പിങ്ക് പന്തിലും ഇന്ത്യന്‍ പേസര്‍മാരുടെ വിളയാട്ടം; ഈഡനില്‍ റെക്കോര്‍ഡ്

By Web TeamFirst Published Nov 24, 2019, 4:50 PM IST
Highlights

ഇശാന്ത് ശര്‍മ്മയും ഉമേഷ് യാദവും മുഹമ്മദ് ഷമിയും അടങ്ങുന്ന പേസ് നിരയ്ക്ക് റെക്കോര്‍ഡ്

കൊല്‍ക്കത്ത: സ്‌പിന്നര്‍മാരുടെ കരുത്തില്‍ നാട്ടില്‍ ജയിക്കുന്ന ടീം എന്ന വിശേഷണം ഇന്ത്യ മാറ്റിയോ. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് വേദിയായ പകല്‍-രാത്രി ടെസ്റ്റ് അവസാനിക്കുമ്പോള്‍ ഈ വിശേഷണം മാറിയെന്ന് വേണം വിലയിരുത്താന്‍. സമീപകാലത്ത് എതിരാളികളെയും ക്രിക്കറ്റ് പണ്ഡിതരെയും അത്ഭുതപ്പെടുത്തുന്ന കുതിപ്പാണ് ഇന്ത്യന്‍ പേസര്‍മാര്‍ കാഴ്ചവെക്കുന്നത്. പിങ്ക് പന്തില്‍ ജയത്തിന് തിളക്കം കൂട്ടി ഒരു റെക്കോര്‍ഡും ഇന്ത്യന്‍ പേസര്‍മാര്‍ പേരിലാക്കി. 

രണ്ടിന്നിംഗ്സിലുമായി 19 ബംഗ്ലാ ബാറ്റ്സ്‌മാന്‍മാരെയാണ് ഇന്ത്യന്‍ പേസര്‍മാര്‍ മടക്കിയത്. ഹോം ടെസ്റ്റില്‍ പേസര്‍മാര്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്‌ത്തിയ മത്സരമെന്ന റെക്കോര്‍ഡ് ഇതോടെ ടീം ഇന്ത്യക്ക് സ്വന്തമായി. 2017-18 സീസണില്‍ ഈഡനില്‍ തന്നെ ശ്രീലങ്കയുടെ 17 വിക്കറ്റുകള്‍ വീഴ്‌ത്തിയതായിരുന്നു ഇതിന് മുന്‍പുള്ള റെക്കോര്‍ഡ്. ഇംഗ്ലണ്ടിനെതിരെ ചെന്നൈയില്‍ 1933/34 സീസണില്‍ 16 വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മൂന്നാം സ്ഥാനത്ത്. 

ഈഡനില്‍ ഇരു ടീമും ആദ്യമായി പകല്‍-രാത്രി ടെസ്റ്റിന് ഇറങ്ങിയപ്പോള്‍ ഇന്ത്യന്‍ പേസര്‍മാര്‍ അരങ്ങുവാഴുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ ഇശാന്ത് ശര്‍മ്മ അഞ്ചും ഉമേഷ് യാദവ് മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റ് വീഴ്‌ത്തി. രണ്ടാം ഇന്നിംഗ്‌സിലും ഇശാന്തും ഉമേഷും മിന്നലായി. ഉമേഷിന് അ‌ഞ്ച്, ഇശാന്തിന് നാല് എന്നിങ്ങനെയായിരുന്നു വിക്കറ്റുകള്‍. മത്സരത്തിലാകെ ഒന്‍പത് വിക്കറ്റുകള്‍ വീഴ്‌ത്തിയ ഇശാന്ത് ശര്‍മ്മയാണ് കളിയിലെ താരം.

പേസര്‍മാര്‍ തകര്‍ത്താടിയപ്പോള്‍ പിങ്ക് പന്തില്‍ ടീം ഇന്ത്യ ഇന്നിംഗ്‌സിനും 46 റണ്‍സിനും വിജയിച്ച് രണ്ട് ടെസ്റ്റുകളുടെ പരമ്പര(2-0) സ്വന്തമാക്കി. സ്‌കോര്‍: ബംഗ്ലാദേശ്-106& 195, ഇന്ത്യ-347/9 decl. ആറിന് 152 എന്ന നിലയില്‍ മൂന്നാംദിനം ആരംഭിച്ച ബംഗ്ലാദേശിന് 46 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ എല്ലാം വിക്കറ്റുകളും നഷ്ടമാവുകയായിരുന്നു. കളിയിലെ താരമായ ഇശാന്ത് ശര്‍മ്മ തന്നെയാണ് പരമ്പരയിലെ മികച്ച താരവും. 

click me!