ഹെറ്റ്മെയര്‍ വെടിക്കെട്ട്; ഇന്ത്യയെ വീഴ്ത്തി വിന്‍ഡീസ്

By Web TeamFirst Published Dec 15, 2019, 9:55 PM IST
Highlights

അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ ആംബ്രിസിനെ ചാഹര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ വന്യത ഇന്ത്യ തിരിച്ചറിഞ്ഞിരുന്നില്ല. ആറാം ഓവറില്‍ ഷമിയെ ബൗണ്ടറിയടിച്ചു തുടങ്ങിയ ഹെറ്റ്മെയര്‍ അടി നിര്‍ത്തിയത് 39-ാം ഓവറില്‍.

ചെന്നൈ: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് എട്ട് വിക്കറ്റ് വിജയം. ഇന്ത്യ ഉയര്‍ത്തിയ 289 റണ്‍സിന്റെ വിജയലക്ഷ്യം ഷിമ്രോണ്‍ ഹെറ്റ്മെയറുടെയും ഷായ് ഹോപ്പിന്റെയും സെഞ്ചുറികളുടെ കരുത്തില്‍ 47.5 ഓവറില്‍  രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിന്‍ഡീസ് മറികടന്നു. വിജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ വിന്‍ഡീസ് 1-0ന് മുന്നിലെത്തി. പരമ്പര സ്വന്തമാക്കാന്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിക്കണമെന്ന സമ്മര്‍ദ്ദം ഇന്ത്യക്ക് മുകളിലായി. സ്കോര്‍ ഇന്ത്യ 50 ഓവറില്‍ 288/9, വെസ്റ്റ് ഇന്‍ഡീസ് 47.5 ഓവറില്‍ 291/2. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ഒരു ടീം പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണിത്.

ഹെറ്റ്മെയര്‍ കൊടുങ്കാറ്റ്

അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ ആംബ്രിസിനെ ചാഹര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ വന്യത ഇന്ത്യ തിരിച്ചറിഞ്ഞിരുന്നില്ല. ആറാം ഓവറില്‍ ഷമിയെ ബൗണ്ടറിയടിച്ചു തുടങ്ങിയ ഹെറ്റ്മെയര്‍ അടി നിര്‍ത്തിയത് 39-ാം ഓവറില്‍. ഇതിനടെ 106 പന്തില്‍ ഏഴ് സിക്സറും 11 ബൗണ്ടറിയും സഹിതം അടിച്ചെടുത്തത് 139 റണ്‍സ്. ഇന്ത്യയെ ഒറ്റക്ക് അടിച്ചു പറത്തിയ ഹെറ്റ്മെയറുടെ മികിവിലാണ് വിന്‍ഡീസ് ആദ്യ മത്സരം പോക്കറ്റിലാക്കിയത്. സ്പിന്നര്‍മാരെയും പേസര്‍മാരെയും ഒരുപോലെ അടിച്ചുപറത്തിയ ഹെറ്റ്മെയര്‍ സെഞ്ചുറി പിന്നിടുന്നതുവരെ ഫീല്‍ഡര്‍മാര്‍ക്ക് അവസരമൊന്നും നല്‍കിയില്ല. ഇന്നിംഗ്സിന്റെ തുടക്കത്തില്‍ ഹെറ്റ്മെയറെ റണ്ണൗട്ടാക്കാന്‍ ലഭിച്ച അവസരം കോലിയുടെ വൈഡ് ത്രോയില്‍ ഋഷഭ് പന്ത് പാഴാക്കി. 106ല്‍ നില്‍ക്കെ ഹെറ്റ്മെയര്‍ നല്‍കിയ ക്യാച്ച് ലോംഗ് ഓണ്‍ ബൗണ്ടറിയില്‍ ശ്രേയസ് അയ്യരും നിലത്തിട്ടു.

