"പരിതാപകരം'; ദക്ഷിണാഫ്രിക്കയുടെ തന്ത്രത്തെ വിമര്‍ശിച്ച് മുന്‍ നായകന്‍

By Web TeamFirst Published Oct 19, 2019, 5:32 PM IST
Highlights

ബാവുമ ടോസ് വിളിച്ചിട്ടും ദക്ഷിണാഫ്രിക്കയ്ക്ക് പക്ഷെ ടോസ് കിട്ടിയതുമില്ല.ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയും ചെയ്തു. ഇതാണ് ഗ്രെയിം സ്മിത്തിനെ ചൊടിപ്പിച്ചത്.

റാഞ്ചി:ടോസിലെ ഭാഗ്യം തുണയ്ക്കാനായി ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ക്യാപ്റ്റന് പകരം മറ്റൊരു കളിക്കാരനെ (പ്രോക്സി ക്യാപ്റ്റന്‍) ടോസിനായി കൂടെ കൂട്ടിയ ദക്ഷിണാഫ്രിക്കയുടെ തീരുമാനത്തെ പരിതാപകരമെന്ന് വിശേഷിപ്പിച്ച് മുന്‍ നായകന്‍ ഗ്രെയിം സ്മിത്ത്. മൂന്നാം ടെസ്റ്റില്‍ ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിക്കൊപ്പം ടോസിനായി മധ്യനിര ബാറ്റ്സ്മാന്‍ ടെംബാ ബാവുമയും കോലിക്കൊപ്പം എത്തിയിരുന്നു.

ബാവുമ ടോസ് വിളിച്ചിട്ടും ദക്ഷിണാഫ്രിക്കയ്ക്ക് പക്ഷെ ടോസ് കിട്ടിയതുമില്ല.ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയും ചെയ്തു. ഇതാണ് ഗ്രെയിം സ്മിത്തിനെ ചൊടിപ്പിച്ചത്. ടോസിലെ ഭാഗ്യം തുണയ്ക്കാനായി പ്രോക്സി ക്യാപ്റ്റനെ കൂടെ കൂട്ടിയ നടപടി ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ മൊത്തം മാനസികാവസ്ഥയാണ് കാണിക്കുന്നതെന്ന് സ്മിത്ത് പറഞ്ഞു.

ഇന്ത്യയില്‍ ടോസ് നിര്‍ണായകമാണെങ്കിലും ടോസില്‍ തോറ്റാലും മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ ജയിക്കാനാവുമെന്ന ആത്മവിശ്വാസം ടീമിനില്ലാതെ പോയെന്നും സ്മിത്ത് പറഞ്ഞു. ഡൂപ്ലെസി തന്നെയായിരുന്നു ടോസ് വിളിക്കേണ്ടിയിരുന്നതെന്നും സ്മിത്ത് പറഞ്ഞു.

വിദേശ പരമ്പരകളില്‍ തുടര്‍ച്ചയായ ഏഴാമത്തെ ടെസ്റ്റിലാണ് ഡൂപ്ലെസി ടോസ് തോല്‍ക്കുന്നത്. ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിലും ഡൂപ്ലെസിക്ക് ടോസ് നഷ്ടമായിരുന്നു.

click me!