അഭിഷേകിന് സെഞ്ചുറി, ബിഷ്‌ണോയിക്കും നിതീഷിനും മൂന്ന് വിക്കറ്റ് വീതം; അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര തൂത്തുവാരി ഇന്ത്യ

Published : Sep 17, 2026, 10:49 PM IST
India vs Afghanistan

Synopsis

ദില്ലിയിൽ നടന്ന മൂന്നാം ടി20 മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് 127 റൺസിന്റെ കൂറ്റൻ ജയം. അഭിഷേക് ശർമയുടെ സെഞ്ചുറിയുടെയും സഞ്ജു സാംസണിന്റെ അർധ സെഞ്ചുറിയുടെയും മികവിൽ ഇന്ത്യ 221 റൺസ് നേടി.

ദില്ലി: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരി. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം മത്സരത്തില്‍ 127 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ അഭിഷേക് ശര്‍മയുടെ (34 പന്തില്‍ 104) സെഞ്ചുറി കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സാണ് നേടിയത്. സഞ്ജു സാംസണ്‍ (35 പന്തില്‍ 50) അര്‍ധ സെഞ്ചുറി നേടി. മറുപടി ബാറ്റിംഗില്‍ അഫ്ഗാനിസ്ഥാന്‍ 14.1 ഓവറില്‍ 94 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. 25 റണ്‍സ് നേടിയ ഇബ്രാഹിം സദ്രാനാണ് ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി നിതീഷ് കുമാര്‍ റെഡ്ഡി, രവി ബിഷ്‌ണോയ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. അക്‌സര്‍ പട്ടേലിന് രണ്ട് വിക്കറ്റുണ്ട്.

ക്യാപ്റ്റന്‍ സദ്രാന് പുറമെ റഹ്മാനുള്ള ഗുര്‍ബാസ് (15), അസ്മതുള്ള ഒമര്‍സായ് (17), നൂര്‍ ഉല്‍ റഹ്മാന്‍ (11) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. സിദിഖുള്ള അടല്‍ (1), ഡാര്‍വിഷ് റസൂലി (0), മുഹമ്മദ് നബി (8), റാഷിദ് ഖാന്‍ (6), മുജീബ് ഉര്‍ റഹ്മാന്‍ (0), അബ്ദുള്ള അഹമ്മദ്‌സായ് (6) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഫസല്‍ഹഖ് ഫാറൂഖി (0) പുറത്താവാതെ നിന്നു.

നേരത്തെ അഭിഷേകിനും സഞ്ജുവിനും പുറമെ മറ്റാര്‍ക്കും വലിയ പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. ഒരു ഘട്ടത്തില്‍ 300ന് അപ്പുറം കടക്കുമെന്ന് കരുതിയ സ്‌കോറാണ് 221ല്‍ ഒതുങ്ങിയത്. ഒന്നാം വിക്കറ്റില്‍ സഞ്ജു-അഭിഷേക് സഖ്യം 142 റണ്‍സ് ചേര്‍ത്തിരുന്നു. പത്താം ഓവറിന്റെ അവസാന പന്തിലാണ് അഭിഷേക് പുറത്താവുന്നത്. പിന്നീടുള്ള 61 പന്തില്‍ 79 റണ്‍സ് മാത്രമാണ് ഇന്ത്യക്ക് നേടാന്‍ കഴിഞ്ഞത്. 11 സിക്‌സും 9 ഫോറും ഉള്‍പ്പെടുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിംഗ്‌സ്. സഞ്ജു നാല് സിക്‌സും രണ്ട് ഫോറും നേടി.

പിന്നീട് വന്നവരില്‍ ശ്രേയസ് അയ്യര്‍ (20 പന്തില്‍ 29) മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. തിലക് വര്‍മ (2), ശിവം ദുബെ (14), ഇഷാന്‍ കിഷന്‍ (10), നിതീഷ് കുമാര്‍ റെഡ്ഡി (1) എന്നിവര്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞില്ല. അക്‌സര്‍ പട്ടേല്‍ (5), രവി ബിഷ്‌ണോയി (0) എന്നിവര്‍ പുറത്താവാതെ നിന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അഭിഷേക് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ച്വറി: മാഞ്ചസ്റ്റര്‍ സിറ്റി താരം എര്‍ലിങ് ഹാലന്‍ഡിന്റെ ശൈലിയില്‍ ആഘോഷം
രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് തകര്‍ത്തു; അഭിഷേക് ശര്‍മയ്ക്ക് അതിവേഗ സെഞ്ചുറി