
കാണ്‍പൂര്‍: ബംഗ്ലാദേശിനെതിരായ കാണ്‍പൂര്‍ ടെസ്റ്റിന്‍റെ രണ്ടാം ദിനത്തെ കളി ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചു. ആദ്യ ദിനം മഴയും നനഞ്ഞ ഔട്ട് ഫീല്‍ഡും മൂലം 35 ഓവര്‍ മാത്രമാണ് മത്സരം നടന്നതെങ്കില്‍ രണ്ടാം ദിനം മഴ മാറി നിന്നെങ്കിലും ഔട്ട് ഫീല്‍ഡ് നനഞ്ഞ് കുതിര്‍ന്നതിനാല്‍ ഒരു പന്തുപോലും എറിയാനാകാതെ ഉപേക്ഷിക്കുകയായിരുന്നു. 2015നുശേഷം ആദ്യമായാണ് ഇന്ത്യയില്‍ ഒരു ടെസ്റ്റ് മത്സരത്തിലെ ഒരു ദിവസത്തെ കളി ഒറ്റ പന്തുപോലും എറിയാതെ ഉപേക്ഷിക്കുന്നത്.
ഇതോടെ രണ്ടാം ടെസ്റ്റും ജയിച്ച് പരമ്പര തൂത്തുവാരി ഓസ്ട്രേലിയക്കെതിരായ പരമ്പരക്ക് മുമ്പെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഫൈനലുറപ്പിക്കാമെന്ന ഇന്ത്യൻ പ്രതീക്ഷകള്‍ക്കും തിരിച്ചടിയേറ്റു. ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റും അടുത്ത മാസം ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന മൂന്നു ടെസ്റ്റും ജയിക്കുകയും ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങാതിരിക്കുകകയും ചെയ്താല്‍ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഫൈനലുറപ്പിക്കാമായിരുന്നു. ബംഗ്ലാദേശിനെതിരായ പരമ്പര 2-0ന് തൂത്തുവാരുകയും ശേഷിക്കുന്ന എട്ട് ടെസ്റ്റില്‍ മൂന്നെണ്ണമെങ്കിലും ജയിക്കുകയും ചെയ്താല്‍ ഇന്ത്യക്ക് ഫൈനലിലെത്താം. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ഏതെങ്കിലും മത്സരം തോറ്റാല്‍ ഓസ്ട്രേലിയക്കെതിരെ രണ്ടില്‍ കൂടുതല്‍ ടെസ്റ്റുകളില്‍ ഇന്ത്യക്ക് ജയിക്കേണ്ടിവരും.
അതേസമയം, ലഖ്നൗവില്‍ മികച്ച സൗകര്യങ്ങളുള്ള ഏക്നാ സ്റ്റേഡിയത്തില്‍ മത്സരം നടത്താതെ കാണ്‍പൂരിലെ ഗ്രീന്‍പാര്‍ക്ക് ബിസിസിഐ തീരുമാനത്തെ ചോദ്യം ചെയ്ത് സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തി. കോടികളുടെ വരുമാനമുള്ള ബിസിസിഐക്ക് മികച്ച വേദിയില്‍ ഒരു ടെസ്റ്റ് മത്സരം നടത്താന്‍ പോലും കഴിയില്ലെയെന്നും ഈ ടെസ്റ്റ് കാരണം, ഇന്ത്യയുടെ ലോക ടെസറ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ സാധ്യതകൾക്ക് തിരിച്ചടിയേറ്റാല്‍ ആര് സമാധാനം പറയുമെന്നും ആരാധകര്‍ ചോദിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!