നെറ്റ്സില്‍ പോലും അയാള്‍ ഞങ്ങള്‍ക്കെതിരെ ഒരു ദയയും കാട്ടാറില്ല; ഇന്ത്യന്‍ പേസറെക്കുറിച്ച് കോലി

By Web TeamFirst Published Jan 13, 2020, 7:05 PM IST
Highlights

നെറ്റ്സിലാണെങ്കിലും ബുമ്രയ്ക്കെതിരെ ബൗണ്ടറി നേടുക എളുപ്പമല്ല. ഇന്ന് നെറ്റ്സില്‍ ബുമ്ര എന്നെ ബൗള്‍ഡാക്കിയിരുന്നു. കഴിഞ്ഞ നാലുവര്‍ഷമായി ഒരുമിച്ച് കളിക്കുന്നവരാണ് ഞങ്ങള്‍. ഇത് രണ്ടാം തവണയാണ് ബുമ്ര എന്നെ നെറ്റ്സില്‍ ബൗള്‍ഡാക്കുന്നത്.

മുംബൈ: ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം നാളെ മുംബൈ നടക്കാനിരിക്കെ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയുടെ മികവിനെ വാനോളം പുകഴ്ത്തി ക്യാപ്റ്റന്‍ വിരാട് കോലി. ബുമ്രയ്ക്കെതിരെ നെറ്റ്സില്‍ കളിക്കുന്നതിന്റെ അനുഭവം പങ്കുവെച്ചാണ് കോലി ഇന്ത്യന്‍ പേസറെ പ്രശംസിച്ചത്.

ക്രിക്കറ്റിന്റെ ഏത് ഫോര്‍മാറ്റിലും നിലവില്‍ ഏറ്റവും മികച്ച ബൗളര്‍ ബുമ്രയാണ്. നെറ്റ്സില്‍ കളിക്കുമ്പോള്‍ പോലും മത്സരത്തിലെ അതേ തീവ്രതയോടെയും ആവേശത്തോടെയുമാണ് ബുമ്ര പന്തെറിയുക. ഞങ്ങളുടെ തലയും ഇടുപ്പുമെല്ലാം ലക്ഷ്യമാക്കി പന്തെറിയാന്‍ ബുമ്ര നെറ്റ്സില്‍ പോലും മടിക്കാറില്ല. സമ്പൂര്‍ണ ബൗളറാണ് ബുമ്ര. നെറ്റ്സിലാണെങ്കിലും അദ്ദേഹത്തിനെതിരെ കളിക്കാനാകുക എന്നത് നല്ലകാര്യമാണ്. കാരണം വെല്ലുവിളികള്‍ ഏറ്റെടുക്കുക എന്നത് എനിക്കിഷ്ടമാണ്.

നെറ്റ്സിലാണെങ്കിലും ബുമ്രയ്ക്കെതിരെ ബൗണ്ടറി നേടുക എളുപ്പമല്ല. ഇന്ന് നെറ്റ്സില്‍ ബുമ്ര എന്നെ ബൗള്‍ഡാക്കിയിരുന്നു. കഴിഞ്ഞ നാലുവര്‍ഷമായി ഒരുമിച്ച് കളിക്കുന്നവരാണ് ഞങ്ങള്‍. ഇത് രണ്ടാം തവണയാണ് ബുമ്ര എന്നെ നെറ്റ്സില്‍ ബൗള്‍ഡാക്കുന്നത്. 2018ല്‍ അഡ്‌ലെയ്ഡ് ടെസ്റ്റിന് മുമ്പായിരുന്നു ഇതിന് മുമ്പ് അദ്ദേഹം എന്നെ ബൗള്‍ഡാക്കിയത്.  

ഏകദിന പരമ്പരയില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് നയിക്കുന്ന പേസാക്രമണത്തെ നേരിടുക എന്നത് ഇന്ത്യന്‍ മധ്യനിരക്ക് വെല്ലുവിളിയായിരിക്കുമെന്നും കോലി പറഞ്ഞു. സ്റ്റാര്‍ക്ക് തന്റെ പഴയ സ്വിംഗ് കണ്ടെത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ നേരിടുക എന്നത് വലിയ വെല്ലുവിളിയാണ്. സ്റ്റാര്‍ക്കിന്റെ അതിവേഗവും സ്വിഗും കൂടി ചേരുമ്പോള്‍ അദ്ദേഹത്തെ നേരിടുക എളുപ്പമല്ല. വാംഖഡെയിലെ പിച്ച് രാജ്യത്തെ തന്നെ ഏറ്റവും മികച്ച ബാറ്റിംഗ് വിക്കറ്റാണെന്നും കോലി പറഞ്ഞു.

click me!