'സ്‌ക്വാഡിലുണ്ടെങ്കില്‍ കളിപ്പിച്ചിരിക്കണം'; രോഹിത്തിനെ തഴയുന്നതിനെതിരെ മുന്‍ നായകന്‍റെ രൂക്ഷ വിമര്‍ശനം

By Web TeamFirst Published Aug 26, 2019, 12:22 PM IST
Highlights

ലോകകപ്പില്‍ മിന്നും ഫോമിലായിരുന്ന രോഹിത്തിനെ ആദ്യ ടെസ്റ്റില്‍ ടീം ഇന്ത്യ പുറത്തിരുത്തിയതിനെതിരെ മുന്‍ താരം

ഹൈദരാബാദ്: വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ടീം ഇന്ത്യ കൂറ്റന്‍ ജയം നേടിയെങ്കിലും പ്ലെയിംഗ് ഇലവനെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ സജീവമാണ്. പരിമിത ഓവര്‍ ക്രിക്കറ്റിലെ സ്റ്റാര്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയ്‌ക്കും സ്‌പിന്നര്‍ ആര്‍ അശ്വിനും ഇലവനില്‍ ഇടംനല്‍കാത്തതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ടെസ്റ്റില്‍ മധ്യനിര ബാറ്റ്സ്‌മാനായ രോഹിത്തിന് പകരം ഹനുമ വിഹാരിയാണ് ആറാം നമ്പറിലെത്തിയത്.

ലോകകപ്പില്‍ മിന്നും ഫോമിലായിരുന്ന താരത്തെയാണ് ടീം ഇന്ത്യ പുറത്തിരുത്തിയത്. രോഹിതിനെ ഇലവനില്‍ ഉള്‍പ്പെടുത്താത്തിനെ ഇന്ത്യന്‍ മുന്‍ നായകന്‍ മുഹമ്മദ് അസ‌‌റുദീന്‍ വിമര്‍ശിച്ചു. 'രോഹിത് സ്‌ക്വാഡിലുണ്ടെങ്കില്‍ പ്ലെയിംഗ് ഇലവനില്‍ കളിപ്പിച്ചിരിക്കണം. രോഹിതിന്‍റെ റെക്കോര്‍ഡ് മോശമല്ല എന്നാണ് തന്‍റെ വിശ്വാസം. രോഹിത് മികച്ച താരമാണ്, ഏകദിനത്തിലും മികവ് തെളിയിച്ചിട്ടുണ്ട്. അതിനാല്‍ ടെസ്റ്റില്‍ രോഹിത് ഏറെക്കാലം സ്ഥാനമര്‍ഹിക്കുന്നതായും' അസ്‌റുദീന്‍ പറഞ്ഞു. 

ആന്‍റിഗ്വ ടെസ്റ്റില്‍ ആര്‍ അശ്വിനെ ഉള്‍പ്പെടുത്താത്തത് ചോദ്യംചെയ്ത് മറ്റൊരു മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍ രംഗത്തെത്തിയിരുന്നു. വിന്‍ഡീസിനെതിരെ മികച്ച റെക്കോര്‍ഡുള്ള താരം പ്ലെയിംഗ് ഇലവനില്‍ ഇടംപിടിക്കാത്തത് തന്നെ ആശ്ചര്യപ്പെടുത്തുന്നതും ഞെട്ടിക്കുന്നതുമാണെന്നായിരുന്നു മത്സരത്തിന്‍റെ കമന്‍ററിക്കിടെ ഗാവസ്‌കറുടെ അഭിപ്രായം. അശ്വിനെ മറികടന്ന് രവീന്ദ്ര ജഡേജക്കാണ് ടീം ഇന്ത്യ ആന്‍റിഗ്വയില്‍ അവസരം നല്‍കിയത്.

click me!