ടിക്കറ്റ് 1500 രൂപ മുതല്‍, വിദ്യാര്‍ഥികള്‍ക്ക് ഇളവ്; കാര്യവട്ടം ടി20യുടെ ടിക്കറ്റ് വില്‍പന തുടങ്ങി

By Jomit JoseFirst Published Sep 20, 2022, 7:33 AM IST
Highlights

അപ്പര്‍ ടയര്‍ ടിക്കറ്റിന് 1500 രൂപ, വിദ്യാര്‍ത്ഥികൾക്ക് 750 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഈമാസം 28ന് നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്‍റി 20യുടെ ടിക്കറ്റ് വിൽപ്പന തുടങ്ങി. 1500 രൂപാ മുതലാണ് ടിക്കറ്റ് നിരക്ക്. ഇരു ടീമുകളും തിങ്കളാഴ്‌ച തിരുവനന്തപുരത്തെത്തും. അതിനിടെ സ്റ്റേഡിയത്തിലേക്കുള്ള വൈദ്യുതി ബന്ധം കെഎസ്ഇബി പുനസ്ഥാപിച്ചു. 

അപ്പര്‍ ടയര്‍ ടിക്കറ്റിന് 1500 രൂപ, വിദ്യാര്‍ത്ഥികൾക്ക് 750 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍. വിദ്യാര്‍ത്ഥികൾക്കുള്ള ടിക്കറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങൾ വഴി മാത്രമായിരിക്കും ലഭ്യം. 50 ശതമാനം ഇളവിൽ ടിക്കറ്റ് ആവശ്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരള ക്രിക്കറ്റ് അസോസിയേഷനെ സമീപിക്കണം. പവിലിയന് 2750 രൂപ നൽകണം. കെസിഎ ഗ്രാൻഡ് സ്റ്റാൻഡിന് ഭക്ഷണം അടക്കം 6000 രൂപ നൽകണം. പേടിഎം ഇൻസൈഡര്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ഒരു മെയിൽ ഐഡിയിൽ നിന്ന് മൂന്ന് ടിക്കറ്റ് എടുക്കാം. ടിക്കറ്റ് വില്‍പനയ്ക്ക് അക്ഷയ കേന്ദ്രങ്ങളുമായി കെസിഎ ധാരണയിലെത്തി. 

അതിനിടെ 2.36 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക വരുത്തിയതിന് വിഛേദിച്ച വൈദ്യുതി കെഎസ്ഇബി പുനസ്ഥാപിച്ചു. സര്‍ക്കാര്‍ തലത്തിൽ നടത്തിയ ഇടപെടലിന് പിന്നാലെയാണ് ആറ് ദിവസത്തിന് ശേഷം സ്റ്റേ‍ഡിയത്തിൽ വൈദ്യുതിയെത്തിയത്. മത്സരത്തിന്‍റെ ഒരുക്കങ്ങൾ നടക്കുന്നതിനിടെ ഫ്യൂസ് ഊരാൻ നിര്‍ദ്ദേശം നൽകിയ കെഎസ്ഇബി ഉദ്യോഗസ്ഥനെ കെസിഎ വിമര്‍ശിച്ചു. 

ഈ മാസം 28ന് മത്സരം നടക്കാനിരിക്കെയാണ് കാര്യവട്ടം സ്റ്റേഡിയത്തിന്‍റെ വൈദ്യുതി വിച്ഛേദിച്ചത്. ഇത് മത്സരത്തെ ആശങ്കയിലാക്കിയിരുന്നു. 2.36 കോടി രൂപയുടേതാണ് വൈദ്യുതി കുടിശ്ശിക നൽകാത്തതിനെത്തുടര്‍ന്നാണ് വൈദ്യുതി ബന്ധം കെഎസ്ഇബി വിഛേദിച്ചത്. പലവട്ടം നോട്ടീസ് നൽകിയിട്ടും പണം അടയ്ക്കാത്തതിന് പിന്നാലെ ചൊവ്വാഴ്ചയാണ് സെഷൻ ഓഫീസ് കാര്യംവട്ടം സ്റ്റേഡിയത്തിന്‍റെ ഫ്യൂസ് കഴക്കൂട്ടം കെഎസ്ഇബി ഊരിയത്. കുടിശ്ശിക നൽകിയില്ലെങ്കിൽ കണക്ഷൻ റദ്ദാക്കുമെന്ന് വാട്ടര്‍ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

ഫ്യൂസൂരിയത് നാണക്കേടായി, പിന്നില്‍ ചില സ്‍മാർട്ട് ഉദ്യോഗസ്ഥർ; കെഎസ്‌ഇബിക്കെതിരെ കേരള ക്രിക്കറ്റ്‌ അസോസിയേഷൻ

click me!