വിന്‍ഡീസിനെ കറക്കി വീഴ്ത്തി; ചരിത്രനേട്ടം സ്വന്തമാക്കി കുല്‍ദീപ് യാദവ്

By Web TeamFirst Published Dec 18, 2019, 8:54 PM IST
Highlights

ഈ വര്‍ഷം ലോകകപ്പില്‍ മുഹമ്മദ് ഷമി അഫ്ഗാനിസ്ഥാനെതിരെ ഹാട്രിക്ക് നേടി. വിന്‍ഡീസിനെതിരെ കുല്‍ദീപ് ഹാട്രിക്ക് നേടിയതോടെ ഒരുവര്‍ഷം രണ്ട് ബൗളര്‍മാര്‍ ഇന്ത്യക്കായി ഹാട്രിക്ക് നേടിയെന്ന അപൂര്‍വതയും സംഭവിച്ചു.

വിശാഖപ്പട്ടണം: വെസ്റ്റ് ഇന്‍ഡീസിനെ കറക്കി വീഴ്ത്തി കുല്‍ദീപ് യാദവ്. 33-ാം ഓവറില്‍ ഹാട്രിക്ക് നേട്ടം സ്വന്തമാക്കിയ കുല്‍ദീപ് രാജ്യാന്തര ക്രിക്കറ്റില്‍ രണ്ട് ഹാട്രിക്ക് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ബൗളറായി. 32-ാം ഓവറിലെ നാലാം പന്തില്‍ ഷായ് ഹോപ്പിനെ ബൗണ്ടറിയില്‍ വിരാട് കോലിയുടെ കൈകകളില്‍ എത്തിച്ചാണ് കുല്‍ദീപ് വിക്കറ്റ് വേട്ട തുടങ്ങിയത്.

കുല്‍ദീപിന്റെ തൊട്ടടുത്ത പന്തില്‍ ജേസണ്‍ ഹോള്‍ഡറെ ഋഷഭ് പന്ത് മിന്നല്‍ സ്റ്റംപിംഗിലൂടെ പുറത്താക്കി. അവസാന പന്തില്‍ അല്‍സാരി ജോസഫിനെ കേദാര്‍ ജാദവിന്റെ കൈകളില്‍ എത്തിച്ചാണ് കുല്‍ദീപ് ഹാട്രിക്ക് നേട്ടം സ്വന്തമാക്കിയത്. ഏകദിന ക്രിക്കറ്റില്‍ കുല്‍ദീപിന്റെ രണ്ടാം ഹാട്രിക്കാണിത്. 2017ല്‍ കൊല്‍ക്കത്തയില്‍ ഓസ്ട്രേലിയക്കെതിരെ ആയിരുന്നു കുല്‍ദീപിന്റെ ആദ്യ ഹാട്രിക്ക്.

1987ല്‍ ചേതന്‍ ശര്‍മയാണ് ഇന്ത്യക്കായി ഏകദിനത്തില്‍ ആദ്യമായി ഹാട്രിക്ക് നേടിയത്. 1991ല്‍ കപില്‍ ദേവ് ശ്രീലങ്കക്കെതിരെ ഹാട്രിക്ക് സ്വന്തമാക്കി. പിന്നീട് ഏകദിനത്തില്‍ ഇന്ത്യക്കായി ഹാട്രിക്ക് പിറന്നത് 16 വര്‍ഷങ്ങള്‍ക്കുശേഷം കുല്‍ദീപിലൂടെയായിരുന്നു. 2017ല്‍ ഓസ്ട്രേലിയക്കെതിരെ.

ഈ വര്‍ഷം ലോകകപ്പില്‍ മുഹമ്മദ് ഷമി അഫ്ഗാനിസ്ഥാനെതിരെ ഹാട്രിക്ക് നേടി. വിന്‍ഡീസിനെതിരെ കുല്‍ദീപ് ഹാട്രിക്ക് നേടിയതോടെ ഒരുവര്‍ഷം രണ്ട് ബൗളര്‍മാര്‍ ഇന്ത്യക്കായി ഹാട്രിക്ക് നേടിയെന്ന അപൂര്‍വതയും സംഭവിച്ചു.

രാജ്യാന്തര ക്രിക്കറ്റില്‍ ഒന്നില്‍ കൂടുതല്‍ ഹാട്രിക്ക് നേടുന്ന ആറാമത്തെ ബൗളറാണ് കുല്‍ദീപ്. ലസിത് മലിംഗ(3), വാസിം അക്രം(2), സക്‌ലിയന്‍ മുഷ്താഖ്(2), ചാമിന്ദ വാസ്(2), ട്രെന്റ് ബോള്‍ട്ട്(2) എന്നിവരാണ് കുല്‍ദീപിന് പുറമെ രാജ്യാന്തര ക്രിക്കറ്റില്‍ ഒന്നില്‍ കൂടുതല്‍ ഹാട്രിക്ക് നേടിയവര്‍.

click me!