ആത്മവിശ്വാസത്തോടെ രോഹിത്- രഹാനെ സഖ്യം; വന്‍ സ്കോര്‍ ലക്ഷ്യമിട്ട് ടീം ഇന്ത്യ

By Web TeamFirst Published Oct 20, 2019, 8:57 AM IST
Highlights
  • രോഹിത്- രഹാനെ സഖ്യമാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്
  • 117 റൺസുമായി രോഹിത് ശർമ്മയും 83 റൺസുമായി അജിങ്ക്യ രഹാനെയും ക്രീസില്‍
  • പരമ്പരയിലെ മൂന്നാം സെഞ്ചുറി സ്വന്തമാക്കി രോഹിത്

റാഞ്ചി: റാഞ്ചി ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കൂറ്റൻ സ്കോർ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ബാറ്റിംഗ് പുനരാരംഭിക്കും. മൂന്ന് വിക്കറ്റിന് 224 റൺസ് എന്ന നിലയിലാണ് ഇന്ത്യ ഇന്നലെ കളി അവസാനിപ്പിച്ചത്. വെളിച്ചക്കുറവ് മൂലം 58 ഓവര്‍ മാത്രമാണ് ആദ്യ ദിനം എറിയാനായത്. 117 റൺസുമായി രോഹിത് ശർമ്മയും 83 റൺസുമായി അജിങ്ക്യ രഹാനെയുമാണ് ഇപ്പോള്‍ ക്രീസിൽ.

മായങ്ക് അഗർവാൾ പത്തും ചേതേശ്വർ പുജാര പൂജ്യത്തിനും ക്യാപ്റ്റൻ വിരാട് കോലി പന്ത്രണ്ടും റൺസിന് പുറത്തായി. കഗിസോ റബാദ ദക്ഷിണാഫ്രിക്കയ്ക്കായി രണ്ട് വിക്കറ്റെടുത്തു. രോഹിത്തിന്റെ സെഞ്ചുറി തന്നെയായിരുന്നു ആദ്യദിവസത്തെ പ്രത്യേകത. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് 39 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി.

പിന്നീട് ഒത്തുച്ചേര്‍ന്ന രോഹിത്- രഹാനെ സഖ്യമാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഇതുവരെ ഇരുവരും 185 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇതിനിടെ പരമ്പരയിലെ മൂന്നാം സെഞ്ചുറിയും രോഹിത് സ്വന്തമാക്കി. ടെസ്റ്റ് കരിയറിലെ ആറാം സെഞ്ചുറിയും. 164 പന്തുകള്‍ നേരിട്ട രോഹിത് ഇതുവരെ നാല് സിക്‌സും 14 ഫോറും കണ്ടെത്തി.

ഡെയ്ന്‍ പീറ്റിനെതിരെ സിക്‌സ നേടിയാണ് രോഹിത് സെഞ്ചുറി പൂര്‍ത്തിയാക്കയത്. വിശാഖപട്ടണത്ത് നടന്ന ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും രോഹിത് സെഞ്ചുറി നേടിയിരുന്നു. രോഹിത്തിന് കൂട്ടുള്ള രഹാനെയും മികച്ച ഫോമിലാണ്. ഇതുവരെ 11 ഫോറും ഒരു സിക്‌സും രഹാനെയുടെ ബാറ്റില്‍ നിന്ന് പിറന്നു. പ്രതീക്ഷിച്ച തുടക്കമല്ല ഇന്ത്യക്ക് ലഭിച്ചത്. അഞ്ചാം ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി.

മായങ്കിനെ റബാദയുടെ പന്തില്‍ ഡീന്‍ എല്‍ഗാര്‍ പിടികൂടുകയായിരുന്നു. പൂജാരയ്ക്കും അധികനേരം ആയുസുണ്ടായിരുന്നില്ല. റബാദയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഈ പരമ്പരയില്‍ ഇതുവരെ ഒരു അര്‍ധ സെഞ്ചുറി മാത്രമാണ് പൂജാരയ്ക്ക് നേടാന്‍ സാധിച്ചത്. കോലി ആന്റിച്ച് നോര്‍ജെയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. നേരത്തെ, ഷഹബാസ് നദീമിനെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. താരത്തിന്റെ അരങ്ങേറ്റ ടെസ്റ്റാണിത്. ഇശാന്ത് ശര്‍മയ്ക്ക് പകരമാണ് നദീം ടീമിലെത്തിയത്. ഈ ഒരു മാറ്റമാണ് ഇന്ത്യ വരുത്തിയത്. മൂന്ന് സ്പിന്നര്‍മാരും രണ്ട് പേസര്‍മാരുമാണ് ഇന്ത്യന്‍ ടീമിലുണ്ട്.

click me!