Latest Videos

സെഞ്ചുറി വീരന്‍ രോഹിത് വീണു; പ്രതീക്ഷയായി മായങ്കും പൂജാരയും

By Web TeamFirst Published Oct 10, 2019, 10:57 AM IST
Highlights

രണ്ട് ടീമുകളിലും ഓരോ മാറ്റം വീതമാണുള്ളത്. ടീം ഇന്ത്യ ഹനുമ വിഹാരിക്ക് പകരം ഉമേഷ് യാദവിനെ ടീമിലെത്തിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക ഡാനെ പിഡെറ്റിന് പകരം ആന്‍‍റിച്ച് നോര്‍ജെയെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്

പൂനെ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ രോഹിത് ശര്‍മ്മയെ നഷ്ടമായി. കഴിഞ്ഞ കളിയിലെ സെഞ്ചുറിവീരന്‍ രോഹിതിനെ 14 റണ്‍സിനാണ് റബാഡ പറഞ്ഞയച്ചത്. ടീം സ്കോര്‍ 25 ലെത്തിയപ്പോള്‍ രോഹിതിനെ വിക്കറ്റ് കീപ്പര്‍ ഡികോക്കിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു റബാഡ.

പിന്നീടെത്തിയ പൂജാരയും ഓപ്പണര്‍ മായങ്കും ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ മുന്നോട്ട് കൊണ്ടുപോകുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 1 വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സ് നേടിയിട്ടുണ്ട്. മായങ്ക് 30 ഉം പൂജാര 14 റണ്‍സും നേടിയിട്ടുണ്ട്.

രണ്ട് ടീമുകളിലും ഓരോ മാറ്റം വീതമാണുള്ളത്. ടീം ഇന്ത്യ ഹനുമ വിഹാരിക്ക് പകരം ഉമേഷ് യാദവിനെ ടീമിലെത്തിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക ഡാനെ പിഡെറ്റിന് പകരം ആന്‍‍റിച്ച് നോര്‍ജെയെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.

മത്സരത്തിൽ ജയിച്ചാൽ മൂന്ന് ടെസ്റ്റുകളുടെ പരമ്പര സ്വന്തമാക്കാം എന്ന ആത്മവിശ്വാസത്തിലാണ് കോലിയും സംഘവും കളത്തിലെത്തുന്നത്. വിശാഖപട്ടണത്ത് നടന്ന ആദ്യ ടെസ്റ്റില്‍ 203 റൺസിന്‍റെ മിന്നും വിജയമാണ് ടീം ഇന്ത്യ സംഘവും പിടിച്ചെടുത്തത്. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മികവ് കാട്ടിയ ഇന്ത്യ അക്ഷരാര്‍ഥത്തില്‍ ദക്ഷിണാഫ്രിക്കയുടെ സ്വപ്നങ്ങളെ കശക്കിയെറിയുകയായിരുന്നു.

ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ എന്ന നിലയിലുള്ള കോലിയുടെ 50-ാമത്തെ മത്സരം എന്ന പ്രത്യേകതയും രണ്ടാം ടെസ്റ്റിനുണ്ട്. ഇതുവരെ 49 മത്സരങ്ങളില്‍ നിന്ന് 29 വിജയങ്ങള്‍ സ്വന്തമാക്കാന്‍ കോലിക്ക് സാധിച്ചിട്ടുണ്ട്. രണ്ടാം ടെസ്റ്റില്‍ വിജയം ആവര്‍ത്തിച്ചാല്‍ നാട്ടില്‍ തുടര്‍ച്ചയായ 11-ാം പരമ്പര വിജയവും ഇന്ത്യക്ക് ആഘോഷിക്കാം.

അതേസമയം, വിജയമോ സമനിലയോ നേടി പരമ്പരയുടെ ജീവന്‍ നിലനിര്‍ത്താന്‍ ദക്ഷിണാഫ്രിക്ക ശ്രമിക്കുമെന്നുറപ്പാണ്. ആര്‍ അശ്വിന്‍-രവീന്ദ്ര ജഡേജ സ്പിന്‍ കോംബോയെ നേരിടുന്നതാകും ആഫ്രിക്കയ്ക്ക് വെല്ലുവിളി. വിശാഖപട്ടണത്ത് വിജയം കണ്ട രോഹിക്-മായങ്ക് അഗര്‍വാള്‍ കൂട്ട് തന്നെയാകും ഓപ്പണിംഗില്‍ ഇന്ത്യയുടെ ശക്തി. ഒപ്പം ചേതേശ്വര്‍ പൂജാരയും വിരാട് കോലിയും അജിങ്ക്യ രഹാനെയും ചേരുമ്പോള്‍ മധ്യനിരയും കരുത്തുറ്റതാകും. സ്പിന്നിനെ തുണയ്ക്കുന്ന വിക്കറ്റാണ് പൂനെയിൽ ഒരുക്കിയിരിക്കുന്നത്. മഴയ്ക്ക് നേരിയ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്.

click me!