രണ്ട് മാറ്റത്തിന് സാധ്യത! ഷമി തിരിച്ചെത്തിയേക്കും, കിഷന് സ്ഥാനം നഷ്ടമാവും? ഇന്ത്യ ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ

Published : Sep 12, 2023, 08:31 AM ISTUpdated : Sep 12, 2023, 08:33 AM IST
രണ്ട് മാറ്റത്തിന് സാധ്യത! ഷമി തിരിച്ചെത്തിയേക്കും, കിഷന് സ്ഥാനം നഷ്ടമാവും? ഇന്ത്യ ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ

Synopsis

പാകിസ്ഥാനെതിരെ 228 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ ഇന്നലെ നേടിയത്. എല്ലാവരും ഫോമിലേക്ക് തിരിച്ചെത്തിയതാണ് ഇന്ത്യയുടെ ആത്മവിശ്വാസം.

കൊളംബൊ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ. ആദ്യ മത്സരം ജയിച്ചാണ് ഇരുവരും വരുന്നത്. ഇന്നലെ പാകിസ്ഥാനെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ശ്രീലങ്ക ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചിരുന്നു. ഇന്ന് ജയിക്കുന്ന ടീം ഫൈനിലെത്തും. ബംഗ്ലാദേശിന്റെ സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചു. ശ്രീലങ്ക പരാജയപ്പെട്ടാല്‍ പാകിസ്ഥാനെതിരായ മത്സരം ഫൈനലിന്റെ പ്രതീതി ഉണര്‍ത്തും. 

പാകിസ്ഥാനെതിരെ 228 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ ഇന്നലെ നേടിയത്. എല്ലാവരും ഫോമിലേക്ക് തിരിച്ചെത്തിയതാണ് ഇന്ത്യയുടെ ആത്മവിശ്വാസം. നാല് മുന്‍നിര താരങ്ങളുടെ കരുത്തില്‍ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 356 റണ്‍സാണ് ഇന്ത്യ നേടിയത്. മറുപടി ബാറ്റിംഗിനെത്തിയ കുല്‍ദീപ് യാദവിന്റെ അഞ്ച് വിക്കറ്റ് കരുത്തില്‍ ഇന്ത്യ എറിഞ്ഞിട്ടു. അതുകൊണ്ടുതന്നെ ശ്രീലങ്കയ്‌ക്കെതിരായ ഇന്നത്തെ മത്സരത്തിന് മാറ്റത്തിന് സാധ്യതയില്ല.

ഓപ്പണര്‍മായ രോഹിത് ശര്‍മ - ശുഭ്മാന്‍ ഗില്‍ സഖ്യം ഫോമിലാണ്. മൂന്നാമത് ഇറങ്ങുന്ന വിരാട് കോലി പാകിസ്ഥാനെതിരെ സെഞ്ചുറി നേടി. മറ്റൊരു സെഞ്ചുറി നേടി കെ എല്‍ രാഹുല്‍ തിരിച്ചുവരവ് ആഘോഷമാക്കി. അതുകൊണ്ടുതന്നെ നാല്‍വര്‍ സംഘം തുടരും. പാകിസ്ഥാനെതിരെ മത്സരത്തിന് മുമ്പ് പരിക്കേറ്റ ശ്രേയസ് അയ്യരെ വേഗത്തില്‍ ടീമില്‍ ഉള്‍പ്പെടുത്തിയേക്കില്ല. ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ ഇഷാന്‍ കിഷന്‍ പുറത്താവും. പാകിസ്ഥാനെതിരെ ആദ്യ മത്സരത്തില്‍ കിഷന്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു. പിന്നീട് ബാറ്റിംഗ് അവസരം ലഭിച്ചിരുന്നില്ല. ഓള്‍റൗണ്ട് മികവ് തുടരുന്ന ഹാര്‍ദിക് പാണ്ഡ്യ പിന്നീടെത്തും. രവീന്ദ്ര ജഡേജയും സ്ഥാനം നിലനിര്‍ത്തും. 

ബൗളര്‍മാരുടെ സാധ്യതയുള്ള ഒരേയൊരു മാറ്റം മുഹമ്മദ് സിറാജിന്റെ കാര്യത്തിലാണ്. വിക്കറ്റ് വീഴ്ത്താന്‍ കഷ്ടപ്പെടുന്ന സിറാജിന് പകരം മുഹമ്മദ് ഷമി കളിച്ചേക്കും. ഓള്‍റൗണ്ട് മികവുള്ള ഷാര്‍ദുല്‍ താക്കൂറിനെ ടീമില്‍ നിലനിര്‍ത്തും. കൂട്ടിന് ജസ്പ്രിത് ബുമ്രയും. അഞ്ച് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവും തുടരും. 

ഇന്ത്യ സാധ്യത ഇവലന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ / ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ് / മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര.
 

PREV
click me!

Recommended Stories

'അഭിഷേക് ശര്‍മയെ പൂട്ടാനാവും'; ആത്മവിശ്വാസം പ്രകടിപ്പിച്ച് എയ്ഡന്‍ മാര്‍ക്രം
വിജയ് മര്‍ച്ചന്റ് ട്രോഫി:യില്‍ മണിപ്പൂരിനെതിരെ തകര്‍പ്പന്‍ ഇന്നിങ്‌സ് വിജയവുമായി കേരളം