
ലഖ്നൗ: ടി20 ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയില്‍ ജസ്പ്രീത് ബുമ്രയെ(Jasprit Bumrah) പിന്നിലാക്കി യുസ്‌വേന്ദ്ര ചാഹല്‍(Yuzvendra Chahal) ഇന്ത്യന്‍ ബൗളര്‍മാരില്‍ ഒന്നാമതെത്തി. ഇടവേളക്കുശേഷം ബുമ്ര ടീമില്‍ തിരിച്ചെത്തിയ മത്സരത്തിലായിരുന്നു ചാഹലിന്‍റെ നേട്ടം. ശ്രീലങ്കന്‍ ഇന്നിംഗ്സിലെ പതിനൊന്നാം ഓവറില്‍ ലങ്കന്‍ നായകന്‍ ദസുന്‍ ഷനകയെ ഭുവനേശ്വര്‍ കുമാറിന്‍റെ കൈകളിലെത്തിച്ചാണ് ചാഹല്‍ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്.
ഷനകയുടെ വിക്കറ്റോടെ ടി20യിലെ ചാഹലിന്‍റെ വിക്കറ്റ് നേട്ടം 67 ആയി. 66 വിക്കറ്റ് നേടിയിട്ടുള്ള ജസ്പ്രീത് ബുമ്ര ചാഹലിന്‍റെ പിന്നില്‍ രണ്ടാം സ്ഥാനത്തായി. 52 മത്സരങ്ങളില്‍ നിന്നാണ് ചാഹല്‍ 67 വിക്കറ്റെടുത്തത്. അതേസമയം ജസ്‌പ്രീത് ബുമ്ര 56 മത്സരങ്ങളില്‍ നിന്നാണ് 66 വിക്കറ്റ് നേടിയത്.
51 മത്സരങ്ങളില്‍ 61 വിക്കറ്റുള്ള ആര്‍ അശ്വിനാണ് ടി20 വിക്കറ്റ് വേട്ടയില്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ മൂന്നാം സ്ഥാനത്തുള്ളത്. ഭുവനേശ്വര്‍ കുമാര്‍ (58 മത്സരങ്ങളില്‍ 57 വിക്കറ്റ്), രവീന്ദ്ര ജഡേജ(56 മത്സരങ്ങളില്‍ 47 വിക്കറ്റ്) എന്നിവരാണ് വിക്കറ്റ് വേട്ടയില്‍ ആദ്യ അഞ്ചിലുള്ള ഇന്ത്യന്‍ ബൗളര്‍മാര്‍.
2016 ജൂണില്‍ സിംബാബ്‌വെക്കെതിരെ ഹരാരെയില്‍ രാജ്യാന്തര ടി20യില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച ചാഹല്‍ ഇടക്കാലത്ത് മോശം ഫോമിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായിരുന്നു. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും ചാഹലിന് ഇടം നേടാനായിരുന്നില്ല.
പിന്നീട് കഴിഞ്ഞ ആഴ്ച അവസാനിച്ച വെസ്റ്റ ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലൂടെയാണ് ചാഹല്‍ ടി20 ടീമില്‍ തിരിച്ചെത്തിയത്. അതിന് മുമ്പ് വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ഏകദിന പരമ്പരയില്‍ രണ്ട് മത്സരങ്ങളില്‍ കളിച്ച ചാഹല്‍ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയിരുന്നു.
ലങ്കാദഹനവുമായി ഇന്ത്യ
ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ തകര്‍ത്തത് 62 റണ്‍സിനായിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 53 റണ്‍സുമായി പുറത്താകാതെ നിന്ന ചരിത് അസലങ്കയായിരുന്നു ലങ്കയുടെ ടോപ് സ്കോറര്‍. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാറും വെങ്കടേഷ് അയ്യരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ രണ്ടാം മത്സരം ശനിയാഴ്ച ധര്‍മശാലയില്‍ നടക്കും.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇഷാന്‍ കിഷന്‍റെയും(56 പന്തില്‍ 89) ശ്രേയസ് അയ്യരുടെയും(28 പന്തില്‍ 57)വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് മികച്ച സ്കോര്‍ കുറിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 32 പപന്തില്‍ 44 റണ്‍സെടുത്തു. മലയാളി താരം സഞ്ജു സാംസണും പ്ലേയിംഗ് ഇലവനില്‍ ഉണ്ടായിരുന്നെങ്കിലും ബാറ്റിംഗിന് അവസരം ലഭിച്ചില്ല.