അമ്പയര്‍ക്ക് പിഴച്ചു; ഇന്ത്യയ്ക്ക് വിധിച്ച അഞ്ച് റണ്‍സ് പെനല്‍റ്റി പിന്‍വലിച്ചു

By Web TeamFirst Published Jan 17, 2020, 6:38 PM IST
Highlights

ബാറ്റിംഗിനിടെ ജഡേജ പിച്ചിലെ അപകട മേഖലയില്‍ കൂടി ഓടിയപ്പോള്‍ തന്നെ അമ്പയര്‍ താക്കീതും പിഴയും ഒരുമിച്ച് വിധിക്കുകയായിരുന്നു

രാജ്കോട്ട്: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ പിച്ചിലൂടെ ഓടിയതിന് ഇന്ത്യക്ക് ഓണ്‍ഫീല്‍ഡ് അമ്പയര്‍ അഞ്ച് റണ്‍സ് പെനല്‍റ്റിയായി വിധിച്ചത് പിന്‍വലിച്ചു. തുടര്‍ച്ചയായി രണ്ട് തവണ തെറ്റ് ചെയ്താല്‍ മാത്രമെ അഞ്ച് റണ്‍സ് പിഴ വിധിക്കാന്‍ പാടുള്ളു എന്നാണ് ചട്ടം.

എന്നാല്‍ ബാറ്റിംഗിനിടെ ജഡേജ പിച്ചിലെ അപകട മേഖലയില്‍ കൂടി ഓടിയപ്പോള്‍ തന്നെ അമ്പയര്‍ താക്കീതും പിഴയും ഒരുമിച്ച് വിധിക്കുകയായിരുന്നു. ആദ്യ തവണ താക്കീതും രണ്ടാം തവണയും തെറ്റ് ആവര്‍ത്തിച്ചാല്‍ പിഴയും എന്നതാണ് ചട്ടം എന്നിരിക്കെ അമ്പയറുടെ നടപടി പിന്നീടുള്ള പരിശോധനയില്‍ റദ്ദാക്കുകയായിരുന്നു.

പിഴ നിലനിന്നിരുന്നെങ്കില്‍ ഓസീസ് വിക്കറ്റ് നഷ്ടമില്ലാതെ 5 റണ്‍സെന്ന നിലയിലാകുമായിരുന്നു ബാറ്റിംഗ് തുടങ്ങുക. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശിഖര്‍ ധവാന്റെയും വിരാട് കോലിയുടെയും കെ എല്‍ രാഹുലിന്റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സാണ് അടിച്ചത്.

16 പന്തില്‍ 20 റണ്‍സുമായി പുറത്താകാതെ നിന്ന ജഡേജയും 42 റണ്‍സെടുത്ത രോഹിത് ശര്‍മയും ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ശ്രേയസ് അയ്യരും(7), മനീഷ് പാണ്ഡെയും നിരാശപ്പെടുത്തി.ഓസീസിനായി ആദം സാംപ മൂന്ന് വിക്കറ്റെടുത്തു.

click me!