India vs South Africa: ബോക്സിംഗ് ഡേ ടെസ്റ്റിനുള്ള ടീമില്‍ ആരൊക്കെ, സൂചന നല്‍കി കെ എല്‍ രാഹുല്‍

By Web TeamFirst Published Dec 24, 2021, 10:56 PM IST
Highlights

സെഞ്ചൂറിയനിലെ സൂപ്പര്‍ സ്പോര്‍ട്ട് പാര്‍ക്കിലെ പിച്ച് തുടക്കത്തില്‍ വേഗം കുറഞ്ഞതായിരിക്കുമെന്നും പിന്നീട് പേസ് ബൗളര്‍മാരെ തുണക്കുമെന്നുള്ള ദക്ഷിണാഫ്രിക്കന്‍ സീമര്‍ ഡുനൈന്‍ ഒലിവറുടെ അഭിപ്രായത്തോട് രാഹുലും യോജിച്ചു

സെഞ്ചൂറിയന്‍: സെഞ്ചൂറിയനില്‍ ഞായറാഴ്ച ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ബോക്സിംഗ് ഡേ ടെസ്റ്റില്‍ (SA vs IND) ഇന്ത്യയുടെ അന്തിമ ഇലവനില്‍ ആരൊക്കെയുണ്ടാവുമെന്ന സൂചന നല്‍കി വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍(KL Rahul). ആദ്യ ടെസ്റ്റില്‍ ഇന്ത്യ അ‍ഞ്ച് ബൗളര്‍മാരുമായി ഇറങ്ങാനാണ് സാധ്യതയെന്ന് രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ സൂചിപ്പിച്ചു.

നാല് ബൗളര്‍മാരുമായി ഇറങ്ങി ഒരു ബാറ്ററെ അധികം കളിപ്പിക്കുമോ എന്ന ചോദ്യത്തിന് എല്ലാ ടീമുകളെയും പോലെ നമ്മളും എതിരാളികളുടെ 20 വിക്കറ്റെടുക്കാനാണ് ശ്രമിക്കുന്നത്. വിദേശ പരമ്പരകളില്‍ അഞ്ച് ബൗളര്‍മാരുമായി കളിക്കുക എന്ന തന്ത്രം വിജയകരമായി നടപ്പാക്കാന്‍ നമുക്കായിട്ടുണ്ട്. അഞ്ച് ബൗളര്‍മാരുമായി ഇറങ്ങുന്നത് ബൗളര്‍മാരുടെ ജോലിഭാരം കുറക്കാനും സഹായിക്കുമെന്നും രാഹുല്‍ പറഞ്ഞു.

സെഞ്ചൂറിയനിലെ സൂപ്പര്‍ സ്പോര്‍ട്ട് പാര്‍ക്കിലെ പിച്ച് തുടക്കത്തില്‍ വേഗം കുറഞ്ഞതായിരിക്കുമെന്നും പിന്നീട് പേസ് ബൗളര്‍മാരെ തുണക്കുമെന്നുള്ള ദക്ഷിണാഫ്രിക്കന്‍ സീമര്‍ ഡുനൈന്‍ ഒലിവറുടെ അഭിപ്രായത്തോട് രാഹുലും യോജിച്ചു. ഒലിവര്‍ എറെക്കാലമായി ഇവിടെ കളിക്കുന്നതിനാല്‍ അദ്ദേഹത്തിന് ഇവിടുതെ സാഹചര്യങ്ങളെക്കുറിച്ച് ധാരണയുണ്ടെന്ന് പറഞ്ഞ രാഹുല്‍ കഴിഞ്ഞ തവണ ഇവിടെ കളിച്ചപ്പോള്‍ തുടക്കത്തില്‍ സ്ലോ ആയിരുന്ന പിച്ച് പിന്നീട് വേഗതേയറുകയും അവസാന ദിവസങ്ങളില്‍ വീണ്ടും വേഗം കുറയുകയും ചെയ്തുവെന്നും വ്യക്തമാക്കി.

ഞായറാഴ്ച ആരംഭിക്കുന്ന മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരത്തില്‍ അജിങ്ക്യാ രഹാനെ കളിക്കുമോ എന്ന കാര്യത്തില്‍ രാഹുല്‍ ഉറപ്പ് നല്‍കിയില്ല. മധ്യനിരയില്‍ഡ രഹാനെയുടെ റോള്‍ നിര്‍ണായകമാണെന്നും ഓസ്ട്രേലിയക്കെതിരെ മെല്‍ബണില്‍ രഹാനെ നേടിയ സെഞ്ചുറിയും ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സില്‍ നേടിയ അര്‍ധസെഞ്ചുറിയും ഏറെ നിര്‍ണായകമായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു. ലഭിച്ച അവസരത്തില്‍ തിളങ്ങിയ ശ്രേയസ് അയ്യരും എ ടീമിനൊപ്പം ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ഹനുമാ വിഹാരിയും ടീമിലുള്ളപ്പോള്‍ അഞ്ചാം നമ്പറില്‍ ആര് കളിക്കുമെന്നത് ബുദ്ധിമുട്ടേറിയ തീരുമാനമായിരിക്കുമെന്നും രാഹുല്‍ പറ‍ഞ്ഞു.

click me!