വിന്‍ഡീസിന്റെ പ്രതീക്ഷ കാത്ത് ഹോപ്പ്

ഹെറ്റ്മെയര്‍ ഒരുവശത്ത് അടിച്ചുതകര്‍ത്തപ്പോള്‍ മറുവശത്ത് അനാവശ്യ തിടുക്കമോ ആവേശമോ പുറത്തെടുക്കാതെ ശാന്തനായി ബാറ്റ് വീശിയ ഷായ് ഹോപ്പ് വിന്‍ഡീസിന്റെ ജയം അനായാസമാക്കി. ഹെറ്റ്മെയര്‍ കൊടുങ്കാറ്റടങ്ങിയശേഷം വിന്‍ഡീസിനെ പിടിക്കാമെന്ന ഇന്ത്യന്‍ പ്രതീക്ഷകള്‍ ഹോപ്പ് ബൗണ്ടറി കടത്തി.151 പന്തില്‍ 102 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഹോപ്പ് രണ്ടാം വിക്കറ്റില്‍ ഹെറ്റ്മെയര്‍ക്കൊപ്പം 218 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയെ മത്സരത്തില്‍ നിന്ന് പുറത്താക്കി.

അടിവാങ്ങിയ അഞ്ചാം ബൗളര്‍

രണ്ട് സ്പിന്നര്‍മാരും രണ്ട് പേസര്‍മാരുമായി ഇറങ്ങിയ ഇന്ത്യക്ക് അഞ്ചാം ബൗളറുണ്ടായിരുന്നില്ല. കേദാര്‍ ജാദവിന്റെ പാര്‍ട്ട ടൈം സ്പിന്നിലും അരങ്ങേറ്റക്കാരന്‍ ശിവം ദുബെയും മീഡിയം പേസിലുമായിരുന്നു ഇന്ത്യന്‍ പ്രതീക്ഷ. എന്നാല്‍ ഇരുവരും ചേര്‍ന്ന് 8.5 ഓവറില്‍ വഴങ്ങിയത് 79 റണ്‍സ്, വിക്കറ്റൊന്നും വീഴ്ത്താനുമായില്ല. സ്പിന്നിനെ തുണക്കുമെന്ന് കരുതിയ ചെന്നൈയിലെ പിച്ചില്‍ 10 ഓവര്‍ എറിഞ്ഞ ജഡേജ 58 റണ്‍സ് വഴങ്ങി. 10 ഓവറില്‍ 45 റണ്‍സെ വഴങ്ങിയുള്ളുവെങ്കിലും കുല്‍ദീപിനും ജഡേജക്കും വിക്കറ്റൊന്നും നേടാനുമായില്ല.

പ്രതീക്ഷക്കൊത്ത് ഉയര്‍ന്ന് യുവ ഇന്ത്യ

നേരത്തെ ടോസ് നഷ്ടപ്പെട്ട്  ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശ്രേയസ് അയ്യരുടെയും ഋഷഭ് പന്തിന്റെയും അര്‍ധസെഞ്ചുറികളുടെ മികവിലാണ് മികച്ച സ്കോര്‍ കുറിച്ചത്. തുടക്കത്തിലെ ലോകേഷ് രാഹുലിനെയും(6), ക്യാപ്റ്റന്‍ വിരാട് കോലിയെയും(4) നഷ്ടമായ ഇന്ത്യയെ രോഹിത് ശര്‍മയും(36) ശ്രേയസ് അയ്യരും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്. വമ്പന്‍ സ്കോറിനുള്ള അടിത്തറയിട്ട രോഹിത്തിനെ അല്‍സാരി ജോസഫ് പൊള്ളാര്‍ഡിന്റെ കൈകളിലെത്തിച്ചതോടെ ഇന്ത്യ ബാറ്റിംഗ് തകര്‍ച്ച മുന്നില്‍ കണ്ടെങ്കിലും ശ്രേയസ് അയ്യരും ഋഷഭ് പന്തും ചേര്‍ന്നാ നാലാം വിക്കറ്റില്‍ 114 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യക്ക് മികച്ച സ്കോറിനുള്ള അടിത്തറയിട്ടു.

88 പന്തില്‍ 70 റണ്‍സെടുത്ത ശ്രേയസ് അയ്യരെയും 69 പന്തില്‍ 71 റണ്‍സെടുത്ത ഋഷഭ് പന്തിനെയും നിര്‍ണായക സമയത്ത് നഷ്ടമായെങ്കിലും കേദാര്‍ ജാദവും(35 പന്തില്‍ 40) രവീന്ദ്ര ജഡേജയും(21) ചേര്‍ന്ന് ഇന്ത്യയെ 250 കടത്തി. അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ വാലറ്റത്തിന് കഴിയാഞ്ഞതോടെ ഇന്ത്യ 300 കടന്നില്ല. വിന്‍ഡീസിനായി ഷെല്‍ഡണ്‍ കോട്രെലും കീമോ പോളും അല്‍സാരി ജോസഫും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

click me!