
മുംബൈ: മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ 147 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. മൂന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സെന്ന പരിതാപകരമായ നിലയിലാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, യശസ്വി ജയ്‌സ്വാള്‍, സര്‍ഫറാസ് ഖാന്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക നഷ്ടമായത്. 22 റണ്‍സോടെ റിഷഭ് പന്തും അഞ്ച് റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍. കിവീസിനായി അജാസ് പട്ടേല്‍ മൂന്ന് വിക്കറ്റെടുത്തു. അഞ്ച് വിക്കറ്റ് മാത്രം കൈയിലിരിക്കെ ഇന്ത്യക്ക് ജയിക്കാന്‍ ഇനിയും 92 റണ്‍സ് കൂടി വേണം.
147 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയാണ് അദ്യം നഷ്ടമായത്. നേരിട്ട ആദ്യ പന്തില്‍ തന്നെ ശക്തമായ എല്‍ബിഡബ്ല്യു അപ്പീലില്‍ നിന്ന് രക്ഷപ്പെട്ട രോഹിത് ബൗണ്ടറിയടിച്ച തുടങ്ങിയെങ്കിലും മൂന്നാം ഓവറിലെ അവസാന പന്തില്‍ മാറ്റ് ഹെന്‍റിയെ പുള്‍ ചെയ്ത് ബൗണ്ടറി കടത്താനുള്ള ശ്രമത്തില്‍ അടിതെറ്റി ഗ്ലെന്‍ ഫിലിപ്സിന് ക്യാച്ച് നല്‍കി മടങ്ങി. 11 പന്തില്‍ 11 റണ്‍സായിരുന്നു രോഹിത്തിന്‍റെ നേട്ടം. പിന്നാലെ അജാസ് പട്ടേലിന്‍റെ പന്തിന്‍റെ ഗതിയറിയാതെ ലീവ് ചെയ്ത ശുഭ്മാന്‍ ഗില്‍(1) ക്ലീന്‍ ബൗള്‍ഡായി. വിരാട് കോലി(1) ഏഴ് പന്ത് നേരിട്ടെങ്കിലും അജാസ് പട്ടേലിനെ പ്രതിരോധിക്കാനുള്ള ശ്രമത്തില്‍ സ്ലിപ്പില്‍ ഡാരില്‍ മിച്ചലിന്‍റെ കൈകളിലെത്തി.
പിന്നാലെ യശസ്വി ജയ്സ്വാളിനെ(5) ഗ്ലെന്‍ ഫിലിപ്സ് വിക്കറ്റിന് മുന്നില്‍ കുടുക്കി. ആദ്യ ഇന്നിംഗ്സില്‍ ഡക്കായ സര്‍ഫറാസ് ഖാനെ(1) അജാസ് പട്ടേല്‍ രചിന്‍ രവീന്ദ്രയുടെ കൈകളിലെത്തിച്ചതോടെ ഇന്ത്യ 29-5ലേക്ക് കൂപ്പുകുത്തി. സിക്സ് അടിച്ച് തുടങ്ങിയ റിഷഭ് പന്ത് രണ്ട് ബൗണ്ടറിയും നേടി ക്രീസിലുണ്ട്. ആദ്യ രണ്ട് ടെസ്റ്റും തോറ്റ് പരമ്പര കൈവിട്ട ഇന്ത്യ സമ്പൂര്‍ണ തോല്‍വിയെന്ന നാണക്കേടിന്‍റെ വക്കിലാണ് ഇപ്പോള്‍. റിഷഭ് പന്തിലാണ് ഇന്ത്യയുടെ അവസാന പ്രതീക്ഷ.
നേരത്തെ 171/9 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ന്യൂസിലന്‍ഡ് മൂന്ന് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് ഓള്‍ ഔട്ടായി. മൂന്നാം ദിനം മൂന്നാം ഓവറില്‍ തന്നെ അജാസ് പട്ടേലിനെ വാഷിംഗ്ടണ്‍ സുന്ദറിന്‍റെ കൈകളിലെത്തിച്ച രവീന്ദ്ര ജഡേജയാണ് കിവീസ് ഇന്നിംഗ്സ് അവസാനിപ്പിച്ചത്. അജാസിനെ(8) പുറത്താക്കിയതോടെ രണ്ടാം ഇന്നിംഗ്സിലും അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജഡേജ മത്സരത്തിലാകെ 10 വിക്കറ്റ് നേട്ടം തികച്ചു. 55 റണ്‍സ് വഴങ്ങയാണ് ജഡേജ അഞ്ച് വിക്കറ്റ് തികച്ചത്. അശ്വിന്‍ മൂന്നും ആകാശ് ദീപ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!