ഇന്ത്യക്ക് ലങ്കന്‍ പരീക്ഷ, 'ദ്രാവിഡ് കളരി"ക്ക് ആദ്യ പരീക്ഷണം; സഞ്ജു കളിക്കുമോ? റെക്കോ‍ർഡുകളിൽ കണ്ണുവച്ച് ധവാൻ

By Web TeamFirst Published Jul 18, 2021, 1:51 AM IST
Highlights

ഇന്ത്യയുടെ നായകനായി ആദ്യമായി കളത്തിലെത്തുന്ന ഓപ്പണര്‍ ശിഖര്‍ ധവാനാകട്ടെ ഒരുപിടി റെക്കോര്‍ഡുകളിലേക്ക് കൂടിയാകും ബാറ്റ് വീശുക

കൊളംബോ: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയ്‌ക്ക് ഇന്ന് തുടക്കമാകും. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ഉച്ച കഴിഞ്ഞ് മൂന്ന് മണി മുതലാണ് ആദ്യ ഏകദിനം. ശിഖർ ധവാന്‍റെ നേതൃത്വത്തിൽ യുവനിരയാണ് ഇന്ത്യക്കായി ഇറങ്ങുക. വിരാട് കോലിയുടെ നേതൃത്വത്തിലുള്ള സീനിയര്‍ ടീം ഇംഗ്ലണ്ട് പര്യടനത്തിലായതിനാലാണ് ഇന്ത്യ യുവനിരയെ ലങ്കയിലേക്ക് അയച്ചിരിക്കുന്നത്. രവി ശാസ്‌ത്രിക്ക് പകരം രാഹുല്‍ ദ്രാവിഡാണ് ടീം ഇന്ത്യയുടെ പരിശീലകന്‍. അതുകൊണ്ടുതന്നെ 'ദ്രാവിഡ് കളരി'ക്ക് ഇത് ആദ്യ പരീക്ഷണം കൂടിയാണ്.

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലനില്‍ ഇടംപിടിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഇഷാന്‍ കിഷനാണ് ടീമിലുള്ള മറ്റൊരു വിക്കറ്റ് കീപ്പര്‍. മത്സര പരിചയത്തിന് പരിഗണന നല്‍കിയാല്‍ സഞ്ജുവിന് അവസരമൊരുങ്ങും.

ഇന്ത്യയുടെ നായകനായി ആദ്യമായി കളത്തിലെത്തുന്ന ഓപ്പണര്‍ ശിഖര്‍ ധവാനാകട്ടെ ഒരുപിടി റെക്കോര്‍ഡുകളിലേക്ക് കൂടിയാകും ബാറ്റ് വീശുക. ഇന്ത്യയുടെ പ്രായം കൂടിയ ഏകദിന നായകനായി അരങ്ങേറുന്ന 35കാരനായ ധവാന്‍ 23 റണ്‍സ് കൂടി നേടിയാല്‍ 6000 ഏകദിന റണ്‍സെന്ന നേട്ടം സ്വന്തമാവും. ഈ നേട്ടം കൈവരിക്കുന്ന പത്താമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാനെന്ന നേട്ടവും ഇതോടെ ധവാന് സ്വന്തമാവും. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(18,426), വിരാട് കോലി(12,169), സൗരവ് ഗാംഗുലി(11,363), രാഹുല്‍ ദ്രാവിഡ് (10,889),എം എസ് ധോണി(10,773), മുഹമ്മദ് അസറുദ്ദീന്‍ (9,378), രോഹിത് ശര്‍മ (9,205),യുവരാജ് സിംഗ്(8,701), വീരേന്ദര്‍ സെവാഗ്(8,273) എന്നിവരാണ് ധവാന് മുമ്പ് 6000 ക്ലബ്ബില്‍ ഇടം നേടിയിട്ടുള്ള ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍.

