
ചെന്നൈ: ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരെ ആദ്യ പോരിനിറങ്ങുമ്പോള്‍ ഇന്ത്യ ഏറ്റവുമധികം ഭയക്കുന്ന ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലെ ഓസ്ട്രേലിയയുടെ ലോകകപ്പ് റെക്കോര്‍ഡിനെ. ഏഴ് ലോകകപ്പ് മത്സരങ്ങള്‍ക്കാണ് ചെപ്പോക്ക് സ്റ്റേഡിയം ഇതുവരെ വേദിയായയത്. അതില്‍ മൂന്നെണ്ണവും കളിച്ചത് ഓസ്ട്രേലിയ ആയിരുന്നു. ഇതില്‍ മൂന്നിലും ഓസീസ് ജയിച്ചു.
1987ലെ ലോകകപ്പില്‍ ഇന്ത്യയെ ഒരു റണ്‍സിന് തോല്‍പ്പിച്ചതും സിംബാബ്‌വെയെ 96 റണ്‍സിന് തകര്‍ത്തതും 1996ലെ ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനെതിരെ ഓസീസ് 287 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതും ചെപ്പോക്കില്‍ തന്നെ. ഇന്ത്യ ഇതുവരെ രണ്ട് ലോകകപ്പ് മത്സരങ്ങളാണ് ചെപ്പോക്കില്‍ കളിച്ചത്. 1987ല്‍ ഓസീസിനോട് തോറ്റപ്പോള്‍ 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെ 80 റണ്‍സിന് തോല്‍പ്പിച്ചു. 2019ലെ ലോകകപ്പിനുശേഷം ഇന്ത്യയും ഓസ്ട്രേലിയയും മുഖാമുഖം വന്നത് 12 തവണ. ഇതില്‍ ആറ് വിജയങ്ങള്‍ വീതം പങ്കിട്ടെടുത്ത് ഇരുടീമും ഒപ്പത്തിനൊപ്പം നില്‍ക്കുന്നു.
ലോകപ്പിലെ കണക്കെടുത്താല്‍ ഓസ്ട്രേലിയക്കാണ് ആധിപത്യം. ലോകകപ്പിൽ ഇതുവരെ 12 തവണയാണ് ഇന്ത്യയും ഓസ്ട്രേലിയയും നേര്‍ക്ക് നേര്‍ വന്നത്. ഇതില്‍ എട്ട് തവണ ഓസ്ട്രേലിയ ജയിച്ചപ്പോൾ ഇന്ത്യക്ക് ജയിക്കാനായത് നാലു തവണ.
ടോസ് നിര്‍ണായകം
ചെന്നൈയില്‍ ടോസ് നേടുന്ന ടീം ബാറ്റിംഗ് തെരഞ്ഞെടുക്കുന്ന രീതിക്ക് ഇത്തവണ മാറ്റമുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇന്ത്യ പൊതുവേ ചേസ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ടീമാണ്. എന്നാല്‍ സ്പിന്നർമാർ കളിയുടെ ഗതി നിയിന്ത്രിക്കുന്ന ചെപ്പോക്കിൽ അവസാന എട്ട് കളിയിൽ ആറിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്ത ടീം. ആകെ കളിച്ച 23 മത്സരങ്ങളില്‍ 14ലും ജയിച്ചതും ആദ്യം ബാറ്റ് ചെയ്ത ടീം തന്നെ.
പിച്ച് റിപ്പോര്‍ട്ട്
കറുപ്പ് നിറമുളള കളിമണ്ണാണ് ചെന്നൈയിലെ മത്സരങ്ങള്‍ക്കായി തയാറാക്കിയിരിക്കുന്നത്. സ്പിന്നര്‍മാരെ സഹായിക്കുന്ന പിച്ചായിരിക്കും എന്നതിന്‍റെ സൂചനയാണിത്. അതുകൊണ്ടു തന്നെ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് അവസരം നല്‍കും. ചെപ്പോക്കില്‍ നടന്ന കഴിഞ്ഞ എട്ട് ഏകദിനങ്ങളില്‍ ആദ്യം ബാറ്റ് ചെയ്ത ടീം 227നും 299നും ഇടയിലുള്ള സ്കോറാണ് നേടിയത്. ഇതില്‍ ആറ് തവണയും ആദ്യം ബാറ്റ് ചെയ്തവര്‍ ജയിക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക