ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി; ടി20 പരമ്പര ഇന്ത്യക്ക്

By Web TeamFirst Published Mar 20, 2021, 11:00 PM IST
Highlights

എന്നാല്‍ ആദ്യ ഓവറിലെ വിക്കറ്റ് നഷ്ടം ഇംഗ്ലണ്ടിനെ ഉലച്ചില്ല. പരമ്പരയില്‍ ഇതുവരെ ഫോമിലാവാതിരുന്ന ഡേവിഡ് മലനും ജോസ് ബട്‌ലറും അടിച്ചു തകര്‍ത്തതോടെ ഇന്ത്യയുടെ പിടി അയഞ്ഞു. ഇന്ത്യക്ക് അതേനാണയത്തില്‍ ഇരുവരും മറുപടി നല്‍കിയതോടെ പവര്‍പ്ലേയില്‍ ഇംഗ്ലണ്ട് 62 റണ്‍സിലെത്തി.

അഹമ്മദാബാദ്: ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയും ഇന്ത്യക്ക്. പരമ്പരയിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ 36 റണ്‍സിന് കീഴടക്കിയ ഇന്ത്യ ടി20 പരമ്പര 3-2ന് പരമ്പര സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 225 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിനായി ഡേവിഡ് മലനും ജോസ് ബട്‌ലറും പൊരുതിയെങ്കിലും ഭുവനേശ്വര്‍ കുമാറിന്‍റെയും ഷര്‍ദ്ദുല്‍ ഠാക്കൂറിന്‍റെയും ഹര്‍ദ്ദിക് പാണ്ഡ്യയുടെയും തകര്‍പ്പന്‍ ബൗളിംഗ് ഇന്ത്യക്ക് വിജയമൊരുക്കി. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 224/2, ഇംഗ്ലണ്ട് 20 ഓവറില്‍ 188/8.

ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ഭുവി

കൂറ്റന്‍ വിജയലക്ഷ്യം മറകിടക്കാന്‍ മികച്ച തുടക്കം അനിവാര്യമായിരുന്ന ഇംഗ്ലണ്ടിനെ ഞെട്ടിച്ചാണ് ഇന്ത്യ തുടങ്ങിയത് ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ ഭുവനേശ്വര്‍ കുമാര്‍ പരമ്പരയില്‍ മികച്ച ഫോമിലായിരുന്ന ജേസണ്‍ റോയിയെ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ ഇംഗ്ലണ്ട് ഞെട്ടി.

മല്ലനായി മലന്‍, തകര്‍ത്തടിച്ച് ബട്‌ലര്‍

എന്നാല്‍ ആദ്യ ഓവറിലെ വിക്കറ്റ് നഷ്ടം ഇംഗ്ലണ്ടിനെ ഉലച്ചില്ല. പരമ്പരയില്‍ ഇതുവരെ ഫോമിലാവാതിരുന്ന ഡേവിഡ് മലനും ജോസ് ബട്‌ലറും അടിച്ചു തകര്‍ത്തതോടെ ഇന്ത്യയുടെ പിടി അയഞ്ഞു. ഇന്ത്യക്ക് അതേനാണയത്തില്‍ ഇരുവരും മറുപടി നല്‍കിയതോടെ പവര്‍പ്ലേയില്‍ ഇംഗ്ലണ്ട് 62 റണ്‍സിലെത്തി. 31 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച മലനും 30 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ ബട്‌ലറും ചേര്‍ന്ന് കളി ഇന്ത്യയുടെ കൈയില്‍ നിന്ന് തട്ടിയെടുക്കുമെന്ന് തോന്നിച്ചു. സ്പിന്നര്‍മാരെയും പേസര്‍മാരെയും നിലം തൊടാതെ പറത്തി രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 13 ഓവറില്‍ 130 റണ്‍സടിച്ചു.