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കുശേഷം ഏറ്റവും കുറവ് മത്സരങ്ങളില്‍ ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യന്‍ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡും ധവാന് സ്വന്തമാവും. 147 ഇന്നിംഗ്സുകളില്‍ 6000 റണ്‍സ് പിന്നിട്ടുള്ള മുന്‍ നായകന്‍ സൗരവ് ഗാംഗുലിയാണ് ഇപ്പോള്‍ കോലിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത്. 139 ഇന്നിംഗ്സില്‍ 45.28 ശരാശരിയില്‍ 5977 റണ്‍സാണ് നിലവില്‍ ധവാന്‍റെ സമ്പാദ്യം. 136 ഇന്നിംഗ്സിലാണ് വിരാട് കോലി 6000 റണ്‍സ് പിന്നിട്ടത്. 17 റണ്‍സ് കൂടി നേടിയാല്‍ ശ്രീലങ്കക്കെതിരെ ഏകദിനത്തില്‍ 1000 റണ്‍സെന്ന നേട്ടവും ധവാന് സ്വന്തമാക്കാം. ഈ നേട്ടം കൈവരിക്കുന്ന പന്ത്രണ്ടാമത്തെ ഇന്ത്യന്‍ താരമാവും ധവാന്‍.

ആദ്യ ഏകദിനത്തിന് മുന്നോടിയായി ശ്രീലങ്ക 24 അംഗ ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ കുശാൽ പെരേരയും ഫാസ്റ്റ് ബൗളർ ബിനുര ഫെർണാണ്ടോയും ടീമിലില്ല. ദാസുൻ ഷനകയാണ് ലങ്കയെ നയിക്കുക. ധനഞ്ജയ ഡിസില്‍വ ഉപനായകനാവും. ലാഹിരു ഉഡാര, ഷിരണ്‍ ഫെര്‍ണാണ്ടോ, ഇഷാന്‍ ജയരത്‌നെ എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. പരമ്പരയിൽ മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണുള്ളത്.

ശ്രീലങ്കന്‍ സ്‌ക്വാഡ്: ദസുന്‍ ഷനക (ക്യാപ്റ്റന്‍), ധനഞ്ജയ ഡിസില്‍വ, അവിഷ്‌ക ഫെര്‍ണാണ്ടോ, ഭാനുക രാജപക്‌സ, പതും നിസങ്ക, ചരിത് അസലങ്ക, വാനിഡു ഹസരങ്ക, അഷന്‍ ഭണ്ഡാര, മിനോദ് ഭാനുക, ലാഹിരു ഉഡാര, രമേഷ് മെന്‍ഡിസ്, ചാമിക കരുണാരത്‌നെ, ബിനുര ഫെര്‍ണാണ്ടോ, ദുഷ്മന്ത ചമീര, ലക്ഷന്‍ സന്ധാകന്‍, അകില ധനഞ്ജയ, ഷിരണ്‍ ഫെര്‍ണാഡോ, ധനഞ്ജയ ലക്ഷന്‍, ഇഷാന്‍ ജയരത്‌നെ, പ്രവീണ്‍ ജയവിക്രമ, അസിത ഫെര്‍ണാണ്ടോ, കശുന്‍ രജിത, ലാഹിരു കുമാര, ഇസുരു ഉഡാന.

ഇന്ത്യന്‍ സ്‌ക്വാഡ്: ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍(ഉപനായകന്‍), പൃഥ്വി ഷാ, ദേവ്‌ദത്ത് പടിക്കല്‍, റിതുരാജ് ഗെയ്‌ക്‌വാദ്, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, ഹര്‍ദിക് പാണ്ഡ്യ, നിതീഷ് റാണ, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), യുസ്‌വേന്ദ്ര ചാഹല്‍, രാഹുല്‍ ചഹാര്‍, കൃഷ്‌ണപ്പ ഗൗതം, ക്രുനാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ദീപക് ചഹാര്‍, നവ്‌ദീപ് സെയ്‌നി, ചേതന്‍ സക്കറിയ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!