ഇന്ത്യക്ക് അതിന്‍റെ ആവശ്യമില്ലായിരുന്നു; ഇതല്‍പ്പം കടന്ന കൈയായിപ്പോയി; പിച്ച് വിവാദത്തില്‍ അക്തര്‍

By Web TeamFirst Published Mar 1, 2021, 10:57 PM IST
Highlights

സ്വന്തം നാട്ടില്‍ കളിക്കുന്നതിന്‍റെ ആനുകൂല്യം എടുക്കുന്നതില്‍ ഇന്ത്യയെ കുറ്റം പറയാന്‍ പറ്റില്ല. പക്ഷെ മൊട്ടേരയിലെ പിച്ചില്‍ ഇന്ത്യ 400 റണ്‍സടിക്കുകയും ഇംഗ്ലണ്ട് 200ന് ഓള്‍ ഔട്ടാകുകയും ചെയ്തിരുന്നെങ്കില്‍ ഇംഗ്ലണ്ട് മോശമായാണ് കളിച്ചതെന്ന് പറയാമായിരുന്നു.


കറാച്ചി: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് തയാറാക്കിയ പിച്ചിനെച്ചൊല്ലി ഉയര്‍ന്ന വിവാദത്തില്‍ പങ്കുചേര്‍ന്ന് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തറും. സ്വദേശത്ത് കളിക്കുന്നതിന്‍റെ ആനുകൂല്യം ഇന്ത്യ എടുക്കുന്നതിനെ അംഗീകരിക്കുന്നുവെങ്കിലും ഇതല്‍പ്പം കടന്ന കൈയായിപ്പോയെന്ന് അക്തര്‍ തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.

സ്വന്തം നാട്ടില്‍ കളിക്കുന്നതിന്‍റെ ആനുകൂല്യം എടുക്കുന്നതില്‍ ഇന്ത്യയെ കുറ്റം പറയാന്‍ പറ്റില്ല. പക്ഷെ മൊട്ടേരയിലെ പിച്ചില്‍ ഇന്ത്യ 400 റണ്‍സടിക്കുകയും ഇംഗ്ലണ്ട് 200ന് ഓള്‍ ഔട്ടാകുകയും ചെയ്തിരുന്നെങ്കില്‍ ഇംഗ്ലണ്ട് മോശമായാണ് കളിച്ചതെന്ന് പറയാമായിരുന്നു. പക്ഷെ ഇന്ത്യയും 150 പോലും കടന്നില്ല. അതുകൊണ്ടുതന്നെ മൊട്ടേരയില്‍ സ്പിന്‍ ട്രാക്ക് ഒരുക്കിയത് അല്‍പം കടന്നുപോയി എന്ന് പറയേണ്ടിവരും.

ഓസീസ് സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഒരുക്കിയ പിച്ചില്‍ ഓസ്ട്രേലിയയെ കീഴടക്കാമെങ്കില്‍ എന്തിനാണ് പേടിച്ച് ഇന്ത്യ ഇത്തരം പിച്ചൊരുക്കുന്നത്. അവര്‍ കരുത്തുറ്റ ടീമാണെന്ന് പലവട്ടം തെളിയിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ എതിരാളികളെ പേടിച്ച് ഇത്തരം പിച്ചൊരുക്കേണ്ടതില്ല. കാരമം അഡ്‌ലെയ്ഡിലും മെല്‍ബണിലുമൊന്നും ഇന്ത്യക്ക് അനുകൂല പിച്ചൊരുക്കിയതുകൊണ്ടല്ലല്ലോ അവിടെയൊന്നും നിങ്ങള്‍ ജയിച്ചത്.

അതുകൊണ്ടുതന്നെ നല്ല പിച്ചില്‍ നല്ല കളി പുറത്തെടുത്ത് ലോകത്തോട് പറയൂ, ഞങ്ങള്‍ക്ക് വിദേശത്തും സ്വദേശത്തും എല്ലാ സാഹചര്യങ്ങളിലും ജയിക്കാനാവുമെന്ന്-അക്തര്‍ പറഞ്ഞു. പരമ്പരയിലെ നാലാം ടെസ്റ്റിനായി കൂടുതല്‍ മികച്ച പിച്ചാണ് പ്രതീക്ഷിക്കുന്നതെന്നും ഏത് പിച്ചിലും മികവ് തെളിയിക്കാനാവുന്ന ടീമിന് സ്വദേശത്ത് കളിക്കുന്നതിന്‍റെ ആനുകൂല്യം എടുക്കേണ്ട കാര്യമില്ലെന്നും അക്തര്‍ പറഞ്ഞു.

click me!