ശ്രേയസ് അയ്യരും ഋഷഭ് പന്തും തിളങ്ങി; ഇന്ത്യക്കെതിരെ വിന്‍ഡീസിന് 289 റണ്‍സ് വിജയലക്ഷ്യം

By Web TeamFirst Published Dec 15, 2019, 5:50 PM IST
Highlights

88 പന്തില്‍ 70 റണ്‍സെടുത്ത ശ്രേയസ് അയ്യരെയും 69 പന്തില്‍ 71 റണ്‍സെടുത്ത ഋഷഭ് പന്തിനെയും നിര്‍ണായക സമയത്ത് നഷ്ടമായെങ്കിലും കേദാര്‍ ജാദവും(35 പന്തില്‍ 40) രവീന്ദ്ര ജഡേജയും(21) ചേര്‍ന്ന് ഇന്ത്യയെ 250 കടത്തി.

ചെന്നൈ: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് 289 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട്  ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശ്രേയസ് അയ്യരുടെയും ഋഷഭ് പന്തിന്റെയും അര്‍ധസെഞ്ചുറികളുടെ മികവിലാണ് മികച്ച സ്കോര്‍ കുറിച്ചത്.

തുടക്കത്തിലെ ലോകേഷ് രാഹുലിനെയും(6), ക്യാപ്റ്റന്‍ വിരാട് കോലിയെയും(4) നഷ്ടമായ ഇന്ത്യയെ രോഹിത് ശര്‍മയും(36) ശ്രേയസ് അയ്യരും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്. വമ്പന്‍ സ്കോറിനുള്ള അടിത്തറയിട്ട രോഹിത്തിനെ അല്‍സാരി ജോസഫ് പൊള്ളാര്‍ഡിന്റെ കൈകളിലെത്തിച്ചതോടെ ഇന്ത്യ ബാറ്റിംഗ് തകര്‍ച്ച മുന്നില്‍ കണ്ടെങ്കിലും ശ്രേയസ് അയ്യരും ഋഷഭ് പന്തും ചേര്‍ന്നാ നാലാം വിക്കറ്റില്‍ 114 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യക്ക് മികച്ച സ്കോറിനുള്ള അടിത്തറയിട്ടു.

88 പന്തില്‍ 70 റണ്‍സെടുത്ത ശ്രേയസ് അയ്യരെയും 69 പന്തില്‍ 71 റണ്‍സെടുത്ത ഋഷഭ് പന്തിനെയും നിര്‍ണായക സമയത്ത് നഷ്ടമായെങ്കിലും കേദാര്‍ ജാദവും(35 പന്തില്‍ 40) രവീന്ദ്ര ജഡേജയും(21) ചേര്‍ന്ന് ഇന്ത്യയെ 250 കടത്തി. അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ വാലറ്റത്തിന് കഴിയാഞ്ഞതോടെ ഇന്ത്യ 300 കടന്നില്ല. വിന്‍ഡീസിനായി ഷെല്‍ഡണ്‍ കോട്രെലും കീമോ പോളും അല്‍സാരി ജോസഫും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

click me!