സിഡ്നിയിലെ കൊവിഡ് നിയന്ത്രണങ്ങള്‍ അംഗീകരിച്ച് ഇന്ത്യന്‍ ടീം

By Web TeamFirst Published Jan 4, 2021, 10:41 PM IST
Highlights

പരമ്പരയിലെ നാലാം ടെസ്റ്റിന് വേദിയാവുന്ന ബ്രിസ്ബേനിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ ടീം ഇന്ത്യ ശക്തമായ എതിര്‍പ്പ് വ്യക്തമാക്കിയതിന് പിന്നാലെയാണ് സിഡ്നിയിലെ നിയന്ത്രണങ്ങള്‍ അംഗീകരിക്കാമെന്ന് ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് വ്യക്തമാക്കിയത്.

സിഡ്നി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനായി സിഡ്നിയിലെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സിഡ്നിയിലെ കര്‍ശനമായി കൊവിഡ് പ്രോട്ടോക്കോള്‍ അംഗീകരിച്ചു. ഇന്ന് രാവിലെ സിഡ്നിയിലെത്തിയശേഷമാണ് ഇന്ത്യന്‍ ടീം സിഡ്നിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ അംഗീകരിക്കാമെന്ന് വ്യക്തമാക്കിയത്.

പരമ്പരയിലെ നാലാം ടെസ്റ്റിന് വേദിയാവുന്ന ബ്രിസ്ബേനിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ ടീം ഇന്ത്യ ശക്തമായ എതിര്‍പ്പ് വ്യക്തമാക്കിയതിന് പിന്നാലെയാണ് സിഡ്നിയിലെ നിയന്ത്രണങ്ങള്‍ അംഗീകരിക്കാമെന്ന് ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് വ്യക്തമാക്കിയത്. ഇന്ത്യന്‍ ടീമിന് സിഡ്നിയിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് മാര്‍ഗനിര്‍ദേശം കൈമാറിയിട്ടുണ്ട്. മത്സരത്തിനും പരിശീലനത്തിനുമല്ലാതെ സിഡ്നിയില്‍ കളിക്കാര്‍ക്കോ സപ്പോര്‍ട്ട് സ്റ്റാഫിനോ ഹോട്ടലില്‍ നിന്ന് പുറത്തുപോവാനാവില്ല. പരിശീലന സമയത്ത് സാമൂഹിക അകലം പാലിക്കണമെന്നും കളിക്കാരോട് നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, മെല്‍ബണില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് റസ്റ്ററന്‍റില്‍ പോയി ഭക്ഷണം കഴിച്ച രോഹിത് ശര്‍മ അടക്കമുള്ള അഞ്ച് താരങ്ങളുടെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായത് ഇന്ത്യക്ക് ആശ്വാസമായി. മെല്‍ബണില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പാണ് കളിക്കാരെ കൊവിഡ് പരിശോധനക്കുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയരാക്കിയത്. വ്യാഴാഴ്ച തുടങ്ങുന്ന മൂന്നാം ടെസ്റ്റിന് മുമ്പ് കളിക്കാരെ ഒരിക്കല്‍ കൂടി കൊവിഡ് പരിശോധനകള്‍ക്ക് വിധേയരാക്കും.

click me!