പൂനെയിലും കാത്തിരിക്കുന്നത് സ്പിന്‍ ചുഴി; മുന്നറിയിപ്പുമായി ഡൂപ്ലെസി

By Web TeamFirst Published Oct 8, 2019, 8:21 PM IST
Highlights

രണ്ടാം ടെസ്റ്റില്‍ ടോസ് ഏറെ നിര്‍ണായകമാകുമെന്നും ഡൂപ്ലെസി പറഞ്ഞു. ടോസ് ജയിക്കുന്നവര്‍ക്ക് പൂനെയിലും ആനുകൂല്യം ലഭിക്കും.

പൂനെ: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് വേദിയാവുന്ന പൂനെയിലും ദക്ഷിണാഫ്രിക്കയെ കാത്തിരിക്കുന്നത് സ്പിന്‍ ചുഴിയാണെന്ന് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡൂപ്ലെസി. ഇന്ത്യന്‍ സാഹചര്യങ്ങളെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണയുണ്ട്. വിശാഖപട്ടണത്തെ പിച്ചിനെ അപേക്ഷിച്ച് പൂനെയിലേത് കുറച്ചു കൂടി സിപ്പന്നര്‍മാരെ സഹായിക്കുന്ന പിച്ചാണ്. അതുകൊണ്ടുതന്നെ ആദ്യ ടെസ്റ്റിനേക്കാള്‍ പന്ത് കൂടുതല്‍ കുത്തിത്തിരിയുമെന്നാണ് പ്രതീക്ഷിക്കുന്നത്-ഡൂപ്ലെസി പറഞ്ഞു.

രണ്ടാം ടെസ്റ്റില്‍ ടോസ് ഏറെ നിര്‍ണായകമാകുമെന്നും ഡൂപ്ലെസി പറഞ്ഞു. ടോസ് ജയിക്കുന്നവര്‍ക്ക് പൂനെയിലും ആനുകൂല്യം ലഭിക്കും. ആദ്യം ബാറ്റ് ചെയ്ത് വലിയ സ്കോര്‍ നേടി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാനാണ് ശ്രമം. ടീമെന്ന നിലയില്‍ തിരിച്ചുവരാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് കഴിയുമെന്നും ഡൂപ്ലെസി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയന്റ് സമ്പ്രദായം അല്‍പം സങ്കീര്‍ണമാണെന്ന് ഡൂപ്ലെസി പറഞ്ഞു. രണ്ട് ടെസ്റ്റ് അടങ്ങിയ പരമ്പര ജയിച്ചാല്‍ 120 പോയന്റ് ലഭിക്കും. അതേസമയം അഞ്ച് ടെസ്റ്റ് അടങ്ങിയ പരമ്പര 5-0ന് സ്വന്തമാക്കിയാലും 120 പോയന്റ് മാത്രമം ലഭിക്കുകയുള്ളു. അതുകൊണ്ടുതന്നെ ഇത് മികച്ച രീതിയാണെന്ന് പറയാനാവില്ലെന്നും ഡൂപ്ലെസി പറഞ്ഞു.

വിശാഖപട്ടണത്ത് നടന്ന ആദ്യ ടെസ്റ്റില്‍ അശ്വിന്‍ ഇന്ത്യക്കായി ഏഴ് വിക്കറ്റെടുത്തിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ മുഹമ്മദ് ഷമി അഞ്ചും രവീന്ദ്ര ജഡേജ നാലും വിക്കറ്റെടുത്താണ് ദക്ഷിണാഫ്രിക്കയെ തോല്‍വിയിലേക്ക് തള്ളിയിട്ടത്. ബുധനാഴ്ചയാണ് പുനെയില്‍ രണ്ടാം ടെസ്റ്റിന് തുടക്കമാവുക.

click me!