ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പരമ്പര തൂത്തുവാരാന്‍ ഇന്ത്യ ഇന്നിറങ്ങും; പന്ത് ഓപ്പണറായേക്കും- സാധ്യതാ ഇലവന്‍

By Web TeamFirst Published Oct 4, 2022, 8:58 AM IST
Highlights

ബുംറയുടെയും ഭുവനേശ്വറിന്റെയും അഭാവത്തില്‍ ഡെത്ത് ബൗളിംഗിലെ തകര്‍ച്ചയാണ് ഇന്ത്യയുടെ ആശങ്ക. രണ്ടാം മത്സരത്തില്‍ അവസാന പത്ത് ഓവറില്‍ മാത്രം ഇന്ത്യ വഴങ്ങിയത് 153 റണ്‍സാണ്.

ഇന്‍ഡോര്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര തൂത്തുവാരാന്‍ ഇന്ത്യ ഇന്നിറങ്ങും. മൂന്നാം ടി20 വൈകീട്ട് ഏഴിന് ഇന്‍ഡോറിലാണ് നടക്കുന്നത്. വിരാട് കോലിക്കും കെ എല്‍ രാഹുലിനും ഇന്ന് വിശ്രമം നല്‍കിയേക്കും. ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സ്വന്തം മണ്ണില്‍ ട്വന്റി 20 പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇന്‍ഡോറില്‍ ഇറങ്ങുന്നത്. പരമ്പര തൂത്തുവാരി ലോകകപ്പിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ് രോഹിത്തും സംഘവും.

ബാറ്റിംഗില്‍ മുന്‍നിര താരങ്ങളെല്ലാം ഫോമിലേക്കുയര്‍ന്നതിന്റെ കരുത്തുണ്ട് ആതിഥേയര്‍ക്ക്. വെടിക്കെട്ട് ബാറ്റിംഗ് തുടരുന്ന സൂര്യകുമാറിനൊപ്പം രാഹുലും രോഹിത്തും കോലിയുമെല്ലാം ഫോമില്‍. ഇന്ത്യയുടെ ഏറ്റവുമുയര്‍ന്ന ടി20 സ്‌കോറായ 260 റണ്‍സ് പിറന്ന മണ്ണാണ് ഇന്‍ഡോര്‍. കോലിയുടെ അഭാവത്തില്‍ വണ്‍ ഡൗണായി സൂര്യയെത്തും. റിഷഭ് പന്തിനെ ഓപ്പണറായി പരീക്ഷിച്ചേക്കും. നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ കളിക്കും. ദിനേശ് കാര്‍ത്തിക് അഞ്ചാം നമ്പറിലും അക്‌സര്‍ പട്ടേല്‍ ആറാം നമ്പറിലും ഇറങ്ങുമ്പോള്‍ രവിചന്ദ്ര അശ്വിനാവും ഏഴാം നമ്പറിലെത്തുക.

ഒടുവില്‍ ആ തീരുമാനം ഔദ്യോഗികമാക്കി ബിസിസിഐ, ജസപ്രീത് ബുമ്ര ലോകകപ്പിനില്ല

ബുംറയുടെയും ഭുവനേശ്വറിന്റെയും അഭാവത്തില്‍ ഡെത്ത് ബൗളിംഗിലെ തകര്‍ച്ചയാണ് ഇന്ത്യയുടെ ആശങ്ക. രണ്ടാം മത്സരത്തില്‍ അവസാന പത്ത് ഓവറില്‍ മാത്രം ഇന്ത്യ വഴങ്ങിയത് 153 റണ്‍സാണ്. ബെഞ്ചിലിരിക്കുന്ന താരങ്ങള്‍ക്കും ഇത്തവണ അവസരം കിട്ടിയേക്കും. ഹര്‍ഷല്‍ പട്ടേല്‍ കളിക്കില്ലെങ്കില്‍ ഉമേഷ് യാദവ് ടീമിലെത്തും. യുസ്‌വേന്ദ്ര ചഹലിന് അവസരം നല്‍കുന്നതും ടീം പരിഗണിക്കും. 

ടോപ് ഓര്‍ഡറിലെ പിഴവാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആശങ്കയാകുന്നത്. രണ്ട് മത്സരത്തിലും പൂജ്യത്തിന് പുറത്തായ ക്യാപ്റ്റന്‍ ടെംപ ബാവുമയ്ക്കും റൂസോയ്ക്കും മത്സരം നിര്‍ണായകം. റൂസോയെ മാറ്റി റീസ ഹെന്‍ഡ്രിക്‌സിനെ കളിപ്പിക്കുന്നതും ആലോചനയിലുണ്ട്.

ടി20 ലോകകപ്പിന് മുമ്പ് ഐസിസി റാങ്കിംഗില്‍ ഒന്നാം റാങ്ക് ഉറപ്പാക്കി സൂര്യകുമാര്‍; റിസ്‌വാന് തിരിച്ചടി

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം: റിഷഭ് പന്ത്, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചാഹര്‍, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്/ യൂസ്‌വേന്ദ്ര ചാഹല്‍.
 

click me!