലബുഷെയ്ന്‍, അലക്‌സ് കാരി, മാർക്കസ് സ്റ്റോയിനിസ്, ആഷ്ടൺ അഗർ, സീൻ ആബട്ട്, മിച്ചൽ സ്റ്റാർക്ക്, ആദം സാംപ.

ഇന്ത്യ (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ്മ , ശുഭ്മാൻ ഗിൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, കെ എൽ രാഹുൽ , ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

 

click me!