മായങ്ക് മാജിക്ക് ഇന്‍ഡോറിലും; ബ്രാഡ്‌മാന്‍റെ റെക്കോര്‍ഡ് പഴങ്കഥ

By Web TeamFirst Published Nov 15, 2019, 4:34 PM IST
Highlights

സാക്ഷാല്‍ ഡോണ്‍ ബ്രാഡ്‌‌മാന്‍റെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍. ഇന്‍ഡോര്‍ ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി നേടിയതോടെയാണിത്. 

ഇന്‍ഡോര്‍: ടെസ്റ്റ് ക്രിക്കറ്റില്‍ പുതു ചരിത്രം രചിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍. വീരേന്ദര്‍ സെവാഗിന്‍റെ പിന്‍ഗാമി എന്ന വിശേഷണങ്ങള്‍ ശരിവെച്ച് ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സിലും മായങ്ക് ഇരട്ട സെഞ്ചുറി നേടി. മെഹിദി ഹസനെ സിക്‌സറിന് പായിച്ച് വീരു സ്റ്റൈലിലായിരുന്നു മായങ്ക് 200 തികച്ചത്. ടെസ്റ്റ് കരിയറില്‍ മായങ്കിന്‍റെ രണ്ടാം ഡബിള്‍ സെഞ്ചുറിയാണിത്.

ഇതോടെ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്‌മാന്‍ ഉള്‍പ്പെടെയുള്ള ഇതിഹാസങ്ങളുടെ റെക്കോര്‍ഡാണ് മായങ്ക് മറികടന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ വേഗത്തില്‍ രണ്ട് ഇരട്ട ശതകങ്ങള്‍ നേടുന്ന രണ്ടാമത്തെ താരമായി മായങ്ക്. വെറും 12 ഇന്നിംഗ്‌സുകളില്‍ നിന്നാണ് മായങ്ക് രണ്ടാം തവണയും 200 കടന്നത്. 13 ഇന്നിംഗ്‌സില്‍ ഈ നേട്ടത്തിലെത്തിയ ബ്രാഡ്‌മാനെ പിന്തള്ളിയപ്പോള്‍ അഞ്ച് ഇന്നിംഗ്‌സില്‍ നിന്ന് രണ്ട് തവണ ഇരുനൂറ് നേടിയ വിനോദ് കാബ്ലി മാത്രമാണ് മുന്നിലുള്ളത്. 18 ഇന്നിംഗ്‌സില്‍ നേട്ടത്തിലെത്തിയ ചേതേശ്വര്‍ പൂജാര മാത്രമാണ് ആദ്യ ഏഴിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. 

ഇന്‍ഡോറില്‍ രണ്ടാം ദിനം 303 പന്തില്‍ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയ മായങ്ക് അഗര്‍വാള്‍ മറ്റ് ചില നേട്ടങ്ങളിലുമെത്തി. കൂടുതല്‍ ഇരട്ട സെഞ്ചുറികള്‍ നേടിയ ഇന്ത്യന്‍ ഓപ്പണര്‍മാരില്‍ വീരേന്ദര്‍ സെവാഗിനും(6), സുനില്‍ ഗാവസ്‌കറിനും(3) പിന്നിലെത്തി മായങ്ക്. മായങ്കിനൊപ്പം വിനോദ് മങ്കാദും വസീം ജാഫറും രണ്ട് ഇരട്ട സെഞ്ചുറി വീതം നേടിയിട്ടുണ്ട്. ഇന്‍ഡോറില്‍ പുറത്താകുമ്പോള്‍ 330 പന്തില്‍ 243 റണ്‍സ് നേടിയിരുന്നു മായങ്ക്. 28 ഫോറും എട്ട് സിക്‌സുകളുമാണ് മായങ്ക് ഇതിനിടെ പറത്തിയത്. 

click me!