രോഹിത്തിന്‍റെ മാസ്റ്റര്‍ സ്ട്രോക്ക്, രക്ഷകനായി വീണ്ടും ഭുവി

നേരിയ പരിക്കുള്ള കോലിക്ക് പകരം രോഹിത് ശര്‍മയാണ് തുടക്കം മുതല്‍ അവസാന ഓവറുകള്‍ വരെ ഇന്ത്യയെ നയിച്ചത്. ടോപ് ഗിയറില്‍ മുന്നേറിയ ഇംഗ്ലണ്ടിനെ പെട്ടെന്ന് റിവേഴ്സ് ഗിയറിലാക്കാന്‍ ഭുവിയെ കൊണ്ടുവരാനുള്ള രോഹിത്തിന്‍റെ തീരുമാനം മാസ്റ്റര്‍ സ്ട്രോക്കാവുകയും ചെയ്തു. തകര്‍ത്തടിച്ച് ഇന്ത്യന്‍ ആരാധകരുടെ മനസില്‍ ആശങ്ക പടര്‍ത്തിയ ബട്‌ലറെ ബൗണ്ടറിയില്‍ ഹര്‍ദ്ദികിന്‍റെ കൈകളിലെത്തിച്ച് ഭുവി ഇംഗ്ലണ്ട് കുതിപ്പിന് കടിഞ്ഞാണിട്ടു. ഇതോടെ സ്കോറിംഗ് നിരക്ക് കുത്തനെ ഇടിഞ്ഞ ഇംഗ്ലണ്ട് ബാറ്റിംഗ് നിര സമ്മര്‍ദ്ദത്തിലായി.

ഷര്‍ദ്ദുലിന്‍റെ ഇരട്ട പ്രഹരം, പാണ്ഡ്യയുടെ നോക്കൗട്ട് പഞ്ച്

പതിനഞ്ചാം ഓവര്‍ എറിയാനെത്തിയ ഷര്‍ദ്ദുല്‍ ഠാക്കൂറിന്‍റെ ഇരട്ടപ്രഹരമാണ് കളി ഇന്ത്യയുടെ കൈകകളിലെത്തിച്ചത്.  ജോണി ബെയര്‍സ്റ്റോയെ(7) ആദ്യം സൂര്യകുമാര്‍ യാദവിന്‍റെ കൈകളിലെത്തിച്ച ഷര്‍ദ്ദുല്‍ അതേ ഓവറില്‍ ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷയായി ക്രീസില്‍ നിന്ന ഡേവിഡ് മലനെ(46 പന്തില്‍ 68) ക്ലീന്‍ ബൗള്‍ഡാക്കി. തൊട്ടടുത്ത ഓവറില്‍ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനെ(1) കെ എല്‍ രാഹുലിന്‍റെ കൈകളിലെത്തിച്ച് ഹര്‍ദ്ദിക് പാണ്ഡ്യ ഇംഗ്ലണ്ടിന്‍റെ വിജയ പ്രതീക്ഷകള്‍ക്കുമേല്‍ അവസാന ആണിയും അടിച്ചു.

ഇംഗ്ലണ്ടിന്‍റെ സൂപ്പര്‍മാനായ ബെന്‍ സ്റ്റോക്സിനും(12 പന്തില്‍ 14) കാര്യമായി ഒന്നും ചെയ്യാനായില്ല. അവസാന ഓവറുകളില്‍ സാം കറനും(3 പന്തില്‍ 14*), ക്രിസ് ജോര്‍ദ്ദാനും(10 പന്തില്‍ 11*) നടത്തിയ ചെറുത്തുനില്‍പ്പ് ഇംഗ്ലണ്ടിന്‍റെ തോല്‍വിഭാരം കുറച്ചു. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ നാലോവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ നാലോവറില്‍ 45 റണ്‍സിന് മൂന്ന് വിക്കറ്റും ഹര്‍ദ്ദിക് പാണ്ഡ്യ നാലോവറില്‍ 34 റണ്‍സിന് ഒരു വിക്കറ്റുമെടുത്തു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശര്‍മയുടെയും ക്യാപ്റ്റന്‍ വിരാട് കോലിയുടെയും തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുത്തത്. 52 പന്തില്‍ 80 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. രോഹിത് ശര്‍മ 34 പന്തില്‍ 64 റണ്‍സെടുത്തപ്പോള്‍ 17 പന്തില്‍ 32 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും 17 പന്തില്‍ 39 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഹര്‍ദ്ദിക് പാണ്ഡ്യയും മോശമാക്കിയില്ല.

സൂപ്പര്‍ ഹിറ്റായി രോഹിത്

കെ എല്‍ രാഹുലിനെ പുറത്തിരിത്തിയതോടെ രോഹിത് ശര്‍മക്കൊപ്പം ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. ആദില്‍ റഷീദിന്‍റെ ആദ്യ ഓവറില്‍ മൂന്ന് റണ്‍സ് മാത്രമെടുത്ത ഇരുവരും ആര്‍ച്ചറുടെ രണ്ടാം ഓവറില്‍ ഗിയര്‍ മാറ്റി. കഴിഞ്ഞ മത്സരങ്ങളില്‍ ഇംഗ്ലണ്ടിന്‍റെ ഹീറോ ആയ മാര്‍ക്ക് വുഡിനെ തെരഞ്ഞെടുപിടിച്ച് അടിച്ച ഇരുവരും ചേര്‍ന്ന് പവര്‍പ്ലേയില്‍ ഇന്ത്യയെ 60 റണ്‍സിലെത്തിച്ചു.

കോലിയെ കാഴ്ചക്കാരനാക്കി രോഹിത് അടിച്ചു തകര്‍ത്തതോടെ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡ് ശരവേഗത്തില്‍ കുതിച്ചു. സാം കറനെ സിക്സടിച്ച് 30 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ രോഹിത് സ്റ്റോക്സിനെതിരെ വീണ്ടുമൊരു സിക്സും ബൗണ്ടറിയും നേടി 34 പന്തില്‍ 64 റണ്‍സെടുത്ത് പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ഒമ്പത് ഓവറില്‍ 94ല്‍ എത്തിയിരുന്നു.

പവര്‍ പാണ്ഡ്യ, കിംഗ് കോലി

കോലിയെ വിറപ്പിച്ചു നിര്‍ത്തിയ ആദില്‍ റഷീദിനെ തുടര്‍ച്ചയായി സിക്സിന് പറത്തി സൂര്യകുമാര്‍ ഇംഗ്ലണ്ടിനെ വിറപ്പിച്ചു. ക്രിസ് ജോര്‍ദ്ദാന്‍ എറിഞ്ഞ പന്ത്രണ്ടാം ഓവറില്‍സൂര്യകുമാറിന്‍റെ ബാറ്റില്‍ നിന്ന് തുടര്‍ച്ചയായി മൂന്ന് ബൗണ്ടറികള്‍ പറന്നു. ഒരെണ്ണം കോലിയുടെ ബാറ്റില്‍ നിന്നും. ഒടുവില്‍ സൂര്യകുമാറിനെ(17 പന്തില്‍ 32) മടക്കി ആദില്‍ റഷീദ് ഇംഗ്ലണ്ടിന് ആശ്വസിക്കാന്‍ വക നല്‍കിയെങ്കിലും കോലിക്ക് കൂട്ടായി എത്തിയ ഹര്‍ദ്ദിക് പാണ്ഡ്യയും മോശമാക്കിയില്ല. 36 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച കോലി അവസാന ഓവറുകളില്‍ ഹര്‍ദ്ദികിനൊപ്പം ആഞ്ഞടിച്ചതോടെ ഇന്ത്യന്‍ സ്കോര്‍ 200ലേക്ക് കുതിച്ചു. പത്തൊമ്പതാം ഓവറില്‍ ഇന്ത്യ 200 കടന്നു.

ഇംഗ്ലണ്ട് നിരയില്‍ നാലോവറില്‍ 53 റണ്‍സ് വഴങ്ങിയ മാര്‍ക്ക് വുഡ് ആണ് ഏറ്റവുമധികം റണ്‍സ് വഴങ്ങിയത്. മാര്‍ക്ക് വുഡ് നാലോവറില്‍ റണ്‍സ് വിട്ടുകൊടുത്തു. നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങങ്ങളൊന്നുമില്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. എന്നാല്‍ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ ഇന്ത്യ ഒരു മാറ്റം വരുത്തി. ഫോമിലില്ലാത്ത കെ എല്‍ രാഹുലിന് പകരം പേസ് ബൗളര്‍ ടി നടരാജനെ ഇന്ത്യ ടീമിലുള്‍പ്പെടുത്തി.

click me!